ജീവചരിത്രപ്രസ്ഥാനം
മഹാകവി ഉള്ളൂർ: ഹരിശർമ്മയും എം. ഒ. ജോസഫും ചേർന്നു രചിച്ചിട്ടുള്ള ഒരു ജീവചരിത്ര ഗ്രന്ഥമാണു് മഹാകവി ഉള്ളൂർ. പ്രസ്തുത കൃതി മഹാകവി ജീവിച്ചിരുന്ന കാലത്തുതന്നെ എഴുതുവാൻ സാധിച്ചതുകൊണ്ടു് ഗ്രന്ഥകർത്താക്കൾക്കു പല കാര്യങ്ങളും അന്വേഷിച്ചറിയുന്നതിനു വളരെയധികം ക്ലേശങ്ങൾ സഹിക്കേണ്ടിവന്നിട്ടില്ലെന്നു തോന്നുന്നു.
ഹരിശർമ്മയുടെ ജീവചരിത്രങ്ങളെത്തുടർന്നു നമ്മുടെ ശ്രദ്ധയിൽ പെടുന്നതു് പി. കെ. പരമേശ്വരൻനായർ എഴുതിയിട്ടുള്ള ജീവചരിത്രങ്ങളാണു്. മലയാളത്തിലെ ജീവചരിത്രങ്ങളെപ്പറ്റി സ്മരിക്കുമ്പോൾ പി. കെ. പരമേശ്വരൻനായരുടെ നാമധേയം സ്വാഭാവികമായിത്തന്നെ ഒരു കേരളീയനിൽ വന്നുചേരുന്നു. സാഹിത്യപഞ്ചാനനൻ, സി. വി. രാമൻ പിള്ള എന്നീ കൃതികളാണു് പരമേശ്വരൻനായർ എഴുതിയിട്ടുള്ളതു്. പ്രസ്തുത ജീവചരിത്രങ്ങൾ വഴിക്കാണു പരമേശ്വരൻനായർ കേരളീയർക്ക് സുപരിചിതനായിത്തീർന്നിട്ടുള്ളതും. ശർമ്മയെപ്പോലെതന്നെ കഥാനായകന്മാരെ സംബന്ധിച്ച സൂക്ഷ്മവിവരങ്ങൾ ശേഖരിക്കുന്നതിൽ നായരും വളരെയധികം പ്രയത്നിക്കാറുണ്ടു്. അവയിൽ വിവേചനം ചെയ്തു തള്ളേണ്ടവയെ തള്ളുകയും, കൊള്ളേണ്ടവയെ കൊള്ളുകയും ചെയ്യുന്നതിൽ നായർ സമർത്ഥനാണു്. വിശാലമായ ഒരു വീക്ഷണഗതി ഈ ഗ്രന്ഥകാരൻ്റെ പല ആശയങ്ങളിലും സാർവ്വത്രികമായി കാണാമെന്നുള്ളതു് ഒരു പ്രത്യേകതയുമാണു്.
സാഹിത്യപഞ്ചാനനൻ: പരമേശ്വരൻനായർ ആദ്യമെഴുതിയ ജീവചരിത്രമാണിത്. മഹാപണ്ഡിതനും, വിനോദ രസികനുമായിരുന്ന പി. കെ. നാരായണപിള്ളയുടെ ജീവിതത്തേയും പ്രതിഭാവിലാസത്തേയും കുറിച്ചു വിശദമായി ഇതിൽ വിവരിച്ചിരിക്കുന്നു. പി. കെ. പല നിലകളിൽ – അഭിഭാഷകൻ, നിയമസഭാ സാമാജികൻ, ന്യായാധിപതി എന്നിങ്ങനെയുള്ള ഉന്നത പടികളിൽ – ജീവിതവൃത്തി അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഒരു സാഹിത്യകാരൻ എന്ന നിലയ്ക്കാണു് അദ്ദേഹത്തിൻ്റെ കീർത്തി അനശ്വരമായിത്തീർന്നിട്ടുള്ളത്. കഥാനായകൻ്റെ വ്യക്തിമുദ്ര അദ്ദേഹത്തിൻ്റെ ഏതു കൃതിയിലും സംഭാഷണത്തിലും നിന്നും ഗ്രഹിക്കാവുന്നതാണു്. ആവക അംശങ്ങളെല്ലാം – സാഹിത്യവിമർശം, ഗദ്യശൈലി, പാണ്ഡിത്യം, ഫലിതപരിഹാസങ്ങൾ, കവിത, വാഗ്മിത്വം, സംഭാഷണചാതുര്യം എന്നിങ്ങനെ അദ്ദേഹത്തിൻ്റെ സാഹിത്യപഞ്ചാനനത്വത്തെ പരിപോഷിപ്പിച്ചിട്ടുള്ള ഘടകങ്ങൾ ഓരോന്നും – വിസ്തരിച്ചു വിശദമാക്കുവാൻ ഗ്രന്ഥകാരൻ ഏറെ യത്നിച്ചിട്ടുണ്ട്. പി. കെ. തന്നെയെഴുതിയ ‘സ്മരണമണ്ഡലം’ തർജ്ജീവിത വിവരണത്തിനു ഗ്രന്ഥകർത്താവിനു വളരെ സഹായകമായിത്തീർന്നിട്ടുമുണ്ട്. കഥാനായകനെ പൂവിട്ടു തൊഴുന്ന ഒരാളാണു് ഗ്രന്ഥകർത്താവെങ്കിലും അന്ധനായ ഒരാരാധകനായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നില്ലെന്നുള്ളതു പലേടത്തും സ്പഷ്ടമാണു്. കെ. രാമകൃഷ്ണപിള്ളയുടെ യോഗ്യതയെ പി. കെ. താഴ്ത്തിപ്പറയുന്നതിനെ ഗ്രന്ഥകാരൻ വിമർശിക്കുകയും, സ്വാഭിപ്രായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതു നോക്കുക: “കഥാനായകൻ്റെ ജീവിത പരിപാടികൾ, നാനാമുഖമായ പ്രവൃത്തി മണ്ഡലം, സാഹിത്യകൃതികൾ മുതലായവയിൽ ഏറിയ കാലമായി ജനിച്ചിരുന്ന താല്പര്യവും. അല്പാല്പമായി നടത്തിവന്ന ഗവേഷണങ്ങളും, സാമാന്യം ഗാഢമായി നിർവ്വഹിച്ചു കഴിഞ്ഞ പഠനവും” എല്ലാം ഒത്തു ചേർന്നതിൻ്റെ ഫലമായി പി. കെ.യുടെ ഒരു ഒന്നാന്തരം ജീവചരിത്രം നിർമ്മിക്കുവാൻ ഗ്രന്ഥകാരനു സാധിച്ചു. പി. കെ. യെപ്പോലുള്ള ഒരു സാഹിത്യമഹാരഥനെ അധികരിച്ചുള്ള വിശദീകരണം എത്രതന്നെ അധികമായാലും ആക്ഷേപാർഹമല്ല. എന്നിരുന്നാലും ഇതിലെ ചില അപ്രധാനകാര്യങ്ങളുടെ ഊതിവീർപ്പിക്കൽ കുറയ്ക്കാമായിരുന്നു.
