ജീവചരിത്രപ്രസ്ഥാനം
പ്രസ്തുത ജീവചരിത്രം മൂന്നു ഭാഗങ്ങളായിട്ടാണു പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഒന്നാം ഭാഗത്തിൽ ചരിത്രപുരുഷൻ 1038 കുംഭം 9-ാം തീയതി ഭൂജാതനായതു മുതൽ 1074-ൽ തിരുവനന്തപുരം സംസ്കൃത മഹാപാഠശാലയിൽ പ്രിൻസിപ്പൽ ആകുന്നതുവരെയുള്ള 36 വർഷത്തെ സംഭവങ്ങൾ എട്ട് അദ്ധ്യായങ്ങളിലായി വിവരിക്കുന്നു. സാഹിത്യസേവനം എന്ന എട്ടാമദ്ധ്യായത്തിൽ, 1069 മുതൽ 1074 വരെയുള്ള ആദ്യഘട്ടത്തിലെ കൃതികളെപ്പറ്റിയാണു പ്രതിപാദിക്കുന്നതു്. രണ്ടാം ഭാഗത്തിൽ, ചരിത്രനായകൻ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ, നാട്ടുഭാഷാ സൂപ്രണ്ടായി നിയമിതനാകുന്നതു മുതൽ 1085-ൽ അവിടത്തെ പ്രൊഫ്സർ ആകുന്നതുവരെയുള്ള കഥകൾ അടങ്ങിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ അവിടത്തെ സാഹിത്യസേവനത്തിൽ ഏറ്റവും മുഖ്യമായതു്, ‘ആംഗലസാമ്രാജ്യ’നിർമ്മാണമാണു്. ആ കൃതിയെപ്പറ്റി ഗ്രന്ഥകർത്താക്കൾ സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്. 1085 മുതൽ കോയിത്തമ്പുരാൻ്റെ ജീവിതാന്ത്യമായ 1093 വരെയുള്ള കാലഘട്ടത്തിലെ സംഭവങ്ങളാണ്, മൂന്നാം ഭാഗത്തിൽ വിവരിക്കുന്നതു്. കേരളപാണിനീയത്തിൻ്റെ ആദ്യത്തെ പതിപ്പിനെപ്പറ്റിയുണ്ടായ ആക്ഷേപങ്ങൾ പരിഹരിച്ചു് അതു് ആഗമികപ്രസ്ഥാനത്തിൽ പുതുക്കി പ്രസിദ്ധീകരിച്ചത് ഈ ഘട്ടത്തിലാണു്. ആധുനിക മലയാള ഗദ്യരചനയ്ക്ക് എല്ലാവിധത്തിലും മാർഗ്ഗദർശനമായിത്തീർന്നിട്ടുള്ള ‘സാഹിത്യസാഹ്യം’ എന്ന പ്രാമാണിക ഗ്രന്ഥത്തിൻ്റെ രചനയും ഈ കാലഘട്ടത്തിൽത്തന്നെയാണു നടന്നിട്ടുള്ളതു്. സ്മര്യ പുരുഷനെസ്സംബന്ധിച്ച ഓരോ കാര്യവും കാലനിർണ്ണയം ചെയ്തു പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുള്ളതു്, ഭാവിഗവേഷകന്മാർക്കു ബുദ്ധിമുട്ടുകൾ കുറയുവാനും, ഇപ്പോൾത്തന്നെ മനോധർമ്മത്തോടുകൂടി ചില എഴുത്തുകാർ വാസ്തവമെന്നവണ്ണം തട്ടിമൂളിച്ചുകഴിഞ്ഞിട്ടുള്ള ചില അഭിപ്രായങ്ങളുടെ ചെമ്പു തെളിക്കുവാനും പ്രയോജനപ്പെടുന്നതുതന്നെയാണു്. മലയാള സാഹിത്യാന്തരീക്ഷത്തിലെ ഉജ്ജ്വല തേജസ്സായി വാണിരുന്ന ആ അപ്രതിമ പ്രതിഭാപ്രഭാവൻ്റെ സമ്പൂർണ്ണവും വിശ്വാസ്യവുമായ ഒരു ജീവചരിത്രം അദ്ദേഹത്തിൻ്റെ മക്കൾതന്നെ എഴുതി പ്രസിദ്ധപ്പെടുത്തുവാനിടയായതു” കൈരളിയുടെ ഭാഗ്യവിശേഷമെന്നേ പറയേണ്ടൂ.
