ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

ശക്തൻ തമ്പുരാൻ: കൊല്ലവർഷം 926-ൽ ജനിക്കുകയും, 981- ൽ തീപ്പെടുകയും ചെയ്ത കൊച്ചിയിലെ രാമവർമ്മ രാജാവാണ് ശക്തൻതമ്പുരാൻ എന്ന പേരിൽ സാധാരണ അറിയപ്പെട്ടുവരുന്നതു്. പല പ്രകാരത്തിലും പ്രസിദ്ധനായിരുന്ന ആ തമ്പുരാൻ്റെ ജീവചരിത്രം പുത്തേഴത്തു രാമൻമേനോൻ എഴുതിയിട്ടുള്ളതാണു മേല്പറഞ്ഞ കൃതി. കഥാനായകൻ്റെ ജീവചരിത്രത്തേക്കാൾ സമകാലീനമായ രാജ്യചരിത്രമാണു് ഇതിൽ കൂടുതൽ വെളിപ്പെടുത്തിയിട്ടുള്ളതു്. തൽസംബന്ധമായ ധാരാളം രേഖകൾ – സർക്കാർ ഈടുവെപ്പുകളിൽ സൂക്ഷിച്ചിട്ടുള്ള ഡയറികൾ, കത്തുകൾ. വിളംബരങ്ങൾ, ശാസനങ്ങൾ, ഗ്രന്ഥവരികൾ എന്നിവ – ഗ്രന്ഥത്തിൻ്റെ പല ഭാഗങ്ങളിലായി ഉദ്ധരിച്ചിട്ടുണ്ടു്. ചരിത്ര വിഷയകമായ ചില സംഗതികളിൽ ചിലർക്കു് അഭിപ്രായഭേദങ്ങൾ ഉണ്ടെന്നു തോന്നുന്നു. എന്നു വരികിലും ജീവചരിത്രം, രാജ്യചരിത്രം, ഐതിഹ്യം എന്നു തുടങ്ങിയവയെല്ലാം ഏകത്ര സമ്മേളിച്ചിട്ടുള്ള ഈ ഗ്രന്ഥം ചരിത്രാന്വേഷകർക്ക് അനേകവിധത്തിൽ പ്രയോജനപ്പെടുന്നതാണു്. ചരിത്രകങ്കാളത്തെ രസപ്രദമാക്കിത്തീർക്കുവാൻവേണ്ടി ഗ്രന്ഥകാരൻ സങ്കല്പസംഭാഷണങ്ങളാകുന്ന ചില പൊടിക്കൈകൾ ഇടയ്ക്കിടയ്ക്കു പ്രയോഗിക്കാതിരുന്നിട്ടില്ല. ടിപ്പുസുൽത്താനും ശക്തൻതമ്പുരാനും തമ്മിൽ നടന്നതായി പ്രസ്താവിക്കുന്ന സംഭാഷണങ്ങൾ ഗ്രന്ഥകാരൻ്റെ മനോധർമ്മത്തിൽ നിന്നു മുളയെടുത്തിട്ടുള്ളതു തന്നെ. അതുപോലെ തന്നെ, ശക്തൻതമ്പുരാനും ചിമ്മുകുട്ടിയമ്മയും തമ്മിലും, തമ്പുരാനും അവിടത്തെ ചിറ്റമ്മയും തമ്മിലും നടന്നതായി പ്രസ്താവിക്കുന്ന സംഭാഷണങ്ങളും കല്പിതങ്ങളാണു്. വായനക്കാരുടെ മുഷിച്ചിൽ തീർക്കുവാൻ ഇത്തരം പൊടിക്കൈകൾക്കു കുറെ കഴിവുണ്ട്. 55 അദ്ധ്യായങ്ങളും റോയൽ വലിപ്പത്തിൽ 755 പേജുകളുമുള്ള ഈ ബൃഹൽഗ്രന്ഥം പുത്തേഴത്തിൻ്റെ ക്ഷമാപൂർവ്വകമായ പരിശ്രമത്തെ വിളംബരം ചെയ്യുന്നു.

ശ്രീയേശുക്രിസ്തു: മതപരമായ ജീവചരിത്രങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ മയ്യനാട്ടു ജോണിൻ്റെ ചില കൃതികളാണ് നമ്മുടെ സ്മരണയിൽപ്പെടുന്നതു്. ‘ശ്രീയേശുക്രിസ്തു’വാണു പ്രധാന കൃതി. ഒരു സുപ്രസിദ്ധ ഫ്രഞ്ചുസാഹിത്യകാരൻ്റെ കൃതിയെ ഇംഗ്ലീഷിലേക്കു പകർത്തിയതിൽനിന്നും പകർത്തിയതാണു പ്രസ്തുത കൃതി. എന്നുവരികിലും ശൈലിയിലും പദവിന്യാസക്രമത്തിലും കൈരളിയുടെ നൈസർഗ്ഗീകസ്വഭാവം ഇതിൽ തഴച്ചുനില്ക്കുകയാൽ ഇതൊരു തർജ്ജമയാണെന്നു് ഒരു സഹൃദയനും പറയുവാൻ സാദ്ധ്യമല്ല. 55 അദ്ധ്യായങ്ങളും 600-ൽപരം പേജുകളുമുള്ളതായ പ്രസ്തുത കൃതി, കഥാനായകനെപ്പറ്റി ഭാഷയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള കൃതികളിൽവച്ച് ഏറ്റവും പൂർണ്ണവും വിശദവുമായ ഒന്നത്രേ. “ഗ്രന്ഥകാരൻ്റെ അനന്യസാധാരണമായ കഥാകഥനചാതുരിയിൽ ഒരു റൊമാൻസ് വായിച്ചാലുണ്ടാകുന്ന രസത്തോടും, ഉപരിചരിതം അറിയാൻ ഉല്ക്കടമായിത്തീരുന്ന ആഗ്രഹത്തോടും കൂടി മുമ്പോട്ടു പായുന്ന വായനക്കാരൻ്റെ മനസ്സ് സാക്ഷാൽ ശ്രീയേശുക്രിസ്തുവിൻ്റെ സംപൂർണ്ണ മനോഹരമായ വിശ്വരൂപത്തിൽ ലയിക്കുകതന്നെ ചെയ്യു’മെന്നു് അവതാരികയിൽ സി. വി. കുഞ്ഞുരാമൻ പ്രസ്താവിക്കുന്നതിനോടു വായനക്കാർ പൂർണ്ണമായി യോജിക്കുകതന്നെ ചെയ്യും.