ജീവചരിത്രപ്രസ്ഥാനം
നവഭാരത ശില്പികൾ: ഭാരതചരിത്രത്തിൽ നവീനഘട്ടം ആരംഭിക്കുന്നത് രാജാറാം മോഹൻറായിയുടെ കാലംമുതല്ക്കാണല്ലോ. ആ കാലഘട്ടം മുതൽ ഇവിടെ ജീവിക്കുകയും, ഇന്ത്യയുടെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കു വഹിക്കുകയും ചെയ്തിട്ടുള്ള 60 മഹാന്മാരുടെ ലഘു ജീവചരിത്രങ്ങളാണ് കെ. പി. കേശവമേനോൻ്റെ നവഭാരതില്പികൾ. ഒന്നാംഭാഗം മാത്രമേ ഇതിനകം പുറത്തുവന്നിട്ടുള്ളൂ. രാജാറാം മോഹൻറോയി, ടാറ്റാ, സർ തോമസ് മൺറോ, വിവേകാനന്ദൻ, ആനിബസൻറ്, ബങ്കിംചന്ദ്രചാറ്റർജി. സുരേന്ദ്രനാഥബാനർജി തുടങ്ങി സേലം വിജയരാഘവാചാരിവരെ ഇരുപതുപേരുടെ ചരിത്രമാണു് ഒന്നാം ഭാഗത്തിൽ കൊള്ളിച്ചിട്ടുള്ളത്. വിജ്ഞാനവൃദ്ധനും അനുഭവ സമ്പന്നനുമായ കേശവമേനോൻ്റെ തൂലികയിൽനിന്നു രൂപംപൂണ്ട ഈ വിശിഷ്ടകൃതി നമ്മുടെ സാഹിത്യത്തിലെ ജീവചരിത്രശാഖയ്ക്ക് അനർഘമായ ഒരു നേട്ടംതന്നെ.
വിശ്വശാസ്ത്രശില്പികൾ : ആർക്കിമെഡീസ്, കോപ്പർനിക്കസ് തുടങ്ങി കാസ്റ്റർസൺവരെ അൻപതിൽപ്പരം വിശ്വശാസ്ത്രകാരന്മാരുടെ ചരിത്രവും അവരുടെ കണ്ടുപിടിത്തങ്ങളുടെ സാമാന്യരൂപവുമാണു ഇതിൽ പ്രതിപാദിച്ചിട്ടുള്ളതു്. ആവിഷ്കരണം ആകർഷകമായിട്ടുണ്ട്. പ്രഫസർ പള്ളം കെ. ഗോപിനാഥൻ എം. എസ്സ്സി. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത കൃതി, നമ്മുടെ ജീവചരിത്രശാഖയ്ക്കും ഭൗതികശാസ്ത്ര ശാഖയ്ക്കും നല്ലൊരു സംഭാവനയാണ്.
