അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

ഉദ്ധതന്മാരായ ദുര്യോധനാദികളെ തേർത്തടത്തിൽ പിടിച്ചു കെട്ടി ചിത്രസേനൻ യാത്രപുറപ്പെടുന്നു. നൂറുപേർ ഗത്യന്തരമില്ലാതെ പാണ്ഡവന്മാരെത്തന്നെ വിളിച്ചു മുറയിടുവാൻ തുടങ്ങി. ആ കുടിലബുദ്ധികളുടെ ദുർമ്മദം ശമിപ്പിക്കാൻ ഇതിലധികം എന്തുവേണം? സ്വബന്ധുക്കളായ കൗരവന്മാർക്കു പറ്റിയ ആപത്തറിഞ്ഞു ധർമ്മപുത്രർ അവരെ രക്ഷിക്കണമെന്നു ഭീമനോടു ഗുണദോഷിക്കുന്നു. തൽസന്ദർഭത്തിൽ ഭീമസേനൻ,

“താനൊന്നിനു കല്പിക്കയുമില്ലിഹ
താനേവന്നതുമൊക്കെ മുടക്കും
ജ്ഞാനികളാകിന നിങ്ങടെമദ്ധ്യേ
ഞാനിക്കുനെയൊരു മൂഢൻ തീർന്നു.
ജ്യേഷ്ഠാനുമനുജന്മാരും കൂടി
കാട്ടിലിരുന്നു തപം ചെയ്താലും
ശാന്തന്മാരൊടു കൂടിയിരിപ്പാൻ
താന്തോന്നിക്കിഹ തരമില്ലിപ്പോൾ
തടിയൻ ഭീമൻ ഞാനിനി നിങ്ങടെ
ഇടയിലിരുന്നു തരങ്ങൾ കെടാതെ
വാശ്ശൊരുദിക്കിനു പോകേയുള്ളൂ.”

എന്നു പറഞ്ഞൊഴിയാൻ ഭാവിക്കുന്നു. പ്രസ്തുത മറുപടിയിൽ അന്തർഭവിച്ചിരിക്കുന്ന ഫലിതരസം അനുഭവവേദ്യംമത്രെ. ധർമ്മപുത്രരുടെ സർവ്വകാര്യങ്ങളിലുമുള്ള ശാന്ത സ്വഭാവംമൂലം വന്നുകൂടിയിട്ടുള്ള വിഷമാവസ്ഥകളേയും, വൈരനിര്യാതനത്തിനു താനേ ലഭിക്കുന്ന സന്ദർഭങ്ങളെ തട്ടിക്കളയുന്നതുകൊണ്ടു ഭീമസേനനു നേരിടുന്ന അസ്വസ്ഥതയേയും എത്രകണ്ടു ഫലിതമയമായി ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നു! ‘ജ്ഞാനികളാകിന നിങ്ങടെ മദ്ധ്യേ’ എന്നു ഭീമസേനൻ പറയുന്നതു കേൾക്കുമ്പോൾതന്നെ ഏത് രസികനും മന്ദസ്മിതം തൂകാതിരിക്കയില്ല.