ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

തച്ചിൽ മാത്തുത്തരകൻ : 18-ാം നൂററാണ്ടിലെ തിരുവിതാംകൂർ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിച്ചിട്ടുള്ള ഒരു വണിഗ്വരനും, സമുദായ പ്രമാണിയുമായിരുന്നു മാത്തുത്തരകൻ. അദ്ദേഹത്തിൻ്റെ ജീവചരിത്രം പ്രസിദ്ധ സാഹിത്യകാരനായ എം. ഒ. ജോസഫ് നെടുംകുന്നം ഒട്ടുവളരെ രേഖകളുടെ അകമ്പടിയോടുകൂടി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 28 അദ്ധ്യായങ്ങളും അനേകം അനുബന്ധങ്ങളും 500-ൽ പരം പേജുകളുമുള്ള ഒരു ബൃഹൽഗ്രന്ഥമാണു് തച്ചിൽ മാത്തുത്തരകൻ. മൂന്നാമദ്ധ്യായം മുതൽക്കാണ് കഥാപുരുഷനെസ്സംബന്ധിച്ച ചരിത്രം ഇതിൽ ആരംഭിക്കുന്നതു്. അന്നത്തെ കേരളം എന്ന ഒന്നാമദ്ധ്യായത്തിൽ കേരള ചരിത്രവം, നസ്രാണിസമുദായം എന്ന രണ്ടാമദ്ധ്യായത്തിൽ കേരളീയ ക്രിസ്ത്യാനികളുടെ സഭാചരിത്രവും വിവരിക്കയോ നിരൂപണം ചെയ്കയോ ചെയ്തിരിക്കുന്നു. ആ രണ്ടദ്ധ്യായങ്ങൾ ഈ ഗ്രന്ഥത്തിൽനിന്നു നീക്കംചെയ്തലും കഥാപുരുഷൻ്റെ ജീവചരിത്രഭാഗത്തിനു യാതൊരു കോട്ടവും തട്ടുന്നതല്ല. ജീവിതത്തിൻ്റെ ആദ്യഘട്ടത്തിൽ അപഥസഞ്ചാരിയായി അനിയന്ത്രിതമായ ഒരു ജീവിതം നയിച്ചിരുന്ന കഥാപുരുഷൻ, നല്ലകാലത്തിനു കണ്ണീരും കൈയുമായി കഴിഞ്ഞിരുന്ന മാതാവിനു സ്വയം വിധേയനായി മാനസിക പരിവർത്തനം വന്നു കർമ്മകുശലനായി വളർന്നു” ഉത്തരോത്തരം പ്രശസ്തിയുടേയും സമ്പന്നതയുടേയും ഉച്ചകോടിയിൽ എത്തിച്ചേരുന്നതിൻ്റെ ചരിത്രം, ജോസഫ് ഈ ജീവചരിത്രത്തിൽ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായഭേദമുള്ള ചരിത്ര വസ്തുതകളോട് എതിരിടുമ്പോൾ സാധക ബാധകങ്ങളായ തെളിവുകൾ പ്രദർശിപ്പിച്ചു യുക്തിവിചാരം ചെയ്തു സ്വമതം സ്ഥാപിക്കുന്നതിൽ ജോസഫിൻ്റെ പേന പ്രദർശിപ്പിക്കുന്ന കരുത്തും ധീരതയും, വായനക്കാരുടെ അഭിനന്ദനമർഹിക്കുന്നതുതന്നെയാണു്.

ജോസഫിൻ്റെ മാത്തുത്തരകനെത്തുടന്നു്, എൻ. ബാലകൃഷ്ണൻ നായരുടെ ‘സ്വരാജ്യാഭിമാനി അഥവാ വേലുത്തമ്പി ദളവാ’ എന്ന കൃതി വായിക്കുവാനിടയായി. അപ്പോൾ ഓർക്കുകയായിരുന്നു, വേലുത്തമ്പിയും മാത്തുത്തരകനുമൊക്കെ നമ്മുടെ പഴയ ചരിത്രകഥകളിൽ നിന്ന് എത്രത്തോളം മാറിമറഞ്ഞിരിക്കുന്നുവെന്ന്. അല്ലെങ്കിലെന്തിനു് ‘കളിയല്ലമ്മേ, തൃക്കൺകളികളിലുലകം കിടന്നു മറിയുന്നൂ” എന്നു കവി പാടിയിട്ടുള്ളതുപോലെ, ഓരോ ചരിത്രവും അതതു ചരിത്രകാരന്മാരുടെ വീക്ഷണഗതിക്കനുരൂപമായി കീഴ്മേൽ മാറിമറിഞ്ഞുകൊണ്ടിരിക്കയല്ലേ ചെയ്യുന്നത്! ഈ ഭാഗം ഇവിടെ നില്ക്കട്ടെ. ഈ കൃതിയിൽ മാത്തുത്തരകൻ്റെ ‘മഹത്തായ സേവനത്തെ’ വിദഗ്ദ്ധമായി ചിത്രീകരിക്കുവാൻ ജോസഫിനു സാധിച്ചിട്ടുണ്ടു് എന്നുള്ളതിൽ രണ്ടു പക്ഷമില്ല. ജോസഫിൻ്റെ ഗവേഷണബുദ്ധിക്കും ഈ ജീവചരിത്രം ഒരു നിദർശനമായിത്തീർന്നിട്ടുണ്ട്. രാജ്യ ചരിത്രവും സമുദായ ചരിത്രവും പാകത്തിനുമാത്രം ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ ഈ പുസ്തകം ഇത്രയും മേദസ്വിയായിത്തിരുമായിരുന്നില്ല എന്ന അഭിപ്രായവുംകൂടി ഇവിടെ രേഖപ്പെടുത്തുവാൻ തോന്നിപ്പോകുന്നു.