ജീവചരിത്രപ്രസ്ഥാനം
ഗോയ്ഥേ: കേരളീയർക്കു സുപരിചിതരായ പാശ്ചാത്യകലാകാരന്മാർ പലരുമുണ്ടു്. എന്നാൽ അവരെ സംബന്ധിച്ചുള്ള സമഗ്രമായ ജീവചരിത്രമൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല. ആ കുറവിനെ പരിഹരിക്കുന്ന ഒന്നത്രേ ജർമ്മൻകവി ഗോയ്‌ഥേയെക്കുറിച്ചു് ഇ. എം. ജെ. വെണ്ണിയൂർ എഴുതിയിട്ടുള്ള ‘ഗോയ്ഥേ’ എന്ന ജീവചരിത്രം. ശാകുന്തളത്തെപ്പറ്റി ഭാരതീയർക്കെന്നും അഭിമാനപ്രദമായ അഭിനന്ദനം രേഖപ്പെടുത്തിയിട്ടുള്ള ആ വിശ്വമഹാകവിയെ, നമുക്ക് ഒരിക്കലും വിസ്മരിക്കുവാൻ സാധ്യമല്ലല്ലോ. ഗോയ്‌ഥേയുടെ അനവധി കൃതികളും, അദ്ദേഹത്തെക്കുറിച്ചെഴുതിയിട്ടുള്ള അനേകം ജീവചരിത്രങ്ങളും പഠിച്ചു്, വെണ്ണിയൂർ എഴുതിയിട്ടുള്ളതാണു് ഈ കൃതി. കവിതകളും കഥനങ്ങളും ചിത്രീകരണങ്ങളും നിരൂപണങ്ങളും എല്ലാം ഇടകലർന്നുള്ള ഒരു പ്രതിപാദനമാണു് ഗ്രന്ഥത്തിൽ ആപാദചൂഡമുള്ളതു്. ലളിതവും ചൈതന്യസമുജ്ജ്വലവുമായ ഒരു ശൈലി വെണ്ണിയൂരിനു സ്വാധീനമായിട്ടുണ്ടു് .
ടോൾസ്റ്റോയിയുടെ കഥ: നമ്മുടെ ജീവചരിത്രശാഖയ്ക്ക് എണ്ണപ്പെട്ട ഒരു മുതൽക്കൂട്ടാണു് കെ. സുരേന്ദ്രൻ എഴുതിയിട്ടുള്ള ‘ടോൾസ്റ്റോയിയുടെ കഥ.’ പ്രസ്തുതകൃതിയെപ്പറ്റി പി. എ. വാരിയർ പുറപ്പെടുവിച്ചിട്ടുള്ള ഒരഭിപ്രായംമാത്രം ഇവിടെ ഉദ്ധരിക്കുവാനാണു് ഞാൻ ആഗ്രഹിക്കുന്നതു്. “മാനുഷികവശത്തിനും വ്യക്തിജീവിതത്തിനും പ്രാധാന്യം നല്കിക്കൊണ്ടു്, നാടകീയവും കഥാപരവുമായ ശില്പങ്ങൾ കോർത്തിണക്കി ദാമ്പത്യജീവിതത്തിലേയും സ്വന്തം ഹൃദയത്തിലേയും സംഘട്ടനങ്ങൾ സമർത്ഥമായി ചിത്രീകരിച്ചു, ജീവിതചിന്തകളും കലാചിന്തകളും സരളമായി പ്രതിപാദിച്ചു, പ്രധാന ഗ്രന്ഥങ്ങളുടെ ഉള്ളറകളിലേക്കു കൈത്തിരി നീട്ടിക്കാട്ടി രചിക്കപ്പെട്ട ഈ ജീവചരിത്രം ഒരു നോവൽ പോലെ വായിച്ചുപോകാവുന്ന ഒരു ‘കലാസൃഷ്ടിയത്രേ’.’
