ജീവചരിത്രപ്രസ്ഥാനം
നിധീരിക്കൽ മാണിക്കത്തനാർ: മൂന്നുനാലു ദശാബ്ദങ്ങൾക്കുമുമ്പ് ‘ഭാഷാപോഷിണി’ മാസികയിൽ ഇരുപതു മലയാളിമഹാന്മാരുടെ പേരുകൾ നിർണ്ണയിക്കുന്നതിനുവേണ്ടി ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തിവന്നിരുന്നു. അന്നു് എല്ലാ ലേഖകന്മാരും നിർദ്ദേശിച്ച ആ ഇരുപതു മലയാളിമഹാന്മാരിൽ ഒരാൾ മാണിക്കത്തനാരായിരുന്നുവെന്നാണ് എൻ്റെ ഓർമ്മ. മലയാളത്തിലെ മഹാന്മാരിൽ മാണിക്കത്തനാർക്കുള്ള സ്ഥാനം ഇതിൽനിന്നു് അല്പമൊക്കെ വ്യക്തമാണല്ലൊ. പ്രസ്തുത മഹാപുരുഷൻ്റെ വിസ്തൃതമായ ഒരു ജീവചരിത്രമാണു് പഴക്കവും തഴക്കവും വളരെയുള്ള ശ്രീ വി. സി. ജോർജ്ജിൻ്റെ തൂലികയിൽനിന്നു കൈരളിക്കു ലഭിച്ചിട്ടുള്ള ‘നിധീരിക്കൽ മാണിക്കത്തനാർ’. റോയൽ സൈസിൽ 570 പേജുകൾ ഉള്ള ഈ ബൃഹൽഗ്രന്ഥത്തിൽ കഥാനായകൻ്റെ അപദാനങ്ങളെ ഗ്രന്ഥകാരൻ 60 അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. ജനകീയനേതാവ്, മതഭക്തൻ, സമുദായാഭിമാനി, സ്വാതന്ത്ര്യവാദി, ഭാഷാപ്രണയി, ചരിത്രപ്രിയൻ, സംസ്‌കാരപ്രേമി, പ്രഭാഷണ ചതുരൻ, ഭിഷഗ്വരൻ, സാഹിത്യരസികൻ, രാഷ്ട്രീയ ചിന്തകൻ, നീതി നിഷ്ഠാനിരതൻ, ആർത്തപരിത്രാണലോലുപൻ, പരോപകാരതല്പരൻ എന്നീ വിവിധ നിലകളിൽ ചരിത്രനായകനെ ഇതിൽ ചിത്രീകരിക്കുവാൻ യത്നിച്ചിട്ടുണ്ട്. ഗ്രന്ഥ രചനയ്ക്കാവശ്യമായ ഒട്ടുവളരെ രേഖകൾ തേടിപ്പിടിക്കുന്നതിൽ മി. ജോർജ്ജ് അഭിനന്ദനീയമായ പരിശ്രമം ചെയ്തിട്ടുണ്ടെന്നുള്ളതു നിസ്തർക്കമാണു്. ചരിത്രസ്പർശികളായ ഒട്ടുവളരെ രേഖകൾ ഉദ്ധരിക്കുകയും കേരളീയ നസ്രാണി സമുദായത്തിലെ പല പരിവർത്തനഘട്ടങ്ങളെ സുദീർഘമായി പ്രതിപാദിക്കയും ചെയ്തിരിക്കുന്നു. മാണിക്കത്തനാരുടെ ജീവിതം നസ്രാണി സമുദായത്തോടു് വളരെ ബന്ധപ്പെട്ടിരുന്നതിനാൽ ഈ ജീവചരിത്രത്തിൽ സമുദായ ചരിത്രത്തിനു് അതർഹിക്കുന്ന സ്ഥാനം നല്കേണ്ടതുണ്ട്. പക്ഷേ, ഇതിൽ ജീവചരിത്രത്തേക്കാൾ സമുദായ ചരിത്രാംശങ്ങളല്ലേ മുഴച്ചു നില്ക്കുന്നതെന്നു തോന്നാതിരിക്കുന്നില്ല.
കേരളവർമ്മ, പുന്നശ്ശേരി, ഏ. ആർ., കെ. സി. തുടങ്ങിയവരുടെ കാലത്തു് അവരോടൊപ്പം സാഹിത്യവീഥിയിൽ സഞ്ചരിച്ചിരുന്ന ഒരാചാര്യനാണു ചരിത്രനായകൻ. ഈ ജീവചരിത്രത്തിലെ 42-ാം, 43-ാം അദ്ധ്യായങ്ങളിൽ മാണിക്കത്തനാരുടെ സാഹിത്യപരിശ്രമങ്ങളെ ഗ്രന്ഥകാരൻ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. അതു കുറെ അധികമായിപ്പോയി എന്നുള്ള വിചാരം സഹൃദയന്മാർക്കുണ്ടാകുമെന്നു തോന്നുന്നില്ല. വളരെയധികം കാര്യങ്ങൾ ഉള്ളടക്കിയിട്ടുള്ള ഈ ഗ്രന്ഥത്തിലെ മറ്റു വിഷയാംശങ്ങളും ഉദ്ധരണങ്ങളും കുറേക്കൂടി ചുരുക്കി, അടുക്കി ഒതുക്കി എഴുതിയിരുന്നെങ്കിൽ ഈ ബൃഹൽഗ്രന്ഥം ഇപ്പോഴത്തെക്കാൾ ആകർഷകമായിത്തീരുമായിരുന്നു.
