ജീവചരിത്രപ്രസ്ഥാനം
വിശുദ്ധ ത്രേസ്യയുടെ ചരിത്രസംക്ഷേപം, നോവൽ മുതലായ സാഹിത്യ ശാഖകളിലെന്നപോലെതന്നെ, ജീവചരിത്രശാഖയിലും ചില തർജ്ജമകളാണു് ആദ്യമുണ്ടായിട്ടുള്ളത്. ഇന്നേവരെ ലഭിച്ചുകഴിഞ്ഞിട്ടുള്ള അത്തരം കൃതികളിൽ ആദ്യത്തെതാണു് ‘വിശുദ്ധ ത്രേസ്യയുടെ ചരിത്രം.’ മുഖവുരയിൽ, “ഇത്താല്യഭാഷയിലുള്ള ചരിത്രങ്ങളിൽ നിന്നു സംക്ഷേപമായി എടുത്തു മലയാള പരിഭാഷപ്പെടുത്തപ്പെട്ട” ഒന്നാണു പ്രസ്തുത ജീവചരിത്രമെന്ന്, വിവർത്തകൻ വ്യക്തമാക്കിയിരിക്കുന്നു. മതപരമായ ഒരു കൃതിയാണിതെന്നു ഗ്രന്ഥത്തിൻ്റെ പേരുതന്നെ വിളിച്ചു പറയുന്നുണ്ടല്ലോ. പുസ്തകത്തിൻ്റെ പൂർണ്ണമായ നാമധേയം, ‘സെറാഫ അമ്മ ഈശോയുടെ ത്രേസ്യ എന്ന പുണ്യവാളത്തിയുടെ ചരിത്രസംക്ഷേപം’ എന്നാണു്. പ്രസ്തുത കൃതി രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. ഭാഗം എന്നതിനു’ ‘കൂറു്’ എന്ന നാമമാണു് ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം കൂറിൽ ഉള്ളടക്കത്തിൻ്റെ വിവരണം മുതലായവയ്ക്കു പുറമേ 22 അദ്ധ്യായങ്ങളും, പൈക്ക ടൈപ്പിൽ 386 പേജുകളും അടങ്ങിയിരിക്കുന്നു. രണ്ടാം കൂറിൽ. 12 അദ്ധ്യായങ്ങളും 308 പേജുകളും നല്ല മേനിക്കടലാസ്സിൽ അച്ചടിച്ചിട്ടുള്ള ആ അപൂർവ്വഗ്രന്ഥം ഇന്നും പുതുമതോന്നിക്കുന്ന ഒന്നത്രെ. ചരിത്രനായികയായ വിശുദ്ധ ത്രേസ്യയുടെ ജീവിതനേട്ടങ്ങളും സുകൃത വിശേഷങ്ങളും ആ മഹതിവഴിയായി സംഭവിച്ചിട്ടുള്ള അത്ഭുതകഥകളുമാണു് ജീവചരിത്രത്തിലെ ഉള്ളടക്കം.
കാലവും കർത്താവും: മാന്നാനം സെൻ്റ് ജോസഫ് പ്രസ്സിൽനിന്നു 1886-ലാണു് പ്രസ്തുത കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളതു്. എന്നാൽ മാന്നാനം സന്യാസാശ്രമത്തിൻ്റെ അന്നത്തെ നേതാവായിരുന്ന ചാവറ ഏലിയാസ് കുരിയാക്കോസച്ചനു്, ഗ്രന്ഥകാരൻ പ്രസ്തുത കൃതി 1886-ൽ സമർപ്പിച്ചുകാണുന്നതിൽനിന്നു്, പ്രസിദ്ധീകരണത്തിനു രണ്ടു വർഷം മുമ്പെങ്കിലും ഗ്രന്ഥനിർമ്മിതി പൂർത്തിയായിരിക്കണമെന്നു കരുതാവുന്നതാണു്. വിവർത്തകൻ്റെ പേർ, ‘കർമ്മലീത്താ സഭയിലുൾപ്പെട്ട സന്യാസിമാരിൽ ഒരുത്തൻ’ എന്നേ ഗ്രന്ഥത്തിൽ കുറിച്ചിട്ടുള്ളു. എന്നാൽ അണിയറയ്ക്കുള്ളിൽ നിന്നിരുന്ന ആ മഹാപുരുഷൻ്റെ സാക്ഷാൽ നാമധേയം ഡോക്ടർ മർസിലിനോസ് എന്നത്രേ. ഇറ്റലിയിൽ ജനോവദേശക്കാരനായ ആ മഹാൻ യൂറോപ്യൻ ഭാഷകളിൽ പലതിലും വിദഗ്ദ്ധനായിരു ന്നു. 1854-ലാണു് അദ്ദേഹം വരാപ്പുഴ വന്നതു്. അചിരേണ തമിഴ്, സംസ്കൃതം, മലയാളം, സുറിയാനി തുടങ്ങിയ പൗരസ്ത്യ ഭാഷകളിലും പ്രവീണനായിത്തീർന്നു. വരാപ്പുഴ വികാരി അപ്പസ്റ്റോലിക്കയായിരിക്കുന്ന കാലത്തു 1892-ൽ നിര്യാതനായി. ഈ ബഹുഭാഷാപണ്ഡിതൻ വിവിധങ്ങളായ അൻപതോളം പുസ്തകങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.
