ജീവചരിത്രപ്രസ്ഥാനം
മഹച്ചരിതസംഗ്രഹം: ആദ്യമുണ്ടായ ജീവചരിത്ര കൃതികൾ അധികവും തർജ്ജമകളാണെന്നു പറഞ്ഞുവല്ലോ. ‘മഹച്ചരിതസംഗ്രഹം’ എന്നപേരിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നൂറിൽപ്പരം ലോകമഹാന്മാരുടെ ലഘുജീവചരിത്രങ്ങളും അങ്ങനെയുള്ളവയാണു്. കൊല്ലവർഷം 1060-ാമാണ്ടിടയ്ക്കത്രെ അതിൻ്റെ പ്രസിദ്ധീകരണം. മഹച്ചരിതസംഗ്രഹത്തിൻ്റെ പുറപ്പാടിൽ, തിരുവിതാംകൂറിൽ 1055 മുതൽ 1060 വരെ നാടുവാണിരുന്ന വിശാഖംതിരുനാൾ മഹാരാജാവിനും വലിയൊരു പങ്കുണ്ടു്. അതിലെ ജീവചരിത്രങ്ങളിൽ കുറെയെല്ലാം ആ പണ്ഡിതരാജൻതന്നെയാണു് തർജ്ജമ ചെയ്തിട്ടുള്ളതു്.
കാറൽ മാർക്സ്: സ്ഥിതിസമത്വവാദത്തിൻ്റെ സ്ഥാപകനായ കാറൽമാർക്സ് 1883-ൽ മരിച്ചു. അദ്ദേഹത്തെപ്പറ്റി കേരളത്തിൽ ആദ്യം പുസ്തകം പ്രസിദ്ധപ്പെടുത്തിയതു സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ളയാണു്. കാറൽമാർക്സിനെപ്പറ്റിയും അദ്ദേഹത്തിൻ്റെ ധനതത്ത്വ ശാസ്ത്രത്തെപ്പറ്റിയുമാണു് അതിൽ പ്രതിപാദിക്കുന്നതു്.
മോഹൻദാസ് ഗാന്ധി: ഗാന്ധിജിയെപ്പറ്റി ആദ്യം ഒരു കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും രാമകൃഷ്ണപിള്ളയാണെന്നു തോന്നുന്നു. ബഞ്ചമിൻ ഫ്രാങ്കിളിനെപ്പറ്റിയുള്ള ഒരു ചരിത്രവും രാമകൃഷ്ണപിള്ള എഴുതിയിട്ടുള്ളതായി കാണുന്നു. 1085-നുശേഷമാണ് മേല്പറഞ്ഞ എല്ലാ ജീവചരിത്രങ്ങളുടേയും പുറപ്പാട്.
പുലിക്കോട്ട മാർ ദിവന്യാസ്യോസ്, മാർ ഗ്രിഗോരിയോസ് (പരുമല) എന്നീ മഹാന്മാരുടെ ജീവചരിത്രങ്ങൾ മലയാളത്തിലെ ഒരു പ്രസിദ്ധ തൂലികാവിദഗ്ദ്ധനായിരുന്ന എം. പി. വർക്കി എഴുതിയിട്ടുള്ളവയാണു്. മലയാള ഭാഷയിൽ ആദ്യഘട്ടത്തിലുണ്ടായ ജീവചരിത്രങ്ങൾ എന്ന ബഹുമതി മേല്പറഞ്ഞവ അർഹിക്കുന്നുണ്ട്.
