ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

കന്യകാമറിയം’, ജോൺ എഴുതിയ മറ്റൊരു ജീവചരിത്രമാണു്. “ക്രിസ്തുചരിതം ബൈബിളിൽ എത്ര അപൂർണ്ണമാണോ അതിലധികം അപൂർണ്ണമാണു് കന്യകാമറിയത്തിൻ്റെ ചരിത്രം. ഈ അപൂർണ്ണ ചരിത്രങ്ങൾ രണ്ടും ഗ്രന്ഥാന്തരങ്ങളെ പരിശോധിച്ചു കഴിവുള്ളിടത്തോളം പരിപൂർണ്ണമാക്കി മലയാളികളായ ക്രൈസ്തവർക്കും ഇതരന്മാർക്കും സുഖകരമായ വായനയ്ക്ക് ഉപയുക്തമായിത്തീരത്തക്കവണ്ണം സരളമധുരമായ മലയാള ഗദ്യത്തിൽ രണ്ടു പുസ്തകങ്ങൾ നിർമ്മിക്കുവാൻ മി. ജോൺ ചെയ്തിട്ടുള്ള പരിശ്രമം അഭിനന്ദനീയമാണെന്നുള്ളതിനു സംശയമില്ല.” എന്നിങ്ങനെയാണു മേല്പറഞ്ഞ കൃതികളെപ്പറ്റി ‘മലയാളരാജ്യം’ അഭിപ്രായപ്പെടുന്നതു്.

ഫ്രാൻസീസ് സേവ്യർ എന്ന കൃതിയാണ് ജോൺ എഴുതിയിട്ടുള്ള ജീവചരിത്രങ്ങളിൽ പ്രാധാന്യം അർഹിക്കുന്ന വേറൊന്ന്. കേരളത്തിനോടു വളരെ ബന്ധപ്പെട്ട ഒരു മഹാവ്യക്തിയാണു് ഫ്രാൻസിസ് സേവ്യർ. കഥാപുരുഷനെപ്പറ്റി കിട്ടാവുന്നിടത്തോളം രേഖകളെല്ലാം ജോൺ പരിശോധിച്ചിട്ടുണ്ടു്. കൊള്ളേണ്ടതു കൊള്ളുകയും തള്ളേണ്ടതു തള്ളുകയും ചെയ്തിട്ടുമുണ്ടു്. ആ മട്ടിൽ നായകൻ്റെ കഥ ചരിത്രസമ്മതാമാംവണ്ണം ഇതിൽ 7 അദ്ധ്യായങ്ങളിലായി ഗ്രന്ഥകാരൻ കുറിച്ചിരിക്കുന്നു. കഥാനായകൻ്റെ വ്യക്തിമാഹാത്മ്യം ഈ അദ്ധ്യായങ്ങളിൽക്കൂടി നല്ലപോലെ സ്പഷ്ടമാക്കിയിട്ടുമുണ്ട്.

മേല്പറഞ്ഞവ കൂടാതെ ‘ഫ്രാൻസീസ് അസീസി’, ‘അന്തോനി പാദുവാ’ എന്നു തുടങ്ങി ക്രൈസ്തവ മതാന്തരീക്ഷത്തിലെ ഒട്ടനേകം മഹാത്മാക്കളുടെ ചരിത്രവും മി. ജോൺ നിർമ്മിച്ചിട്ടുണ്ട്. ഓരോന്നിനെപ്പറ്റിയും പ്രത്യേകം എടുത്തു പറയുവാൻ മുതിരുന്നില്ല. ഗ്രന്ഥകാരനെപ്പറ്റി പണ്ഡിത രത്നമായ വി. കൃഷ്ണൻതമ്പി പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു;

“കിട്ടാവുന്ന ആകരഗ്രന്ഥങ്ങളെല്ലാം വായിച്ചു് മഹാത്മാക്കളായ പുണ്യവാന്മാരുടെ ജീവചരിത്രങ്ങളിലെ ആന്തരങ്ങളായ തത്വങ്ങൾ ആരാഞ്ഞുപഠിച്ച്, ഉഭയലോകോപകാരകങ്ങളായ ആദർശങ്ങളെ മലയാളികൾക്കു പ്രത്യക്ഷമാക്കിക്കൊടുക്കാൻ നിരന്തര പരിശ്രമം ചെയ്യുന്ന ഒരു പണ്ഡിതനാണു് മയ്യനാട്ടു മി. എ. ജോൺ. അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളതും ഗണ്യമായ പ്രചാരം സിദ്ധിച്ചിട്ടുള്ളതുമായ പല കൃതികൾ ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ടു്. ഉൽകൃഷ്ടങ്ങളായ വിഷയങ്ങളെ അവയ്ക്ക് ഏറ്റവും യോജിച്ച സുന്ദരവും സുഗമവുമായ ഭാഷയിലാണു പ്രകാശിപ്പിച്ചിരിക്കുന്നതു് എന്നുള്ളതും അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾക്കുള്ള വലിയ ഒരു മെച്ചമാണ്. ഏവർക്കും അത്യന്തം ഉപകാരപ്രദവും രസപ്രദവുമായ ക്രിസ്ത്യൻ സാഹിത്യം മലയാളത്തിൽ ഇപ്പോൾ മേൽക്കുമേൽ അഭിവൃദ്ധിയെ പ്രാപിക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ ഏറ്റവും ഗണനീയമായ ഒരു ഭാഗം വഹിക്കുന്നുവെന്നു സ്വയം ചാരിതാർത്ഥ്യത്തിനും, മറ്റുള്ളവരുടെ അഭിനന്ദനത്തിനും അത്യധികം അർഹതയുള്ള ഒരു ഗ്രന്ഥകാരനാണു് മി. ജോൺ.“