ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

ടി. കെ. മാധവൻ; ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച്, അധഃസ്ഥിത സമുദായങ്ങളുടെ അവശതകളെ പരിഹരിക്കുന്നതിനും അവകാശങ്ങളെ സമ്പാദിക്കുന്നതിനുമായി ജീവിതം മുഴുവൻതന്നെ ബലിചെയ്ത ഒരു ധീരഭടനാണ് ടി. കെ. മാധവൻ. ഇന്നത്തെ എസ്‌. എൻ. ഡി. പി. സംഘടനയ്ക്കു പ്രധാന പ്രേരകനും, തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വാദത്തിൻ്റെ ആദ്യത്തെ അവതാരകനുമായിരുന്നു ഈ സമുദായാഭിമാനി. മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യഗ്രഹത്തിൽ മാധവനുണ്ടായിരുന്ന പങ്ക് സുവിദിതമാണു്. ഇങ്ങനെ സർവ്വപ്രകാരേണയും ശ്രദ്ധാർഹനും, നമ്മുടെ ഇന്നത്തെ സാമൂഹ്യപ്രവർത്തകർക്കൊക്കെ മാതൃകയുമായ ഒരു മഹാപുരുഷൻ്റെ ബഹുമുഖങ്ങളായ പ്രവൃത്തികളേയും പരിശ്രമങ്ങളേയും സവിസ്തരം വ്യക്തമാക്കുന്ന ഒരു ജീവചരിത്രമാണു്, കഥാനായകൻ്റെ ജാമാതാവായ ശ്രീ പി. കെ. മാധവൻ എഴുതിയിട്ടുള്ള ടി. കെ. മാധവൻ എന്ന പ്രസ്തുത കൃതി. 800-ഓളം പേജുകളുള്ള പ്രസ്തുത കൃതിയെ 2 പുസ്തകങ്ങളായും 5 ഭാഗങ്ങളായും തിരിച്ചിരിക്കുന്നു. ചരിത്ര പുരുഷനെപ്പറ്റി കേരളത്തിലും പുറമേയും ഉള്ള പല മഹാന്മാരും പത്രങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സ്മരണകളാണു് 5-ാം ഭാഗത്തിൽ അടങ്ങിയിട്ടുള്ളതു്.

വളരെ ചെറുതെങ്കിലും, അദ്ധ്യാപക ശ്രേഷ്ഠനും രാഷ്ട്രരംഗത്തു മിതവാദിയുമായിരുന്ന ‘ഗോപാലകൃഷ്ണ ഗോഖലെ’യെപ്പറ്റി 1916-ൽ കെ. സി. ഈപ്പൻ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജീവചരിത്രവും ഇവിടെ പ്രസ്താവാർഹമാണു്. തിരുവിതാംകൂർ രാജ്യചരിത്രകർത്താവും. കൊച്ചി രാജ്യചരിത്ര കർത്താവിൻ്റെ പിതാവുമായ ‘ദിവാൻ ശങ്കുണ്ണിമേനവനെ’ സംബന്ധിച്ച് ആർ. കുളത്തു അയ്യർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജീവചരിത്രവും പഠനാർഹമത്രെ. പല ചരിത്രരേഖകളും ഗ്രന്ഥകാരൻ ഇതിൽ തേടിപ്പിടിച്ചു ചേർത്തിട്ടുണ്ട്.