തുള്ളലുകളിലെ ഫലിതം
“മലയുടെ മുകളിൽ ചെന്നു കിടന്നാർ
ചിലരന്നേരം പ്രാണഭയത്താൽ
വലിയൊരു പുലി വന്നടിയും കൂട്ടി-
ത്തലയും കൊണ്ടു തിരിച്ചാനപ്പോൾ;
കലയും മാനും വരുമൊരുമാർഗ്ഗേ
വലയും കെട്ടിക്കാട്ടാളന്മാർ
മലയിലൊളിച്ചിഹ പാർക്കുന്നേരം
വലയിൽച്ചെന്നു വലഞ്ഞാനൊരുവൻ;
വലയിളകുന്നതു കണ്ടൊരുവേടൻ
കലയെന്നോർത്തൊരു ബാണമയച്ചാൻ;
തലയിൽക്കൊണ്ടു തറച്ചതുകൊണ്ടാ-
മലയൻ വന്നിഹ നോക്കും നേരം
കലയല്ലിവനിഹ വലിയൊരു തടിയൻ
മലയാളത്തിലെ മാനുഷനൊരുവൻ
വലയിന്നിങ്ങു വലിച്ചു പതുക്കെ-
ത്തലയിന്നമ്പു പറിച്ചാൻ വേടൻ;
പേടിത്തൊണ്ടൻ മറെറാരു മാനുഷ-
നോടിപ്പോംവഴിയറിയാറാക്കി
കാടു തകർത്തൊരു വാരിക്കുഴിയിൽ
ചാടിയൊളിച്ചു കിടന്നാനപ്പോൾ;
ഉള്ളത്തിൽ ഭയമേറുകമൂലം
വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു;
വള്ളിക്കെട്ടുകൾതോറും ചെന്നതി-
നുള്ളിൽ പുക്കിതു പലജനമപ്പോൾ;
