ജീവചരിത്രപ്രസ്ഥാനം
കുമാരനാശാൻ: ആശാൻ്റെ ജീവിതം, കല, ദർശനം തുടങ്ങിയവയെ അതതു കാലത്തിൻ്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു ചിത്രണം ചെയ്തിട്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമാണു് കെ. സുരേന്ദ്രൻ്റെ ‘കുമാരനാശാൻ.’ – ആശാനെപ്പോലെ അന്തർമ്മുഖമായ ഒരു വീക്ഷണഗതി സുരേന്ദ്രൻ്റെ പ്രതിപാദനങ്ങൾക്കുമുണ്ട്.
വിശ്വസാഹിത്യശില്പികൾ: അഖില ലോക പ്രശസ്തരായ 50-ലേറെ സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങൾ കെ. പി. ശങ്കരമേനോൻ, കെ. ടി. ഗോവിന്ദമേനോൻ എന്നിവർ ചേർന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു ‘വിശ്വസാഹിത്യശില്പികൾ.’ 1901 മുതൽക്കാണു് സ്വീഡിഷ് അക്കാദമി വിശ്വോത്തരന്മാരായ സാഹിത്യകാരന്മാരെ നോബൽ സമ്മാനം നല്കി മാനിക്കാൻ തുടങ്ങിയതു്. ആ വിധത്തിൽ സമ്മാനാർഹരായിത്തീർന്ന സാഹിത്യനായകന്മാരുടെ സംക്ഷിപ്തമായ ജീവചരിത്രങ്ങളും, അവരുടെ കൃതികളെപ്പറ്റിയുള്ള സാമാന്യ വിവരണങ്ങളും പ്രസ്തുത ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു.
ഇതിലെ സാഹിത്യനായകന്മാരെസ്സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിൽ ഗ്രന്ഥകർത്താക്കൾ വളരെയേറെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ടന്നുള്ളതിൽ സംശയമില്ല. 1901 മുതലാണു് നോബൽസമ്മാനം ആരംഭിച്ചതെന്നു മുമ്പു പറഞ്ഞുവല്ലോ. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റുലിയൻ, നോർവീജിയൻ, സ്വീഡിഷ്, സ്പാനിഷ് മുതലായ ഭാഷകളിലെ പ്രഗത്ഭ സാഹിത്യകാരന്മാരാണു് സമ്മാനാർഹരായിത്തീർന്നിട്ടുള്ളവർ. 1913-ൽ നോബൽസമ്മാനം നേടിയ ടാഗോറിനെ ഒഴിച്ചാൽ ഏഷ്യയിലെ സാഹിത്യകാരന്മാരിൽ ആരുംതന്നെ അതിനു് അർഹരായിട്ടില്ലെന്ന് വേണം പറയുവാൻ.
1901-ൽ ആദ്യത്തെ നോബൽ സമ്മാനം ലഭിച്ചതു് ആൽഫ്രഡ് നോബൽ എന്ന മഹാനായിരുന്നു. ആദ്ദേഹത്തെത്തുടർന്ന്, 1913-ൽ പതിനഞ്ചമതായി ആ സമ്മാനം നേടിയതു നമ്മുടെ മഹാകവിയായ രവീന്ദ്രനാഥ ടാഗോറും, 1956-ൽ സമ്മാനാർഹനായിത്തീർന്നതു് ജുവാൻ റേമൺജ്മനസ് എന്ന മഹാനുമത്രെ 1940 മുതൽ 1943 വരെ ആർക്കും ലഭിച്ചതായി കാണുന്നില്ല. ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തയിട്ടുള്ളതു് 1956-ലാകയാൽ, അതുവരെയുള്ള വിശ്വസാഹിത്യകാരന്മരെപ്പറ്റിയാണു് ഇതിൽ പ്രതിപാദിച്ചിട്ടുള്ളതു്. ഓരോ സാഹിത്യകാരനേയും പറ്റി പ്രതിപാദിക്കുമ്പോൾ കഴിവുള്ളിടത്തോളം അദ്ദേഹത്തിൻ്റെ കൃതികളുടെ ഉള്ളടക്കവും പറഞ്ഞുപോകാൻ ശ്രമിച്ചിട്ടുണ്ടു്. അതോടൊപ്പം അവയെപ്പറ്റിയുള്ള ലഘുവിമർശങ്ങളും യഥാസ്ഥാനം കൊള്ളിക്കുവാൻ ശ്രമിക്കാതിരുന്നിട്ടില്ല. ചുരുക്കത്തിൽ, വിശ്വസാഹിത്യത്തിൻ്റെ പ്രാതിനിധ്യം വഹിക്കുന്ന അനേകം മഹതീമഹാന്മാരുമായി നമ്മെ പരിചയപ്പെടുത്തുന്നതിനു ഗ്രന്ഥകർത്താക്കൾ ഇതിൽ അഭിനന്ദനീയമായ ശ്രമം ചെയ്തിട്ടുണ്ടു്.
