ജീവചരിത്രപ്രസ്ഥാനം
സ്വാമി വിവേകാനന്ദൻ: എ.ജി കൃഷ്ണവാര്യർ, എം. എ., ബി.ടി. എഴുതിയിട്ടുള്ള ഒരു ജീവചരിത്രമാണിതു്. വിവേകാനന്ദൻ്റെ ജീവചരിത്രവും അദ്ദേഹത്തിൻ്റെ രാജയോഗം, കർമ്മയോഗം, ഭക്തിയോഗം. ജ്ഞാനയോഗം എന്നീ കൃതികളുടെ സംഗ്രഹവും ഇതിൽ അടങ്ങിയിരിക്കുന്നു. ഭൗതികാഭിവൃദ്ധിയിലുള്ള ഗർവ്വംകൊണ്ട് അന്ധരായിത്തീർന്ന പാശ്ചാത്യ ജനതയ്ക്ക് പൗരസ്ത്യ ദർശനങ്ങളുടെ പ്രകാശം നല്കുകയും, അതുവഴി ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തെപ്പറ്റി പാശ്ചാത്യരിൽ അത്ഭുതം ജനിപ്പിക്കയും ചെയ്ത ഒരു മഹാനാണ് സ്വാമിവിവേകാനന്ദൻ. മാത്രവുമല്ല. ഭാരതീയരിൽ ക്രമാതീതമായി വളർന്നുതുടങ്ങിയ പാശ്ചാത്യാനുകരണത്തെ നിയന്ത്രിക്കാനും, സ്വന്തം പാരമ്പര്യത്തിൽ അഭിമാനവും ആത്മവിശ്വാസവും ജനിപ്പിക്കുവാനും ശ്രമിച്ച ഒരു മഹാനുമാണു് വിവേകാനന്ദൻ. അങ്ങനെയുള്ള ഒരു മഹാൻ്റെ ജീവിതത്തേയും കൃതികളേയും പ്രകാശിപ്പിക്കുന്ന പ്രസ്തുത ഗ്രന്ഥം നമ്മുടെ ജീവചരിത്രസാഹിത്യത്തിനു് ഏതു കൊണ്ടും വിലയേറിയ ഒരു സംഭാവന തന്നെ. കൃഷ്ണവാര്യരുടെ ഭാഷാ ശൈലി വായനക്കാരെ ആകർഷിക്കുവാൻ തികച്ചും പോരുന്നതുമാണ്.
ഭഗവാൻ ബുദ്ധൻ: ബുദ്ധമതസംബന്ധമായ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും പരിശോധിച്ച് ധർമ്മാനന്ദകോസംബി എഴുതിയിട്ടുള്ളതാണു് ഈ ജീവചരിത്രം. 1956-ലെ ബുദ്ധ ജയന്തി പ്രമാണിച്ചു കേന്ദ്ര സാഹിത്യ അക്കാദമി, ഭാരതത്തിലെ എല്ലാ ഭാഷകളിലും അതു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പി ശേഷാദ്രിയാണു് പ്രസ്തുത കൃതി മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുള്ളതു.
ശ്രീരാമകൃഷ്ണചരിതാമൃതം: രാമകൃഷ്ണപരമഹംസൻ്റെ ജീവചരിത്രമാണു് ശ്രീരാമകൃഷ്ണചരിതാമൃത (3 ഭാഗങ്ങൾ)ത്തിലെ പ്രതിപാദ്യം. കെ. രാമൻ മേനോൻ ആലപ്പുഴ വിദ്യാരംഭം പ്രസ്സിൽനിന്നും പ്രസാധനം ചെയ്തിട്ടുള്ള ഈ ബൃഹൽഗ്രന്ഥത്തിൽ പരമഹംസരെസ്സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
നാരായണപരമഹംസൻ: നാണുഗുരുസ്വാമികളുടെ ജീവചരിത്രം മൂർക്കോത്തു കുമാരൻ എഴുതിയിട്ടുള്ളതിനെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചുവല്ലോ. ആ മഹാപുരുഷനെ വിഷയമാക്കി മറ്റു ചില ചരിത്രങ്ങളും പുറപ്പെട്ടിട്ടുണ്ടു്. അവയിൽ പണ്ഡിറ്റ് കെ. കെ. പണിക്കരുടെ ശ്രീനാരായണ പരമഹംസൻ (2 ഭാഗങ്ങൾ) കൂടുതൽ ശ്രദ്ധേയമാകുന്നു.
സ്നേഹത്തിൻ്റെ പൊലിയാത്ത കഥ: യേശുമഹേശൻ്റെ പാവനചരിതം വിവരിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണിത്. Tulton Oursler എഴുതിയിട്ടുള്ള “The Great Story Ever Told” എന്ന ഗ്രന്ഥത്തിൻ്റെ ഒരനുവാദമാണു് ജെ. എസ്സ്. മുഞ്ഞപ്പിള്ളിയുടെ മേല്പറഞ്ഞ കൃതി. പ്രതിപാദ്യത്തെ ഏറ്റവും ആകർഷകമാക്കാൻ പോരുന്നതാണു് ഇതിലെ പ്രതിപാദനരീതി. “ഓരോ രംഗവും നമ്മുടെ മുമ്പിൽത്തന്നെ നടക്കുന്നതായി തോന്നുംവിധം നാടകീയരീതിയിൽ ചിത്രീകരിച്ചിരിക്കുന്നതാണു് ഈ കൃതിക്കു സാഹിത്യമെന്നനിലയിൽ മെച്ചം കൊടുക്കുന്നതു്” എന്നു് അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതു്, കലർപ്പില്ലാത്ത ഒരു പരമാർത്ഥം മാത്രമാണു്.
