ജീവചരിത്രപ്രസ്ഥാനം
രണ്ടു സാഹിത്യനായകന്മാർ: നമ്മുടെ ശ്രദ്ധയിൽപ്പെടുന്ന മറ്റൊരു കൃതിയാണു് രണ്ടു സാഹിത്യനായകന്മാർ. സാഹിത്യചക്രവർത്തിയായിരുന്ന കേരളവർമ്മയേയും, അവിടത്തെ പ്രിയഭാഗിനേയനും ശിഷ്യാഗ്രഗണ്യനുമായ ഏ. ആർ. രാജരാജവർമ്മയേയുമാണു് രണ്ടു സാഹിത്യനായകന്മാർ എന്ന ശീർഷകംകൊണ്ടു് നിർദ്ദേശിച്ചിട്ടുള്ളതു്. അഥവാ ബാലകൃഷ്ണവാര്യരുടേയും അനന്തൻപിള്ളയുടേയും കഥാനായകന്മാരായ അമ്മാവനും മരുമകനുമാണു് രണ്ടു സാഹിത്യനായകന്മാരിലെയും കഥാനായകന്മാർ. അമ്മാവൻ്റേയും മരുമകൻ്റേയും ജീവിതവും സാഹിത്യ പരിശ്രമങ്ങളും പരസ്പരം അഭേദ്യമായി നിലകൊള്ളുന്ന ഒന്നാകയാൽ ആ രണ്ടു സാഹിത്യനായകന്മാരുടേയും ജീവചരിത്രം ഒന്നിച്ചു പഠിച്ചാൽ മാത്രമേ ഓരോരുത്തരേയും പറ്റി അറിയേണ്ടതറിയുവാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു ഗുണം പ്രസ്തുത കൃതികൊണ്ടു സിദ്ധിക്കുന്നുണ്ടു്.
മുൻഗ്രന്ഥകാരന്മാർ പ്രതിപാദിച്ചിട്ടുള്ള പല കാര്യങ്ങളും കുറേക്കൂടി നിഷ്കൃഷ്ടമായും നിഷ്പക്ഷമായും ഇതിൽ ഉള്ളടക്കുവാൻ ഗ്രന്ഥകാരനായ ഏ. ഡി. ഹരിശർമ്മ ശ്രമിച്ചിട്ടുണ്ടു്. കെ. സി. കേശവപിള്ള, കണ്ടത്തിൽ വറുഗീസ്മാപ്പിള, ഹരിശർമ്മ എഴുതിയിട്ടുള്ള മറ്റു രണ്ടു ജീവചരിത്രങ്ങളാണ് കെ. സി. കേശവപിള്ളയും, കണ്ടത്തിൽ വറുഗീസ് മാപ്പിളയും. കഴിയുന്നത്ര സൂക്ഷ്മവിവരങ്ങൾ ശേഖരിച്ചശേഷമത്രേ മി. ശർമ്മ പ്രസ്തുത ജീവചരിത്രങ്ങൾ എഴുതിയിട്ടുള്ളതു്. കഥാനായകന്മാരുടെ കൃതികൾ, ഡയറികൾ, സ്നേഹിതന്മാരുടെ കത്തുകൾ, അതാതുകാലത്തെ പത്രറിപ്പോർട്ടുകൾ, സമകാലീനന്മാരുടേയും പരിചയക്കാരുടേയും എതിരാളികളുടേയും വിമർശനങ്ങൾ എന്നുവേണ്ട, ആ വ്യക്തികളുടെ ജീവിതത്തേയും സ്വഭാവത്തേയും സ്പർശിക്കുന്ന വിവിധ സംഗതികൾ തേടിപ്പിടിച്ച് ത്യാജ്യഗ്രാഹ്യവിവേചനം ചെയ്തു ക്രമപ്പെടുത്തി നിഷ്പക്ഷബുദ്ധിയോടുകൂടി പ്രതിപാദിക്കുവാൻ ഓരോന്നിലും ഗ്രന്ഥകാരൻ നല്ലപോലെ മനസ്സിരുത്തിയിട്ടുണ്ട്. ജീവചരിത്ര സാമഗ്രികളെ അന്വേഷണം ചെയ്തു ശേഖരിക്കുക. അവയെ വിശകലനം ചെയ്തു സത്യത്തിൻ്റെ വെളിച്ചത്തുനിന്നുകൊണ്ടു കൂട്ടിയിണക്കുക എന്നു തുടങ്ങിയ കാര്യങ്ങൾ ആർക്കും അത്ര എളുപ്പത്തിൽ സാധിക്കുന്നവയല്ലല്ലോ. അസാമാന്യമായ ക്ഷമയും പരിശ്രമവും ആശാഭംഗത്തെ അവഗണിക്കുന്ന സ്വഭാവവും ചില സ്ഥിരനിശ്ചയങ്ങളും ഉള്ളവർക്കു മാത്രമേ ജീവചരിത്ര രചനയിൽ വിജയം കൈവരിക്കാൻ സാധിക്കയുള്ളു. സാഹിത്യകാരന്മാരുടെ ജീവചരിത്ര രചനയിൽ ശ്രീ ഹരിശർമ്മയ്ക്കു ലഭ്യമായിട്ടുള്ള അഭ്യസൂയാഹമായ വിജയത്തിൻ്റെ രഹസ്യം മേല്പറഞ്ഞവയിൽനിന്നു സ്പഷ്ടമാണ്. കേശവപിള്ളയും കണ്ടത്തിൽ വറുഗീസുമാപ്പിളയും അതിന് മകുടോദാഹരണങ്ങളുമാകുന്നു. വിശേഷിച്ചും ‘കണ്ടത്തിൽ വറുഗീസു മാപ്പിള’ മലയാള സാഹിത്യത്തിലെ ഗവേഷണപരമായ ജീവചരിത്ര കൃതികളിൽ അതിമുഖ്യമായിത്തന്നെ ഗണിക്കാം. മലയാള ഭാഷയുടെ ഇന്നത്തെ അഭിവൃദ്ധികൾക്കെല്ലാം മാർഗ്ഗദർശിയും സാഹിത്യ ചക്രവർത്തിയുമായിരുന്ന കേരളവർമ്മയുടെ വലങ്കയ്യുമായിരുന്ന ആ സാഹിത്യനായകൻ്റെ ജീവചരിത്രം അന്യഥാ അലഭ്യങ്ങളും നഷ്ടപ്രായങ്ങളുമായിരുന്ന അനവധി രേഖകളുടേയും പ്രസ്താവനകളുടേയും സഹായത്തോടുകൂടി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥത്തെ അദ്ധ്യായങ്ങളായി വേർതിരിക്കാതെ ഖണ്ഡികാശീർഷകങ്ങളിൽ വിഷയാംശങ്ങളെ വേർതിരിച്ചു കൊണ്ടാണു പ്രതിപാദനം. ശരൽക്കാലത്തെ നിർമ്മല നദീപ്രവാഹം പോലെയുള്ള പ്രസന്നരീതി ഗ്രന്ഥകർത്താവിൻ്റെ കൃതികളുടെയെല്ലാം ഒരു വിശേഷഗുണമാണു്. അതു് പ്രസ്തുത കൃതിയിൽ കൂടുതൽ വിലസുകയും ചെയ്യുന്നു.
