ജീവചരിത്രപ്രസ്ഥാനം
കേരളപാണിനി : സാഹിത്യലോകത്തിലെ ഒരവതാരപുരുഷനെന്നു ഗണിക്കപ്പെടത്തക്കവണ്ണം പ്രതിഭാപ്രഭാവത്തോടുകൂടിയ ഒരു മഹാനായിരുന്നു, കേരളപാണിനി എന്ന പേരിൽ സുവിദിതനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണു് പി. അനന്തൻപിള്ള എം. എ. എഴുതിയിട്ടുള്ള ‘കേരളപാണിനി’, എട്ടദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ രാജരാജവർമ്മ കോയിത്തമ്പുരാൻ്റെ ജീവിതത്തേയും ബഹുമുഖങ്ങളായ യത്നങ്ങളേയും വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. കേരളപാണിനിയുടെ ശിഷ്യപ്രമുഖനായ പ്രസ്തുത ഗ്രന്ഥകാരനു് ഗുരുവിൻ്റെ നേർക്കുള്ള ഭക്തിയുടെ ശക്തിയാൽ വസ്തുതകളെ നിഷ്പക്ഷമായി വീക്ഷിക്കുവാൻ ചിലേടത്തു സാധിച്ചിട്ടില്ലെന്നുള്ളതു പ്രസ്തുത കൃതിയുടെ ന്യൂനതയായി കല്പിക്കേണ്ടിയിരിക്കുന്നു. അതിസ്തുതി പലപ്പോഴും സത്യത്തെ മറച്ചുകളയുകയാണല്ലോ പതിവു്. കഥാനായകനേക്കാൾ ഗ്രന്ഥകാരനെസ്സംബന്ധിച്ച സംഗതികളാണു് ഇതിൽ കൂടുതൽ പ്രതിപാദിക്കുന്നതെന്നുള്ളതും ഒരു ന്യൂനതയായി പറയേണ്ടിവരുന്നു. മറ്റംശങ്ങളിൽ കേരളപാണിനി നമ്മുടെ ജീവചരിത്ര സാഹിത്യത്തിൽ വരേണ്യമായ ഒരു സ്ഥാനം അർഹിക്കുന്നുണ്ടു്. മിൽട്ടൺ മഹാകവിയുടെ ജീവചരിത്രവും അനന്തൻപിള്ള എഴുതിയിട്ടുണ്ട്.
കേരളവർമ്മദേവൻ: എം. ആർ. ബാലകൃഷ്ണവാര്യർ എഴുതിയിട്ടുള്ള പ്രസ്താവഹമായ മറ്റൊരു ജീവചരിത്രമാണു്. ആധുനിക മലയാള ഗദ്യത്തിൻ്റെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി വളരെയധികം പ്രവർത്തിച്ചിട്ടുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ജീവിതത്തേയും നാനാവിധമായ സാഹിത്യ സമുദ്യമങ്ങളേയും സാഹിത്യ പ്രോത്സാഹനങ്ങളേയുംപ്പറ്റി വളരെ വിസ്തരിച്ച് ഇതിൽ പ്രസ്താവിച്ചിരിക്കുന്നു. ദേവപൂജ ചിലേടത്തു് അന്ധമായിത്തീരുകയാൽ യാഥാർത്ഥ്യങ്ങൾക്കു പ്രകാശം സിദ്ധിക്കാതെപോയിട്ടുണ്ടു്. ഉദ്ധാരണങ്ങളുടെ ബാഹുല്യം വായനക്കാരുടെ ജിജ്ഞാസയെ പലയിടത്തും തടയുകയും ചെയ്തിട്ടുണ്ടു്. എങ്കിലും ഗ്രന്ഥകാരൻ്റെ ഗവേഷണപരമായ പരിശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും അധികമാകുന്നതല്ല.
