ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

വള്ളത്തോൾ: ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ മഹാകവിത്രയത്തിൻ്റെ ജീവചരിത്രങ്ങൾ അനുപേക്ഷണീയങ്ങളാണു്. അവയിൽ ആദ്യത്തെ രണ്ടു മഹാപുരുഷന്മാരുടെയും ചില ജീവചരിത്രങ്ങൾ നാം കണ്ടുകഴിഞ്ഞു. മഹാകവി വള്ളത്തോളിൻ്റെ ജീവചരിത്രത്തെപ്പറ്റിയാണു് ഇനി ഇവിടെ കുറിക്കുവാനുള്ളത്. വള്ളത്തോളിൻ്റെ ജീവചരിത്രം, ആദ്യം നാലപ്പാട്ടു നാരായണമേനവനും, പിന്നീടു കുറ്റിപ്പുറത്തു കിട്ടുണ്ണിനായരും മുമ്പേതന്നെ രചിച്ചിരുന്നു. എന്നാൽ അവ ലഘുജീവചരിത്രങ്ങൾ എന്ന നിലമാത്രമേ അർഹിച്ചിരുന്നുള്ളു, വി. ഉണ്ണിക്കൃഷ്ണൻ നായർ ഈയിടെ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘വള്ളത്തോൾ’ മഹാകവിയുടെ മിക്കവാറും സമഗ്രമായ ഒരു ജീവചരിത്രമാണു്. ആദ്യത്തെ രണ്ടു ജീവചരിത്രങ്ങളിലും പ്രകാശിതമായിട്ടില്ലാത്തതും മഹാകവിയെസ്സംബന്ധിച്ച് അറിയേണ്ടതുമായ ഒട്ടേറെ അംശങ്ങൾ ഉൾക്കൊള്ളിച്ചു 27 അദ്ധ്യായങ്ങളിലായി 450-ൽ അധികം പേജുകളിൽ രചിച്ചിട്ടുള്ള വിപുലമായ ഒരു ഗ്രന്ഥമാണിതു്. മഹാകവിയുടെ സമകാലീനരും അതിപരിചിതരുമായ സുഹൃത്തുക്കളാണു് ഈ മൂന്നു ജീവചരിത്രങ്ങളുടെയും നിമ്മാതാക്കൾ എന്ന വസ്തുത പ്രത്യേകം പ്രസ്താവ്യമാണു്.

ഗുരുമാതുലൻ്റെ കീഴിൽ വിദ്യാഭ്യാസം ആരംഭിക്കുന്നതു മുതൽ കവി താങ്കരം വരെയുള്ള കാര്യങ്ങൾ ഗുരുകുലം എന്ന ഒന്നാമദ്ധ്യായത്തിൽ വിവരിക്കുന്നു. സാഹിത്യപശ്ചാത്തലം മുതൽ വ്യക്തിപ്രഭാവംവരെയുള്ള കാര്യങ്ങൾ യഥാക്രമം മറ്റു അദ്ധ്യായങ്ങളിലും. മഹാകവിയുടെ കൃതികളെപ്പറ്റിയുള്ള വിവരണങ്ങളാണു് ഈ ജീവചരിത്രത്തിലെ ഏറിയ ഭാഗവും എന്നുതന്നെ പറയാം. ബധിര വിലാപം മുതൽക്കിങ്ങോട്ടു മഹാകവി പുറപ്പെടുവിച്ചിട്ടുള്ള പ്രധാന കൃതികൾ ഓരോന്നും, ഓരോ അദ്ധ്യായങ്ങളുടെ തലക്കെട്ടായിത്തന്നെ സ്വീകരിച്ചിരിക്കയാണു്. മഹാകവിയുടെ പ്രധാന കൃതികളെപ്പറ്റിയുള്ള ഒന്നാംതരം നിരൂപണങ്ങൾ ഇവ ഓരോന്നിലും അടങ്ങിയിരിക്കുന്നു. അതിപരിചയവും ആരാധനാസ്വഭാവവും കൊണ്ടു സംഭവിക്കാവുന്ന വൈകല്യങ്ങൾ പ്രസ്തുത നിരൂപണങ്ങളിൽ ഒന്നിലും പ്രകടമായി കാണുന്നില്ല. ദേശാന്തരങ്ങളിൽപ്പോലും കേരളത്തേയും കഥകളി തുടങ്ങിയ കേരളീയ കലകളേയുംപറ്റി വേണ്ടത്ര അറിവും മതിപ്പും വർദ്ധിപ്പിച്ച മഹാകവിയുടെ ജീവിത ജൈത്രയാത്രയുടെ ചരിത്രം ഉണ്ണിക്കൃഷ്ണൻനായർ ഇതിൽ പരിപൂർണ്ണമായിത്തന്നെ നിബന്ധിച്ചിട്ടുണ്ടു്. ആധുനിക തലമുറയ്ക്കു തീരെ പരിചിതമല്ലാത്ത അനേകം വസ്തുതകൾ ഈ ജീവചരിത്രം വെളിപ്പെടുത്തിയിട്ടുള്ളതും ശ്രദ്ധേയവും പ്രസ്താവ്യവുമാണു്. സരളവും ശുദ്ധവുമായ ഭാഷാശൈലി; അവസരോചിതമായ ധാരാളം ചിത്രങ്ങൾ; ആകർഷകമായ അച്ചടിയും ബയൻ്റിംഗും. ഏതു നിലയിലും കൈരളിയുടെ ജീവചരിത്രശാഖയ്ക്ക് ഈടുറ്റ സംഭാവനയായിട്ടുണ്ട് ഉണ്ണിക്കൃഷ്ണൻനായരുടെ ‘വള്ളത്തോൾ’.

