ജീവചരിത്രപ്രസ്ഥാനം
ഐൻസ്റ്റയിൻ: കാതറൈൻ പിയറി എന്ന ഗ്രന്ഥകർത്തി എഴുതിയിട്ടുള്ള ഒരു ജീവചരിത്രമാണ് ഐൻസ്റ്റയിൻ. ആധുനിക യുഗത്തിലെ ശാസ്ത്രജ്ഞാനത്തിൻ്റെ അതുല്യ നേതാവായിരുന്ന ഐൻസ്റ്റയിൻ്റെ വ്യക്തിജീവിതം, ശാസ്ത്ര സിദ്ധാന്തങ്ങൾ എന്നിവയിലേക്കു് ഒരു കടന്നു നോട്ടമാണു് ഇതിലുള്ളത്. മലയാളത്തിൽ പല ശാസ്ത്ര ഗ്രന്ഥങ്ങളും വിരചിച്ചിട്ടുള്ള പ്രഫ്സർ ഡോ. എസ്. പരമേശ്വരനത്രെ ഇതിൻ്റെ വിവിർത്തകൻ. ‘സി. വി. രാമൻ’ എന്ന ഒരു കൃതിയും പ്രഫസ്സർ പരമേശ്വരൻ ഇത്തരത്തിൽത്തന്നെ എഴുതിയിട്ടുണ്ടു്.
വാൾട്ടയർ: ഫ്രഞ്ചുവിപ്ലവത്തിൻ്റെ ജനയിതാവായി ലോകം അറിയപ്പെടുന്ന ഒരു വിപ്ലവകാരിയത്രെ ‘വാൾട്ടയർ.’ അദ്ദേഹത്തിൻ്റെ ജീവിതകഥകളും സാഹിത്യ സേവനങ്ങളും കെ. സുകുമാരൻനായർ ചിത്രീകരിക്കുകയാണ് ഈ കൃതിയിൽ ചെയ്തിട്ടുള്ളതു്.
ടിപ്പുസുൽത്താൻ : ടിപ്പുവിൻ്റെ യഥാർത്ഥനിലയെ അവഗണിച്ചും, അദ്ദേഹത്തേക്കാൾ നിസ്സാരന്മാരായവർക്കു വൻതോതിൽ സ്ഥാനം കല്പിച്ചുകൊടുത്തും ചരിത്രരചന ചെയ്യുന്ന സമ്പ്രദായത്തോടുള്ള എതിർപ്പിൽ നിന്നാണു പി. കെ. ബാലകൃഷ്ണൻ്റെ ‘ടിപ്പുസുൽത്താൻ” ജന്മമെടുത്തിട്ടുള്ളത്. ചരിത്രകാരൻ പറയുന്ന വാക്കുകൾതന്നെ കേൾക്കുക: “സമഗ്രമായ പശ്ചാത്തലത്തിൽ ടിപ്പുവിൻ്റെ ചരിത്രമെഴുതുമ്പോൾ ഈ ദേശീയ വിഗ്രഹങ്ങൾ പൊളിഞ്ഞുപോകും. സമഗ്രമായിട്ടല്ലാതെ ചരിത്രമെഴുതുവാനും കഴിയില്ല. അതിനാൽ ടിപ്പുവിനെക്കുറിച്ചുള്ള ചരിത്രം തന്നെ വേണ്ടെന്നു വെയ്ക്കുന്നു, ജ്ഞാനികൾ ചരിത്രരചനയിൽ വർഗ്ഗവിവേചനം മഹാരാഷ്ട്രന്മാരെയും മറ്റു ഹൈന്ദവനാട്ടുപ്രമാണി മാരെയും ചരിത്രവിരുദ്ധമായിപ്പോലും ദേശീയബോധ ചിഹ്നങ്ങളായി പ്രതിഷ്ഠിക്കണമെന്ന നമ്മുടെ സെക്യുലർ ദേശീയബോധത്തിനു വലിയ ശാഠ്യം കാണുന്നു. ദേശീയ പ്രതീകങ്ങളെ ദേശീയ വില്ലന്മാരാക്കുകയും, താനൊരിക്കലും ദേശീയ പ്രതീകമാവാതിരിക്കുകയും ചെയ്ത ഈ വിഷയത്തിൻ്റെ ദുർഘട സ്വഭാവമാണു്, ടിപ്പുവെക്കുറിച്ചെഴുതാൻ എനിക്ക് അമിതമായ പ്രേരണ നൽകിയതു്.”
ചരിത്ര രചനയ്ക്ക് ആവശ്യമായ അനേകം ആധികാരിക ഗ്രന്ഥങ്ങളുടെ പിന്തുണയോടുകൂടിയാണു് ബാലകൃഷ്ണൻ ഈ ജീവചരിത്രം നിർമ്മിച്ചിട്ടുള്ളതു്. ജീവചരിത്രത്തെ രണ്ടു ഭാഗങ്ങളായി തിരിച്ച് ആദ്യഭാഗം പതിനഞ്ചദ്ധ്യായങ്ങളിലും, രണ്ടാമത്തേതു് ആറദ്ധ്യായങ്ങളിലുമായി പ്രതിപാദിച്ചിരിക്കുന്നു. നമ്മുടെ ചരിത്ര ഗവേഷകന്മാരിൽ ഒരു പുനഃപരിശോധനയ്ക്കു വഴിതെളിക്കുന്ന ഒരു ഗ്രന്ഥമാണു് ബാലകൃഷ്ണൻ്റെ ടിപ്പു സുൽത്താൻ.
