ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

നാണുഗുരുസ്വാമികൾ: ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുള്ള വിശിഷ്ടാദർശത്തെ മുൻനിറുത്തി പ്രവർത്തിച്ചിരുന്ന ഒരു മഹാനാണു് ശ്രീനാരായണ ഗുരുസ്വാമികൾ. കേരളത്തിൽ അങ്ങുമിങ്ങമായി ചിതറിക്കിടന്നിരുന്ന 30 ലക്ഷത്തോളം വരുന്ന ഈഴവ സമുദായത്തെ ഒരു ചരടിലിണക്കിക്കോർക്കുവാൻ ആ മഹാരഥനു സാധിച്ചു.

എസ്‌. എൻ. ഡി. പി. യോഗംപോലെ ബലവത്തരമായ ഒരു സമുദായ സംഘടന കേരളത്തിൽ വേറൊന്നില്ലെന്നുവേണം പറയുവാൻ. അതിൻ്റെ ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിൻ്റെ – കനകജൂബിലിയാണു് 1953 ഏപ്രിൽ അവസാനത്തിൽ കൊല്ലം പട്ടണത്തിൽ വെച്ച് വളരെ ആഡംബരത്തോടുകൂടി ആഘോഷിച്ചതു്. “മനുഷ്യനു ഒരു ജാതിയേയുള്ളു – മനുഷ്യത്വം; മനുഷ്യനു് ഒരു ലക്ഷ്യമേ ആകാവൂ – നന്നാവുക: എന്നു സ്വയം പ്രഖ്യാപിക്കുകയും, വർണ്ണം, വർഗ്ഗം, മതം മുതലായ വിഭാജക വലയങ്ങളുടെ നിരർത്ഥകത വ്യക്തമാക്കുകയും ചെയ്ത ശ്രീ നാരായണഗുരുദേവൻ മനുഷ്യനെ പാരത്രിക ജീവിത ശ്രേയസ്സിനും മോക്ഷത്തിനും ഒരുക്കുവാൻവേണ്ടിയല്ല ഉടലെടുത്തതു്; ഈ ലോകത്തിൽത്തന്നെ അവൻ്റെ നില ഉയർത്തുവാനാണു്. ഉയർന്നജാതിക്കാരെന്നു് അഭിമാനിച്ചിരുന്നവരിൽ നല്ലവർ ഉദാസീനതയോടും അല്ലാത്തവർ അപഹാസപരമായ മനോഭാവത്തോടും കൂടിയാണു് ആ മഹാപുരുഷൻ്റെ സന്ദേശം ശ്രവിച്ചിരുന്നതും പരിശ്രമം വീക്ഷിച്ചിരുന്നതും… ഇന്നു ബഹുമാനവും, സ്നേഹവും, കൃതജ്ഞതയും സ്ഫുരിക്കുന്ന ചുണ്ടുകളോടുകൂടിയല്ലാതെ ശ്രീനാരായണ ഗുരുസ്വാമിയേയും, അദ്ദേഹം സംഘടിപ്പിച്ചുയർത്തിയ സ്ഥാപനങ്ങളേയും കുറിച്ച് ആരും സംസാരിക്കുകയില്ലെന്നു വന്നിട്ടുണ്ടു.”* അങ്ങനെയുള്ള ഒരു മഹാപുരുഷൻ്റെ ജീവചരിത്രം മുർക്കോത്തു കുമാരൻ എഴുതിയിട്ടുള്ളതാണു് നാണുഗുരുസ്വാമികൾ (രണ്ടു ഭാഗങ്ങൾ). ഒന്നാം ഭാഗത്തിൽ യോഗാഭ്യാസത്തെപ്പറ്റിയും സ്വാമിയുടെ ജീവചരിത്രത്തെപ്പറ്റിയും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. യോഗാഭ്യാസത്തെപ്പറ്റിയുള്ള പ്രാരംഭ ഭാഗം കൂടുതൽ ശ്രദ്ധേയമാണു്. 2-ാം ഭാഗത്തിൽ സ്വാമികൾ സാധിച്ച മതപരിഷ്കാരം, സമുദായപരിഷ്കാരം, അവിടത്തെ സ്വഭാവശുദ്ധി, കവിതകൾ എന്നിവയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. കഥാനായകൻ്റെ നേട്ടങ്ങളും വ്യക്തിവിലാസവും സമ്യക്കായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇത്തരം മഹാപുരുഷന്മാരുടെ കൃതികൾ രചിക്കുമ്പോൾ ഭക്തന്മാരിൽനിന്നു് അത്യുക്തികളും അതിശയോക്തികളും കുറെയൊക്കെ വന്നുപോകാവുന്നതാണു്. ആ ഒരു ന്യൂനത പ്രസ്തുത ജീവചരിത്രത്തേയും കുറെയൊക്കെ ബാധിച്ചിട്ടുണ്ടു്.

കെ. ആർ. ഭാസ്‌കരൻ, മയ്യനാടു് കെ. ദാമോദരൻ എന്നിവരും നാരായണ ​ഗുരുസ്വാമിയുടെ ഓരോ ജീവചരിത്രം നിർമ്മിച്ചിട്ടുള്ളതും ഈ അവസരത്തിൽ പ്രസ്താവാർഹമാണു്.