ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്: ഫാദർ തോമസ് ഇഞ്ചയ്ക്കലോടി എഴുതിയിട്ടുള്ള ഒരു ജീവചരിത്രമാണിതു്. ഈ ഒന്നാം ഭാഗത്തിൽ 32 അദ്ധ്യായങ്ങളിലായി കുടുംബചരിത്രം മുതൽ കഥാപുരുഷൻ്റെ കത്തോലിക്ക പുനരൈക്യംവരെയുള്ള പ്രധാനാംശങ്ങളെല്ലാം പ്രതിപാദിച്ചിരിക്കുന്നു. അനന്തരഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിട്ടില്ല. നമ്മുടെ ജീവചരിത്രശാഖയ്ക്കു പൊതുവെയും, ക്രൈസ്തവർക്കു പ്രത്യേകിച്ചും പ്രയോജനപ്രദമായ ഒരു ചരിത്ര ഗ്രന്ഥമാണിതു്.

പി. എസ്. വാരിയർ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനും സാഹിത്യ പ്രോത്സാഹകനുമായിരുന്നു പി. എസ്. വാരിയർ. അദ്ദേഹത്തിൻ്റെ ജീവചരിത്രം നല്ലൊരു പണ്ഡിതനായ കിഴേടത്തു വാസുദേവൻനായർ എഴുതിയിട്ടുള്ളതാണു് ഈ ക‍ൃതി.

സരോജ നളിനി: 1887 മുതൽ 1925 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന അഭ്യസ്തവിദ്യയും ആദർശശാലിനിയുമായിരുന്നു ബംഗാളി വനിതയായ സരോജ നളിനി. ആ മഹതിയുടെ ഒരു ജീവചരിത്രം ജി. എസ്. ഡട്ട് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടു്. പ്രസ്തുത കൃതിയുടെ വിവർത്തനമാണിതു്. ടി. കെ. കൃഷ്ണമേനോൻ 1106-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ജീവചരിത്രം, ടി. സി. കല്യാണി അമ്മ, വി. കെ. അമ്മുക്കുട്ടി അമ്മ തുടങ്ങിയ ഏതാനും പേർചേർന്നു തർജ്ജമ ചെയ്തിട്ടുള്ള ഒന്നാണെന്നു കൂടി പറയേണ്ടതുണ്ടു്.

ഹ്യൂൻസാങ്: 1300 വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ പര്യടനം നടത്തിയ ഒരു ചീനസഞ്ചാരിയാണു് ഹ്യൂൻസാങ്. ബുദ്ധൻ ജനിച്ച കപിലവസ്തു, അദ്ദേഹത്തിനു ബോധോദയമുണ്ടായ ഗയാതീർത്ഥ, ആദ്യം ധർമ്മപ്രവചനം നടത്തിയ താരാനാഥ്, മറ്റു പുണ്യസങ്കേതങ്ങൾ എന്നിവ സന്ദർശിക്കുവാനായി ചൈനയിൽനിന്നു ഇന്ത്യയിലേക്കു പുറപ്പെട്ട ഒരു ബുദ്ധമത സന്യാസിയാണദ്ദേഹം. ആ വിജ്ഞാനപിപാസുവിൻ്റെ ജനനം, ബാല്യം, ഇന്ത്യയിലേക്കുള്ള പുറപ്പാട്ട്, 14 വർഷത്തെ ഇന്ത്യൻ പര്യടനം എന്നു തുടങ്ങി അന്ത്യകാലം വരെയുള്ള ചരിത്രം ഉമയനല്ലൂർ ബാലകൃഷ്ണപിള്ള ഭംഗിയായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു ജീവചരിത്രം എന്നപോലെതന്നെ ഒരു യാത്രാവിവരണവുമാണിതു്.