ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

നാടകത്തിലേയും കഥകളിലേയും കഥാപാത്രങ്ങൾ കവികല്പിതങ്ങളായിരിക്കുമ്പോൾ ജീവചരിത്രത്തിലേതു് യഥാർത്ഥ മനുഷ്യരായിരിക്കുന്നു. തന്നിമിത്തം പ്രസ്തുത കഥാപാത്രങ്ങൾ നാടകത്തിലേയും നോവലിലേയും കഥാപാത്രങ്ങളേക്കാൾ മനുഷ്യജീവിതത്തോടു കൂടുതൽ ബന്ധപ്പെട്ടവരായിരിക്കുമെന്നുള്ളതു് നിർവ്വിവാദമാണു്. ജീവചരിത്ര ഗ്രന്ഥങ്ങൾക്കു കഥാഗ്രന്ഥങ്ങളേക്കാൾ മേന്മയേറുന്നതും അതുകൊണ്ടുതന്നെ. മിക്ക ഭാഷകളിലേയും ആദിമ ജീവചരിത്ര ഗ്രന്ഥങ്ങളിൽ അധികവും ചരമ പ്രസംഗങ്ങളുടെ ഛായയിലുള്ള വ്യക്തി സ്തോത്രങ്ങളായിട്ടാണു കാണുക. വീരാരാധന എല്ലാ ദേശത്തും നടപ്പിലിരുന്ന ഒന്നാണല്ലോ തന്നെയുമല്ല, മരിച്ചവരെപ്പറ്റി ദോഷ പ്രഖ്യാപനം ചെയ്യുന്നതു് ഒരു മഹാപാപമായിട്ടുകൂടി ലോകം ഗണിച്ചു പോരുന്നു. ‘പരേതൻ്റെ ശരീരത്തോടൊപ്പം ദോഷാംശങ്ങളെ കുഴിച്ചു മൂടണമെന്നത്രേ സമുദായസാങ്കതം വിധിച്ചിട്ടുള്ളതു്. മൺ മറഞ്ഞവരെ ഭക്തി സ്നേഹാദരങ്ങളോടുകൂടിമാത്രമേ സ്മരിക്കാവൂ. അവരുടെ കുറ്റങ്ങളെയും കുറവുകളെയും കുത്തിപ്പൊക്കിക്കാണിക്കരുതു്” എന്നൊക്കെയാണു മനുഷ്യർ എല്ലാക്കാലത്തും എല്ലാ ദേശത്തും നിശ്ചയംചെയ്തിട്ടുള്ളതു്. ജീവചരിത്രങ്ങൾ സ്തുതിപാഠകങ്ങളായും തൽകർത്താക്കൾ ഗുണൈകദൃക്കുകളായും പരിണമിക്കുന്നതിനു് അതു് ഒരു കാരണമായിരുന്നു.

ഭാരതീയർ, വിശേഷിച്ചും കേരളീയർ, വീരാരാധകർ എന്നുള്ളത് പ്രസിദ്ധമാണല്ലോ. അതിനാൽ കേരളീയരുടെ ജീവചരിത്രങ്ങളിൽ ഏറിയപങ്കും പ്രശസ്തി പരങ്ങളായിത്തീർന്നിട്ടുള്ളതിൽ വിസ്മയിപ്പാനില്ല. അവയിലെ നായികാനായകന്മാർ പുരാണകഥകളിലെ പാത്രങ്ങളെപ്പോലെ ദോഷരഹിതരും അസാധാരണരുമായിരിക്കും. നമ്മുടെ പല ചരിത്രാഖ്യായികകളിലും കാണപ്പെടുന്ന കഥാപാത്രങ്ങളെ സൂക്ഷിച്ചാൽ ഈ വസ്തുത നല്ലപോലെ വ്യക്തമാകും. സി. വി.യുടെ മാർത്താണ്ഡവർമ്മ, അനന്തപത്മനഭൻ, ധർമ്മരാജ, രാജാകേശവദാസ് മുതലായ കഥാപാത്രങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നവരായി വിശ്വസിക്കാൻ പ്രയാസപ്പെടും. അത്രത്തോളം അവരെ വാസ്തവജീവിതത്തിൽ നിന്നു് വളരെ ഉയർത്തിപ്പിടിച്ചിരിക്കയാണു്. നമ്മുടെ ജീവചരിത്രകാരന്മാരും ഈ സമ്പ്രദായം തന്നെയാണു് അധികവും കൈക്കൊണ്ടുപോന്നിട്ടുള്ളതു്.