ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

ശ്രീ നീലകണ്ഠതീർത്ഥപാദസ്വാമികളുടെ ചരിത്രസമുച്ചയം: പന്നിശ്ശേരിൽ ഗോപാലപിള്ള, ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള ബി. എ, എന്നിവർ ചേർന്നു രചിച്ചിട്ടുള്ള ബൃഹത്തായ ഒരു ജീവചരിത ഗ്രന്ഥമാണിതു്. 1095-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്തുത കൃതി സ്വാമികളുടെ ജീവചരിത്രത്തിൻ്റെ ഒന്നാംഭാഗം മാത്രമാകുന്നു. നായക കുടുംബ ചരിത്രം, ബാല്യചരിത്രം, ഇംഗ്ലീഷ് വിദ്യാഭ്യാസം എന്നിങ്ങനെ സ്വാമികളെസ്സംബന്ധിച്ച ചരിത്രാംശങ്ങൾ ക്രമത്തിൽ അടുക്കിയിരിക്കയാണു്. ഡെമ്മി സൈസിൽ ആയിരത്തിൽപ്പരം പേജുകളുള്ള പ്രസ്തുത ഗ്രന്ഥത്തിൽ സാമൂഹ്യമായും മറ്റുമുള്ള ചില വിമർശനങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പി. കെ. നാരായണപിള്ളയുടെ ‘പ്രസ്താവന’ ജീവചരിത്ര ഗ്രന്ഥത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുവാൻ എല്ലാ വിധത്തിലും സഹായകമായിട്ടുണ്ട്.

ശ്രീതീർത്ഥപാദപരമഹംസ സ്വാമികൾ: ആധുനിക‌ കാലത്തു ഹിന്ദുകളുടെ മതപരവും സംസ്‌കാരപരവും സംഘടനാപരവുമായുള്ള നവോത്ഥാനത്തിനുവേണ്ടി പരിശ്രമിച്ചു വിജയശ്രീലാളിതന്മാരായിട്ടുള്ള മൂന്നു മഹാത്മാക്കളാണു് ശ്രീ ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരുസ്വാമികൾ, ശ്രീനിലകണ്ഠതീർത്ഥപാദസ്വാമികൾ എന്നിവർ. അവരോടൊപ്പം ആ മാർഗ്ഗത്തിൽ സഞ്ചരിച്ചു വിജയംവരിച്ച മറ്റൊരു മഹാപുരുഷനാണു് ശ്രീതീർത്ഥപാദപരമഹംസസ്വാമികൾ. പറവൂർ വടക്കേക്കര ‘മഠത്തിൽ’ എന്ന നായർ തറവാട്ടിൽ കൊല്ലം 1057 തുലാം 4-ാം ഭുജാതനായി 1114 ചിങ്ങം 26-നു് സമാധിയടഞ്ഞ ആ മഹാപുരുഷൻ, 1080-ാം മാണ്ടു മുതൽ ഏകദേശം മുപ്പതിൽ പരം വർഷങ്ങൾ തിരുവിതാംകൂറിൽ പലസ്ഥലങ്ങളിലും സഞ്ചരിച്ചു ജനങ്ങളുടെയിടയിൽ മതനിഷ്ഠയും സംഘടനാബോധവും വളർത്തുന്നതിനുവേണ്ടി അനവരതം ശ്രമിച്ചുകൊണ്ടിരുന്നു. ആ സേവനപുരുഷൻ്റെ ജീവചരിത്രം അന്നത്തെ പരിതഃസ്ഥിതികളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി. 29 അദ്ധ്യായങ്ങളുള്ള ഈ ഒന്നാം ഭാഗത്തിൽ കഥാപുരുഷൻ്റെ 1095-ാമാണ്ടുവരെയുള്ള ചരിത്രം അടങ്ങിയിരിക്കുന്നു ‘ക്രിസ്ത്യൻ പാതിരിമാരുടെ മതപരിവർത്തന സംരംഭത്തോടുള്ള എതിർപ്പ്” എന്ന 13-ാമദ്ധ്യായം കുറച്ചുകൂടി മയപ്പെടുത്തി പ്രതിപാദിക്കാമായിരുന്നു.