ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

ചട്ടമ്പിസ്വാമി തിരുവടികൾ: പറവൂർ കെ. ഗോപാലപിള്ള എഴുതിയിട്ടുള്ള ഒരു ചരിത്രമാണു് ചട്ടമ്പിസ്വാമി തിരുവടികൾ. ഒരു പണ്ഡിതനും ചിന്തകനുമായിരുന്ന സ്വാമിയുടെ, സ്വദേശം, ബാല്യം, വിദ്യാഭ്യാസം, മാനസാന്തരം, ദേശസഞ്ചാരം മുതലായ വിഷയങ്ങളെ 11 അദ്ധ്യായങ്ങളിലും 3 അനുബന്ധങ്ങളിലുമായി സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. അനുബന്ധങ്ങളിൽ ഒന്നാമത്തേതിൽ സ്വാമിയുടെ കൃതികളെപ്പറ്റിയുള്ള നിരൂപണമാണു്. ‘ക്രിസ്തുമതഛേദനം’ എന്ന കൃതിയെപ്പറ്റിയാണു് അതിൽ കൂടുതലും പ്രതിപാദിച്ചിട്ടുള്ളതു്. രണ്ടാമത്തെ അനുബന്ധത്തിൽ സ്വാമിയുടെ ചില ലേഖനങ്ങൾ ഉദ്ധരിച്ചിരിക്കുന്നു. മൂന്നാമത്തേതിൽ സ്വാമിയെപ്പറ്റി പലരും എഴുതിയിട്ടുള്ള സ്മരണകൾ അടങ്ങിയിരിക്കുന്നു. കെ. ഭാസ്‌കരപിള്ളയും സ്വാമികളുടെ ഒരു ജീവചരിത്രം എഴുതിയിട്ടുണ്ടു്.

എ. ഡി. ഹരിശർമ്മയുടെ ‘പതിനൊന്നാം പീയൂസ് മാർപാപ്പ’യും ഈ അവസരത്തിൽ സ്മരണീയമായ ഒരു ജീവചരിത്ര ഗ്രന്ഥമാകുന്നു. കഥാപുരുഷൻ്റെ ഔന്നത്യം വ്യക്തമാക്കുവാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്.

മാർ ളൂയീസ് പഴേപറമ്പിൽ: പണ്ഡിതപ്രകാണ്ഡമായ ഐ. സി. ചാക്കോയാണു് പ്രസ്തുത കൃതിയുടെ കർത്താവ്. കേരളത്തിലെ കത്തോലിക്കാ സുറിയാനി സമുദായത്തിൻ്റെ ഭരണ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ ദൃഢനിശ്ചയത്തോടുകൂടി പ്രവർത്തിച്ചു വിജയം നേടിയ ഒരു മഹാപുരുഷനാണു് മാർ ളൂയീസ് പഴേപറമ്പിൽ. പ്രകാശിതങ്ങളും അപ്രകാശിതങ്ങളുമായ അനവധി രേഖകളുടെ പിന്തുണയോടുകൂടി 34 അദ്ധ്യായങ്ങളും അനേകം അനുബന്ധങ്ങളും ഉൾപ്പെടെ 750 പേജുകളിൽ പ്രസ്തുത മഹാൻ്റെ ചരിത്രം ഇതിൽ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സഭാചരിത്രം ഈ ജീവചരിത്രപാരായണത്തിൽനിന്നു വായനക്കാർക്കു നല്ലപോലെ മനസ്സിലാക്കുവാൻ കഴിയും. ഗ്രന്ഥകാരൻ്റെ ഗവേഷണങ്ങളുടെ വ്യാപ്തിയും, അവയെ ആസ്പദമാക്കി പ്രദർശിപ്പിച്ചിരിക്കുന്ന ചിന്താവൈഭവവും സവിശേഷം അഭിനന്ദനീയമാണു്.