സ്വദേശാഭിമാനി: അതേ പേരിൽ പ്രസിദ്ധനായിത്തീർന്നിട്ടുള്ള കെ. രാമകൃഷ്ണപിള്ളയുടെ ഒരു ജീവചരിത്രമാണിതു്. കെ. ഭാസ്കരൻ പിള്ളയാണു് ഗ്രന്ഥകർത്താവു്. കഥാനായകൻ്റെ ജീവിതചരിതം, തരംതിരിച്ച് 22 അദ്ധ്യായങ്ങളിലായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു പത്രപ്രവത്തകനും നിരൂപകനുമായിരുന്ന രാമകൃഷ്ണപിള്ളയെ യഥാതഥം ചിത്രീകരിക്കുവാൻ ഭാസ്‌കരൻപിള്ളയ്ക്കു കഴിഞ്ഞിട്ടുണ്ട്. ചില എഴുത്തുകാർ ചെയ്യാറുള്ളതുപോലെ കുറ്റങ്ങളും കുറവുകളും മാറ്റിവച്ചു തങ്കം പൂശി പ്രകാശിപ്പിക്കുവാൻ അദ്ദേഹം മുതിർന്നിട്ടില്ല. ദൗർബല്യങ്ങളും നന്മകളും ഒരു മനുഷ്യനിൽ സമ്മേളിച്ചുകാണുമെന്നുള്ള വിശ്വാസത്തോടുകൂടിത്തന്നെയാണു് ഗ്രന്ഥകാരൻ സ്വദേശാഭിമാനിയുടെ ചരിത്രം കുറിച്ചിട്ടുള്ളതു്. അന്നത്തെ സാമുദായിക രാഷ്ട്രീയസ്ഥിതികളെ ശരിക്കും ഉള്ളിൽ കണ്ടുകൊണ്ടുമാണു് ഭാസ്കരൻപിള്ള ഈ ജീവചരിത്രം കുറിച്ചിട്ടുള്ളതും. മിക്കവാറും വസ്തുനിഷ്ഠമായിത്തന്നെ സ്മര്യപുരുഷൻറ ജീവിതം വിലേഖനം ചെയ്യുവാൻ ഭാസ്‌കരൻപിള്ള യത്നിച്ചിട്ടുമുണ്ടു്. ആ യത്നം വിജയിക്കാതെയുമിരുന്നിട്ടില്ല. ഗ്രന്ഥത്തിൻ്റെ അവസാനത്തിൽ ചേർത്തിട്ടുള്ള സൂചിക (ഇൻഡെക്സ്) കൂടുതൽ ഉപയോഗപ്രദമാണു്. ‘ചട്ടമ്പി സ്വാമികൾ’ എന്ന ഒരു ജീവചരിത്രവും ഇദ്ദേഹത്തിൻ്റെ വകയായിട്ടുണ്ടു്.