ജീവചരിത്രപ്രസ്ഥാനം
മൗലാനാ മുഹമ്മദലി: സാഹിത്യം, സമുദായം, രാഷ്ട്രം എന്നിങ്ങനെയുള്ള വിവിധമണ്ഡലങ്ങളിൽ പ്രവർത്തിച്ചു പ്രശസ്തിയാർജ്ജിച്ചു കേരള അസംബ്ലിയുടെ സ്പീക്കറായിരിക്കുമ്പോൾ 1962-ൽ ചരമമടഞ്ഞ കെ. എം. സീതിസാഹിബ്ബിൻ്റെ എണ്ണപ്പെട്ട ഒരു കൃതിയാണു് “മൗലാനാ മുഹമ്മദലി”. 1923-ൽ സീതി ഒരു വിദ്യാർത്ഥിയായിരിക്കുമ്പോ ഴാണു്. ഇതിൻ്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചതു്. അക്കാലത്ത് അതു പൂർണ്ണമായിരുന്നില്ല. കോക്കനാടാ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായി മുഹമ്മദലി തിരഞ്ഞെടുക്കപ്പെട്ടതുവരെയുള്ള ചരിത്ര ഭാഗമേ അതിൽ ഉണ്ടായിരുന്നുള്ളു. 1938-ൽ പ്രസിദ്ധപ്പെടുത്തിയ രണ്ടാം പതിപ്പിൽ, കർമ്മനിരതനായ കഥാപുരുഷൻ്റെ ജിവിതാന്ത്യം വരെയുള്ള ചരിത്ര സംഭവങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു. രണ്ടു മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പു് ഭാരതത്തിൽ സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ വലിയ വിപ്ലവം സൃഷ്ടിച്ചിരുന്നവരാണ് അലിസഹോദരന്മാർ (മുഹമ്മദലിയും ഷൗക്കത്തലിയും). അവരിൽ മുഹമ്മദലിയുടെ ചരിത്രം എല്ലാവിധത്തിലും ഭാരതീയർക്ക് ആദർശമായിട്ടുള്ളതാണു്. പരിഷ്കൃതലോകത്തിൽ അദ്ദേഹത്തിൻ്റെ പേരു് സുപരിചിതവുമാണു്. മുഹമ്മദലിയുടെ ചരമവൃത്താന്തം കേട്ട നിമിഷത്തിൽ സുപ്രസിദ്ധ ചരിത്രകാരനായ എച്ച്. ജി. വെത്സ് പുറപ്പെടുവിച്ച അഭിപ്രായം കേൾക്കുക : “മുഹമ്മദലിയുടെ ഹൃദയം നെപ്പോളിയൻ്റെ ഹൃദയമായിരുന്നു: അദ്ദേഹത്തിൻ്റെ പേന മെക്കാളിയുടെ പേന ആയിരുന്നു; അദ്ദേഹത്തിൻ്റെ നാവ് ബക്കിൻ്റെ നാവായിരുന്നു.” അത്രയേറെ വളർച്ച പ്രാപിച്ച ഒരു മഹാപുരുഷൻ്റെ ജീവചരിത്രം ഏതു സാഹിത്യത്തിനാണു് പോഷണവും ഭൂഷണവുമായിത്തീരാതിരിക്കുക. ജീവചരിത്ര കർത്താവിൻ്റെ വാക്കുകളിൽത്തന്നെ പറയട്ടെ: “ജീവിതത്തിലും മരണത്തിലും ഒന്നുപോലെ ധീരത പ്രകടിപ്പിച്ച ഒരു മഹാത്മാവിൻ്റെ സ്വാർത്ഥരഹിതമായ ജീവചരിത്രം കേരളീയർക്ക് ഒരു ഉത്തമ മാതൃകയും അനശ്വര സമ്പാദ്യവുമായിരിക്കും. “നദീപ്രവാഹംപോലെ അനായാസമായി സചേതനമായി മുന്നോട്ടുപായുന്ന സീതി സാഹിബ്ബിൻ്റെ വാക്പ്രസരം ഗ്രന്ഥത്തിൻ്റെ അവസാനംവരെ അനുവാചകരെ അക്ഷീണമായി ആകർഷിച്ചു കൊണ്ടുപോകുന്നതാണ്.
