ജീവചരിത്രപ്രസ്ഥാനം
ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള : കലാകാരന്മാരിൽ ചിലരുടെ ജീവചരിത്രങ്ങളെപ്പറ്റിയാണ് ഇതേവരെ പ്രസ്താവിച്ചതു്. ഇതര രംഗങ്ങളിൽ – സമുദായം, മതം, രാഷ്ട്രം, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ – പ്രവർത്തിച്ചിരുന്ന മഹാരഥന്മാരിൽ ചിലരുടെയെല്ലാം ജീവചരിത്രങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതിനെപ്പറ്റി മാത്രം പ്രസ്താവിക്കാം. സാമുദായിക ജിവചരിത്രങ്ങളിൽ ആദ്യമായി പറയേണ്ടതു്, സി. നാരായണപിള്ള എഴുതിയിട്ടുള്ള ചങ്ങനാശ്ശേരി പരമേശരൻപിള്ളയുടെ ചരിത്രമാണു്. തിരുവിതാംകൂറിലെ നായർ സർവീസ് സൊസൈറ്റിയുടെ സ്രഷ്ടാവും, അതിൻ്റെ അദ്ധ്യക്ഷനും, അതിൻ്റെ സർവ്വസ്വവുമായിരുന്ന ‘ചങ്ങനാശ്ശേരി,’ തികഞ്ഞ ഒരു സാമുദായിക പ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായിരുന്നു. മന്നത്തിനു് ആ സമുദായത്തിൻ്റെ ശക്തിയെ വളരെയേറെ പുരോഗമിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടു്. എന്നിരുന്നാലും ചങ്ങനാശ്ശേരിയുടെ കഴിവുകളുടെ മാറ്റും നിറവും ഒന്നുവേറെ തന്നെ. കഥാനായകൻ്റെ പ്രഭാവത്തെ വ്യക്തമാക്കുവാൻ ഗ്രന്ഥകർത്താവു് ഏറ്റവും പാടവത്തോടുകൂടി ഈ കൃതിയിൽ പരിശ്രമിച്ചിട്ടുണ്ടു പക്ഷേ, അസാധാരണമായ കഴിവുകളുള്ള കഥാനായകൻ്റെ ചില ദൗർബല്യങ്ങളെ ആവരണം ചെയ്യുവാൻവേണ്ടി ഗ്രന്ഥകാരൻ സമകാലികന്മാരെ ഇത്രയേറെ നിശിതവും നിർദ്ദയവുമായി വിമർശിക്കേണ്ടതില്ലായിരുന്നു. നായകപൂജ കുറെ അധികമായിത്തീർന്നിട്ടുണ്ടെങ്കിലും പാശ്ചാത്യ ജീവചരിത്രങ്ങളുടെ മാതൃകയിൽ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു നല്ല ജീവചരിത്രമാണിതെന്നു പറയാം.
