ജീവചരിത്രപ്രസ്ഥാനം
ചിത്രമെഴുത്തു കോയിത്തമ്പുരാൻ: നമ്മുടെ ജീവചരിത്രങ്ങളെ കലാപരം, സാമുദായികം, രാഷ്ട്രീയം, മതപരം എന്നിങ്ങനെ ചില വിഭാഗങ്ങളായി തരംതിരിക്കാമെന്നു തോന്നുന്നു. കലാകാരന്മാരുടെ ജീവചരിത്രങ്ങളാണു’ അവയിൽ അധികവും. ചിത്രമെഴുത്തു കോയിത്തമ്പുരാൻ ഒരു ജീവചരിത്രം ഒരുവിധം പുർണ്ണമായി വിസ്തരിച്ചു മാവേലിക്കര മുൻസിഫ് കോടതിവക്കീൽ പി. എൻ. നാരായണപിള്ള 1088-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുമ്പുതന്നെ കോയിത്തമ്പുരാൻ്റെ ജീവചരിത്രം ഇംഗ്ലീഷിലും മലയാളത്തിലും പുറപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് ഗ്രന്ഥത്തിൻ്റെ അവതാരികാകാരനായ എം. ഉദയവർമ്മത്തമ്പുരാൻ പറഞ്ഞുകാണുന്നു. എന്നാൽ പ്രസ്തുത കൃതി ഏതെന്നു വ്യക്തമാകുന്നില്ല. ഏതായാലും നമ്മുടെ കലാകാരന്മാരുടെ ജീവചരിത്രങ്ങളിൽ ആദ്യത്തേതു ചിത്രമെഴുത്തു കോയിത്തമ്പുരാൻ്റെതുതന്നെ ആയിരിക്കാം. എന്നാൽ പ്രാചീന കവികളെപ്പറ്റി നിരൂപണം ചെയ്യുമ്പോൾ അവയുടെ കർത്താക്കളെപ്പറ്റി തൽഗ്രന്ഥങ്ങളുടെ പ്രാരംഭത്തിൽ പരാമർശിച്ചിട്ടുള്ളത് ഈയവസരത്തിൽ വിസ്മരിക്കുന്നില്ല. എന്നാൽ അവ പ്രത്യേക ജീവചരിത്രങ്ങളല്ലല്ലോ.
കൈക്കുളങ്ങര രാമവാരിയർ: ചിത്രമെഴുത്തു കോയിത്തമ്പുരാനെപ്പറ്റി പ്രസ്താവിച്ചുകഴിഞ്ഞപ്പോൾ പെട്ടെന്നു മറ്റൊന്നു് ഓർമ്മയിൽ വന്നുചേർന്നു. 1088-ൽ തൃശ്ശിവപേരൂർ ഭാരതവിലാസം അച്ചുക്കൂടത്തിൽ നിന്നു പ്രസിദ്ധപ്പെടുത്തിയ ‘വിദ്വാൻ കൈക്കുളങ്ങരെ രാമവാരിയരവർകളുടെ ജീവചരിത്ര’മാണതു്, വളരെ ചെറുതെങ്കിലും വിദ്വജ്ജനവരേണ്യനായിരുന്ന ആ മഹാപുരുഷൻ്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതവൃത്തികളെ നിഷ്പഷ്ടമായിത്തന്നെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ടു്. രാമവാര്യരുമായി ഏറ്റവും അടുത്തു പരിചയപ്പെട്ടിരുന്ന ടി. സി. പരമേശ്വരൻ മൂസ്സതാണു് ജീവചരിത്ര നിർമ്മാതാവു്.
നമ്മുടെ ഗുരു: കേരളത്തിൽ അടുത്തകാലത്തുണ്ടായിട്ടുള്ള സംസ്കൃത പണ്ഡിതന്മാരിൽ അഗ്രേസരനായിരുന്നു പുന്നശ്ശേരി നീലകണ്ഠശർമ്മ. 1093 മിഥുനം 28-ാം തീയതി അദ്ദേഹത്തിൻ്റെ ഷഷ്ടിപൂർത്തി കൊണ്ടാടിയ അവസരത്തിൽ അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ എഴുതി പ്രസിദ്ധപ്പെ ടുത്തിയിട്ടുള്ളതാണു് ഈ ലഘുജീവചരിത്രം.
