ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

കേരളഭാഷാപ്രണയികൾ: ‘സാഹിത്യപ്രണയികൾ.’ ഇംഗ്ലീഷി Men of Letters Series എന്ന ജീവചരിത്ര പരമ്പരയെ അനുകരിച്ച് മലയാളത്തിൽ കലാകാരന്മാരുടെ ഒരു ചരിത്രപരമ്പര സ. കേ. സാഹിത്യ പരിഷത്തിൽ നിന്നും പുറപ്പെടുവിക്കണമെന്നുള്ള ഒരു പ്രമേയം 1104-ൽ കോട്ടയ്ക്കൽവച്ചു കൂടിയ പരിഷത്തിൻ്റെ മൂന്നാമതു സമ്മേളനത്തിൽ പാസ്സാക്കിയിരുന്നു. പ്രസ്തുത പ്രമേയത്തിൻ്റെ വെളിച്ചത്തിൽ, “കേരളത്തിലെ കേളികേട്ട സാഹിത്യകാരന്മാരിൽ പലരേയും തൻ്റെ വ്യൂഹത്തിൽ ചേർത്തു പ്രോത്സാഹിപ്പിച്ചുകൊണ്ടു്, അവരിൽനിന്നു അനേകം ഗ്രന്ഥങ്ങൾ നേടിക്കൊടുത്തിരുന്ന” ഭാഷാപ്രണയിയായ തോമസ് പോൾ, മേൽക്കാണിച്ചിട്ടുള്ള ശീർഷകങ്ങളിൽ പല സാഹിത്യകാരന്മാരുടേയും ഭാഷാഭിമാനികളുടേയും ജീവചരിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മലയാളത്തിലെ സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളുടെ തുടക്കവും അതുമുതല്ക്കാണെന്നു തോന്നുന്നു.

കേരളഭാഷാപ്രണയികൾ എന്ന പരമ്പരയിൽ എട്ടു ജീവചരിത്രങ്ങളാണു് തോമസ് പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. കുമാരനാശാൻ, വി. സി. ബാലകൃഷ്ണപ്പണിക്കർ എന്നിവരെക്കുറിച്ചു് കുന്നത്തു ജനാർദ്ദനമേനവനും, വേങ്ങയിൽ കുഞ്ഞുരാമനായനാർ, ചന്തുമേനോൻ എന്നിവരെപ്പറ്റി മുർക്കോത്തു കുമാരനും, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, പന്തളം കേരളവർമ്മതമ്പുരാൻ എന്നിവരെ അധികരിച്ചു് എ.ഡി.ഹരി ശർമ്മയും, കുഞ്ഞിക്കുട്ടൻതമ്പുരാനെപ്പറ്റി കോയിപ്പിള്ളി പരമേശ്വരക്കുറുപ്പും, ഉണ്ണായിവാര്യരെ വിഷയമാക്കി ടി.കെ.രാമൻമേനവനുമാണു് ജീവചരിത്രങ്ങൾ എഴുതിയിട്ടുള്ളതെന്ന വസ്തുതയും ഇവിടെ പ്രസ്താവ്യമാണു്. ‘സാഹിത്യപ്രണയികൾ’ എന്നൊരു ജീവചരിത്ര പരമ്പരയും തോമസ് പോൾപ്രസിദ്ധപ്പെടുത്തുകയുണ്ടായി. കൈക്കുളങ്ങരെ രാമവാര്യർ, ഗുണ്ടർട്ട്, കെ.സി. കേശവപിള്ള, നടുവത്തു നമ്പൂതിരി, ചാത്തുക്കുട്ടി മന്നാടിയാർ മുതലായവരാണു് അതിലെ രചനയ്ക്കു വിഷയമായിരുന്നവർ. കേരള ഭാഷാ പ്രണയികൾ തുടങ്ങിയ ഗ്രന്ഥപരമ്പരയിലെ ജീവചരിത്രങ്ങൾക്കുള്ള ഒരു പ്രധാന ന്യൂനത, വ്യക്തികളുടെ ജീവിതപ്രകാശനത്തേക്കാൾ അവരുടെ കൃതികളുടെ നിരൂപണത്തിനാണു് ഗ്രന്ഥകർത്താക്കൾ കൂടുതൽ യത്നിച്ചിട്ടുള്ളതെന്നതാണു്. കൃതികൾ ആർക്കും കിട്ടുമെന്നിരിക്കേ അവയെപ്പറ്റി അറിയുവാനല്ല, അവയെഴുതിയ വ്യക്തികൾ എങ്ങനെയെല്ലാമാണു ജീവിച്ചിരുന്നതു് എന്നറിയുവാനായിരിക്കും വായനക്കാർ കൂടുതൽ ആഗ്രഹിക്കുക.