അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

ഹാസ്യരസനിഷ്യന്ദികളായ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ, സംഭവങ്ങൾ, സ്വാഭിപ്രായ പ്രകടനങ്ങൾ എന്നീ വിവിധ മാർഗ്ഗങ്ങളിൽ കൂടിയത്രേ നമ്പ്യാർ ഈ കൃത്യം മിക്കവാറും നിർവ്വഹിച്ചുപോരുന്നത്. ദുർമ്മദനായ ദുര്യോധനൻ,

“കാട്ടിലിരിക്കും പാർത്ഥന്മാർക്കിഹ
കാട്ടിടേണം നമ്മുടെ വിഭവം”

എന്നുറച്ചു ‘ഘോഷയാത്ര’ പുറപ്പെടുന്നു. സ്വപ്രാഭവം കാണിക്കുകമാത്രമല്ല,

“കണ്ണൻവാഴ കണക്കുതടിച്ചൊരു
പൊണ്ണൻമാരുതി മലയുടെ മൂട്ടിൽ
കണ്ണുമയങ്ങി വിശന്നു തളന്നൊരു
മണ്ണിൽ മലർന്നു കിടന്നുഴലുന്നതു
കണ്ണുകൾകൊണ്ടതു കണ്ടുരസിപ്പാൻ.”

ഉള്ള കൗതുകം കൂടി ദുര്യോധനാദികൾക്ക് ആ യാത്രയിൽ ഉണ്ടായിരുന്നു. സാഘോഷം ദ്വൈതവനത്തിലെത്തിയ അവർ പാണ്ഡവന്മാരെ മൂലച്ഛേദം ചെയ്യണമെന്നുദ്ദേശിച്ചു് അവിടെയുള്ള പൊയ്‌കയിൽ നഞ്ചുകലക്കി. തൽസന്ദർഭത്തിൽ യദൃച്‌ഛയാ അവിടെ വന്നണഞ്ഞ ചിത്രസേനൻ എന്ന ഗന്ധർവ്വരാജാവുമായി അവർക്കു എതിരിടേണ്ടിവന്നു. സമരത്തിൽ ദുര്യോധനാദികൾ തീരെ പരാജയമടഞ്ഞു. ദുര്യോധനഭടന്മാർ ആയുധം പോയെങ്കിൽ പോകട്ടെ ‘കായം കിട്ടുകിലതുബഹുലാഭം’ എന്നു നിനച്ചു ഭയപ്പെട്ടോടുകയും ചെയ്തു. ഈ ഘട്ടത്തിൽ ആ ഭടന്മാരുടെ രണഭീതിയെ, നമ്പ്യാർ, വിഷലിപ്തങ്ങളായ വാക്ശരങ്ങൾകൊണ്ടാണു് പരിഹസിക്കാൻ തുടങ്ങുന്നതു്.