ജീവചരിത്രപ്രസ്ഥാനം
അശോകൻ: അശോക ചക്രവർത്തിയുടെ 28 കൊല്ലത്തെ ഭരണകാലത്തുണ്ടായ ചരിത്ര സംഭവങ്ങളെപ്പറ്റി ഉമയനല്ലൂർ സമഗ്രമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഒരു നല്ല നോവൽ എന്നപോലെ ഈ ജീവചരിത്രത്തിലെ ഓരോ ഭാഗവും രസകരമായി വായിച്ചുപോകുവാൻ സാധിക്കും. സരസവും ഉജ്ജ്വലവുമാണു് ബാലകൃഷ്ണ പിള്ളയുടെ ഭാഷാശൈലി.
ഡാമിയൻ : ജീവചരിത്രശാഖയിൽ വേണ്ടത്ര കൃതികൾ ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ഏതാനും കേരളീയ കലാകാരന്മാരുടെ കൃതികളാണ് ഈ ശാഖയിൽ നമുക്കിന്നു കാര്യമായി ചൂണ്ടിക്കാണിക്കുവാനുള്ളതു. എന്നാൽ “ലോകമേ തറവാടു് തനിക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻകുടുംബക്കാർ” എന്ന ആദർശത്തെ മുൻനിറുത്തി ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കി’യ ചില മഹതീമഹാന്മാരുടെ ചരിത്രങ്ങളും നമുക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഏറെക്കാലമായി സാഹിതീസപര്യയിൽത്തന്നെ മുഴകി നിശ്ശബ്ദ സേവനമനുഷ്ഠിക്കുന്ന കെ. എ. പോൾ അത്തരത്തിലുള്ള അനേകം കൃതികൾ നിർമ്മിച്ച് നമ്മുടെ ജീവചരിത്രശാഖയെ സമ്പന്നമാക്കിവരികയാണു്. അവയിൽ ആദ്യത്തേതാണു് ഡാമിയൻ. ഡാമിയനെത്തുടർന്നു ഫ്രാൻസിസ് അസീസി, മാഡം ക്യൂറി, ലിങ്കൺ, ഹെൻട്രി ഫോർഡ്, മഹാനായ അലക്സാണ്ടർ തുടങ്ങി ഒട്ടേറെ ജീവചരിത്രകൃതികൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവികസിതമായ നമ്മുടെ ജീവചരിത്ര ശാഖയ്ക്കു പോളിൻ്റെ ഈ കൃതികൾ ഓരോന്നും മികച്ച സംഭാവനകൾ തന്നെ.
തോമസ് അൽവാ എഡിസൺ: നിസ്തന്ദ്രമായ പരിശ്രമത്തിൻ്റേയും ഗവേഷണത്തിൻ്റേയും ഫലമായി വിജ്ഞാനമണ്ഡലത്തിൽ മേല്ക്കുമേൽ ഉയർന്നുവന്ന ഒരു മഹാൻ്റെ ജീവചരിത്രമാണിതു്. ലോകത്തിനു് വെളിച്ചം പ്രദാനം ചെയ്യുവാൻ പണിപ്പെട്ട ആ സാഹസികൻ്റെ ജീവിതകഥ ഈ ശാസ്ത്രീയ യുഗത്തിൽ ഏവർക്കും പ്രചോദനമരുളുന്ന ഒന്നുതന്നെ. ആലുവ പി. വി. വേലായുധൻ എം. എ. നിർവ്വഹിച്ചിട്ടുള്ള ഈ ജീവചരിത്ര വിവർത്തനം, ഒരു നോവൽ എന്നപോലെ സരസമായി വായിച്ചു പഠിക്കുവാൻ പറ്റിയ ഒന്നാണു്. വേലായുധൻപിള്ളയുടെ ഭാഷാ ശൈലിയും ആകർഷകമായിട്ടുള്ള തുതന്നെ.
റാവുബഹദൂർ വി. കെ. മേനോൻ : ഒരു ഉദ്യോഗസ്ഥൻ, വ്യവസായി എന്നീ നിലകളിൽ സത്യസന്ധതയോടും കൃത്യബോധത്തോടും കൂടി സേവനമനുഷ്ഠിച്ചിരുന്ന ഉത്തര കേരളീയനായ ഒരു മഹാനാണു് വി. കെ. മേനോൻ, അദ്ദേഹത്തിൻ്റെ ജീവിതചര്യ പലർക്കും മാതൃകയായി തീരാവുന്നതുമാണു്. പ്രസ്തുത ചരിത്രം കഥാപുരുഷൻ്റെ പുത്രി, ചെങ്കുളത്തു പാറുക്കുട്ടിഅമ്മ എഴുതിയിട്ടുള്ളതാണു മേല്പറഞ്ഞ കൃതി.
ലോകോപകാരികൾ: അനേകം ഗദ്യകൃതികൾ എഴുതിയിട്ടുള്ള ഒരു പ്രശസ്ത സാഹിത്യകാരനാണു് ഉത്തര കേരളീയനായ എസ്. കെ. ബാലകൃഷ്ണൻ. ലോകോപകാരികൾ (5 ഭാഗങ്ങൾ) അദ്ദേഹത്തിൻ്റെ കൃതികളിൽ പ്രമുഖ സ്ഥാനമർഹിക്കുന്നു. വില്യം കെക്സ്റ്റർ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ തുടങ്ങിയ ഭുവനവിദിതരായ ശാസ്ത്രകാരന്മാരുടെ ലഘു ജീവചരിത്രങ്ങളുടെ സമാഹാരമാണു് ലോകോപകാരികൾ. ഓരോ ഭാഗവും. ലോകോപകാരികളായിരുന്ന ആ ശാസ്ത്രകാരന്മാരെ ലളിത ശൈലിയിൽ സാമാന്യ ജനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കുവാൻ ബാലകൃഷ്ണനു സാധിച്ചിട്ടുണ്ടു്. ബാലകൃഷ്ണൻ്റെ മറ്റൊരു കൃതിയാണു് ‘ഭാരതീയ ശാസ്ത്രജ്ഞന്മാർ.’ സി. വി. രാമൻ, ജെ. സി. ബോസ് തുടങ്ങിയ ആറു ഭാരതീയ ശാസ്ത്രകാരന്മാരുടെ ജീവിതകഥയാണു് അതിലെ ഉള്ളടക്കം. സുഭാഷ് ചന്ദ്രബോസ് തുടങ്ങി ജീവചരിത്രകൃതികൾ വേറെയും ചിലതു ബാലകൃഷ്ണൻ എഴുതിയിട്ടുണ്ടു്.
