ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

ഉള്ളൂർ മഹാകവി: ഹരിശർമ്മ എഴുതിയിട്ടുള്ള മഹാകവി ഉള്ളൂരിൻ്റെ ജീവചരിത്രത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലൊ. ഉള്ളൂരിൻ്റെ ജീവചരിത്രവും കൃതികളെപ്പറ്റിയുള്ള സാംഗോപാംഗമായ വീക്ഷണവുമാണു് വടക്കംകൂറിൻ്റെ ‘ഉള്ളൂർ മഹാകവി’യിലുള്ളതു്. ഉള്ളൂരിൻ്റെ കൃതികളെപ്പറ്റി ഇത്രത്തോളം വിദഗ്ദ്ധവും വിജ്ഞേയവുമായ ഒരു വിമർശനം മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. ആ മഹാകവിയെപ്പറ്റി അറിയേണ്ടതും പഠിക്കേണ്ടതുമായ എല്ലാ അംശങ്ങളും ഗ്രന്ഥകാരൻ ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. ഗ്രന്ഥത്തെ 15 രംഗങ്ങളായി വിഭജിച്ചുകൊണ്ടാണു പ്രതിപാദനം നിർവ്വഹിക്കുന്നതു്. മഹാകവിയുടെ പരിശ്രമത്തെ കണ്ടറിയുവാനും, അതിനെ വേണ്ടവിധത്തിൽ കൊണ്ടാടുവാനും തത്തുല്യനായ ഒരാൾക്കേ സാധ്യമാകൂ. ‘വിദ്വാനേവ വിജാനാതി – വിദ്വജ്ജനപരിശ്രമം’ എന്നുമുണ്ടല്ലോ. നമ്മുടെ ജീവചരിത്രശാഖയ്ക്കും നിരൂപണശാഖയ്ക്കും അമൂല്യമായ ഒരു സംഭാവനതന്നെയാണു് വടക്കുംകൂറിൻ്റെ ‘ഉള്ളൂർ മഹാകവി.’

മഹാകവി കുമാരൻ ആശാൻ: ഏതാണ്ടു നാല്പതോളം വർഷങ്ങളായി അവിചാരിതമായി നമ്മുടെ സാഹിത്യാന്തരീക്ഷത്തിൽനിന്നു അന്തർദ്ധാനം ചെയ്ത ഒരു മഹാകവിയാണു് കുമാരനാശാൻ. 51 വർഷർത്തോളമുണ്ടായ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ, കേരള ജീവിതാന്തരീക്ഷത്തിൽ മായാത്ത വ്യക്തിമുദ്ര അദ്ദേഹം പതിപ്പിക്കുകയുമുണ്ടായി. ആ മഹാപുരുഷൻ്റെ ജീവിത ചിരത്രത്തിൻ്റെ ഒരു സമഗ്രരൂപമാണു് സി. ഒ. കേശവൻ ബി. എ.യുടെ ‘മഹാകവി കുമാരൻ ആശാൻ.’ ആശാൻ്റെ ജീവചരിത്രം ഇതിനുമുമ്പും ചിലതു മലയാളത്തിൽ ഉണ്ടായിട്ടുണ്ടു്. എന്നാൽ അവയൊന്നും ഇത്രത്തോളം സമ്പൂർണ്ണമല്ല. ആശാനെ സംബന്ധിച്ച് അവശ്യവിജ്ഞേയങ്ങളായ പല കാര്യങ്ങളും അന്വേഷിച്ചറിയുകയും അനേകം ചരിത്രസാമഗ്രികൾ ശേഖരിക്കുകയും ചെയ്തശേഷമാണു ഗ്രന്ഥകാരൻ ഇതിൻ്റെ രചനയ്ക്കു പുറപ്പെട്ടിട്ടുള്ളതെന്നറിയുന്നു.

മഹാകവിയുടെ ജീവിതചരിത്രം 36 അദ്ധ്യായങ്ങളിലും 700-ഓളം പേജുകളിലുമായി ഇതിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. ആശാൻ്റെ സാഹിത്യപരമായ നേട്ടങ്ങളോടൊപ്പം, അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും സാമൂഹ്യവുമായ നേട്ടങ്ങളെക്കൂടി ഈ ജീവചരിത്രത്തിൽ വിശദമാക്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ടു്. ആവക നേട്ടങ്ങളോരോന്നും ആശാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽനിന്നു നോക്കിക്കാണുകയും ചിത്രീകരിക്കുകയുമാണ് ഇതിൽ ചെയ്തിട്ടുള്ളതു്.