ജീവചരിത്രപ്രസ്ഥാനം
നമ്മുടെ സാഹിത്യകാരന്മാർ: പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ്റെ ജീവചരിത്രപരമ്പര മലയാളഭാഷയ്ക്ക് അമൂല്യമായ ഒരു നേട്ടമാണ്. സാഹിത്യകാരന്മാരുടെ കൃതികളെപ്പററിയുള്ള നിരൂപണങ്ങളേക്കാൾ പ്രയോജനം അവരെപ്പറ്റി അന്വേഷിച്ചും അറിഞ്ഞും സമാഹരിച്ചിട്ടുള്ള വിവരണങ്ങൾക്കാണെന്നുള്ള വസ്തുത സമ്മതിച്ചേ മതിയാവൂ. ഭാവി ചരിത്രകാരന്മാർക്ക് ആവക വിവരണങ്ങൾ പലപ്രകാരത്തിലും പ്രയോജനപ്പെടുന്നതുമാണു്. അതിനാൽ കുഞ്ഞുകൃഷ്ണൻ്റെ ഈ വഴിക്കുള്ള ശ്രമം ഏതുകൊണ്ടും അഭിനന്ദനീയമായിട്ടുള്ളതുതന്നെ. ഇതിനകം അദ്ദേഹം ‘നമ്മുടെ സാഹിത്യകാരന്മാർ’ എന്ന ജീവചരിത്രസമാഹാരപരമ്പരയുടെ 13 ഭാഗങ്ങൾ – അതായതു് അറുപതോളം സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങൾ – പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ പുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുള്ള സാഹിത്യകാരന്മാരിൽ മിക്കവരുടേയും ജീവചരിത്രങ്ങൾ സംക്ഷിപ്തങ്ങളെങ്കിലും സാമാന്യം സമഗ്രമായിത്തന്നെ പ്രതിപാദിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടു്. നമ്മുടെ സാഹിത്യകാരന്മാരിൽ പലരും ചിരഞ്ജീവികളല്ലല്ലോ. വിസ്മൃതിയിൽ വിലയിച്ചു പോകുമായിരുന്ന അത്തരത്തിലുള്ളവരെയും ചിരഞ്ജീവികളാക്കാൻ കുഞ്ഞുകൃഷ്ണൻ ശ്രമിച്ചുകാണുന്നതു് അഭിനന്ദനീയമാണു്. സാഹിത്യപ്രണയികൾക്ക് അവിസ്മരണീയമായ ഒരു സേവനമാണു്, കുഞ്ഞുകൃഷ്ണൻ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നു പറഞ്ഞേ മതിയാവൂ. ഓരോന്നിലും പരാമൃഷ്ടരായ വ്യക്തികളേയും കൃതികളേയുംകുറിച്ചു സാമാന്യം സമഗ്രമായ അറിവു നല്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ടു്. കുഞ്ഞുകൃഷ്ണൻ്റെ അഭിനന്ദനീയമായ ഈ പരിശ്രമം അവിഘ്നം പുരോഗമിക്കട്ടെ എന്നു നമുക്കാശംസിക്കാം.
ടാഗോർ: കൃഷ്ണകൃപലാനി ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള ഒരു സംക്ഷിപ്ത ജീവചരിത്രത്തിൻ്റെ വിവർത്തനമാണിത്. ഗ്രന്ഥകർത്താവിനു ഗുരുദേവനോടുള്ള അഗാധഭക്തിയും, അദ്ദേഹത്തിൻ്റെ കൃതികളോടുള്ള ആഭിമുഖ്യവുമാണു് ഈ ഗ്രന്ഥത്തിൽ ഉടനീളം വിളങ്ങുന്നതു്. മഹാകവിയുടെ ബഹുമുഖമായ വ്യക്തിപ്രഭാവത്തെ ഉചിതരൂപത്തിൽ പ്രകാ ശിപ്പിക്കുവാനും ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ടു്. ഡോക്ടർ കെ. എം. ജോർജ്ജാണ് ഈ ജീവചരിത്രത്തിൻ്റെ വിവർത്തകൻ, ശുദ്ധവും സുന്ദരവുമായ ശൈലിയിൽ ഭാഷാന്തരം ചെയ്തിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ജീവചരിത്രശാഖയ്ക്ക് ഒരു നേട്ടംതന്നെയാണു്.
