ജീവചരിത്രപ്രസ്ഥാനം
മൺമറഞ്ഞ ഭാഷാകവികൾ: സാഹിത്യകാരന്മാരുടെ ലഘുജീവചരിത്രങ്ങൾ വളരെ മുമ്പേമുതൽ എഴുതിപ്പോന്നിട്ടുള്ള ഒരു സാഹിത്യകാരനാണു് ചെന്നിത്തല കൃഷ്ണയ്യർ. അഴകത്തു പത്മനാഭക്കുറുപ്പ്, പന്തളം കൃഷ്ണവാര്യർ തുടങ്ങി കഴിഞ്ഞ തലമുറയിലെ പന്ത്രണ്ടു ഭാഷാകവികളുടെ ജീവിതം, കൃതികൾ എന്നിവയെപ്പറ്റി മണ്ഡനപരമായി ചിത്രീകരിച്ചിട്ടുള്ളതാണു് ‘മൺമറഞ്ഞ ഭാഷാകവികൾ’. ‘കവിരത്നമാല’ എന്നൊരു കൃതിയും ഇത്തരത്തിൽ കൃഷ്ണയ്യർ ഇതിനു മുമ്പുതന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എ. ആർ. രാജരാജവർമ്മ: ഇനിയും സമ്പന്നമായിക്കഴിഞ്ഞിട്ടില്ലാത്ത ഒരു സാഹിത്യശാഖയാണു് ജീവചരിത്രം. അതിനാൽ ആ ശാഖയിൽ നിർമ്മിക്കുന്ന ഏതു കൃതിയും സ്വാഗതാർഹമെന്ന ഒരു നിലയാണു് നമുക്കിപ്പോഴുള്ളതു്. കഥാപുരുഷൻ നമ്മുടെ ആദരാഭിനന്ദനങ്ങളെ എന്നും അർഹിക്കുന്ന ഒരു പ്രതിഭാപ്രഭാവൻകൂടിയായിരുന്നാലോ പറയാനുമില്ല. അത്തരത്തിലുള്ള ഒരു മഹാപുരുഷനാണു് ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ. അദ്ദേഹത്തിൻ്റെ ജീവചരിത്രം കേരള പാണിനി എന്ന പേരിൽ പി. അനന്തൻപിള്ളയും, രണ്ടു സാഹിത്യനായകന്മാർ എന്ന പേരിൽ ഏ. ഡി. ഹരിശർമ്മയും ഭാഷയിൽ വളരെ മുമ്പുതന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. എന്നാൽ അവയിൽ കഥാനായകനെസ്സംബന്ധിച്ച വിജ്ഞേയങ്ങളായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിക്കുവാൻ തൽക്കർത്താകൾക്കു സാധിച്ചിട്ടില്ല. ആ ന്യൂനതയെ പരിഹരിക്കുവാൻ, കഥാപുരുഷൻ്റെ മക്കളായ എം. ഭാഗീരഥിഅമ്മത്തമ്പുരാൻ, എം. രാഘവവർമ്മരാജാ എം. എ. എന്നിവർ സന്നദ്ധരായതു് ഏതുകൊണ്ടും അഭിനന്ദനീയം തന്നെ. ചരിത്രനായകനായ പിതാവിൽ നിന്നു നേരിട്ടറിയാവുന്ന അനുഭവങ്ങളേയും, അദ്ദേഹത്തിൻ്റെ ഡയറിക്കുറിപ്പുകളേയും, അദ്ദേഹംതന്നെ എഴുതിവച്ചിരുന്ന ആത്മകഥാവിവരണത്തിൻ്റെ ആദ്യഭാഗങ്ങളേയും, ചരിത്രനായകൻ്റെ പ്രമുഖ ശിഷ്യനായ കെ. സി. കേശവപിള്ളയുടെ ഡയറിക്കുറിപ്പുകളേയും മറ്റും ആസ്പദമാക്കി എഴുതിയിട്ടുള്ള ഈ ജീവചരിത്രം മറ്റു ജീവചരിത്രങ്ങളേക്കാൾ കൂടുതൽ സത്യസന്ധമായിട്ടുള്ളതെന്നു നമുക്കു കരുതാവുന്നതാണു്.
