ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

രാജാ രവിവർമ്മ: ചിത്രമെഴുത്തു കോയിത്തമ്പുരാൻ്റെ ഒരു ലഘു ജീവചരിത്രത്തെപ്പറ്റി ഇതിനു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇപ്പോൾ ചിന്താവിഷയമായ ‘രാജാ രവിവർമ്മ’, കോയിത്തമ്പുരാൻ്റെ സമഗ്രമായ ഒരു ജീവചരിത്രമാണു്. ചരിത്രം സൃഷ്ടിച്ചിട്ടുള്ള കേരളീയ മഹാന്മാരിൽ ഏതുകൊണ്ടും മുന്നണിയിൽ നില്ക്കുന്ന ഒരു വ്യക്തിയാണു രവിവർമ്മ. അദ്ദേഹത്തിൻ്റെ ഒരു സമ്പൂർണ്ണ ജീവചരിത്രം ഉണ്ടാകുന്നതു കേരളീയർക്കും കേരള സാഹിത്യത്തിനും ഒന്നുപോലെ അഭിമാനപ്രദമാണു്. എൻ. ബാലകൃഷ്ണപിള്ള അങ്ങനെയുള്ള ഒരു കൃത്യമാണു്, രാജാരവിവർമ്മ എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ രചനമൂലം നിർവ്വഹിച്ചിട്ടുള്ളതു്. ‘സാക്ഷാൽ സി. വി.’, ‘കെ. ചിന്നമ്മ’, ‘വി. കൃഷ്ണൻതമ്പി’ തുടങ്ങിയ ചില ജീവചരിത്രങ്ങൾ എഴുതി ആ മാർഗ്ഗത്തിൽ സഞ്ചരിക്കുവാൻ വേണ്ട പ്രാപ്തിയും പരിചയവും നേടിയ ഒരാളാണു് ബാലകൃഷ്ണൻനായർ. വസ്തുനിഷ്ഠവും സത്യസന്ധവുമായ ഒരു ജീവചരിത്രനിർമ്മാണത്തിനുവേണ്ട സാമഗ്രികൾ ശേഖരിച്ചുകൊണ്ടാണു് ഗ്രന്ഥകാരൻ ഈ ജീവചരിത്ര നിർമ്മാണത്തിനു തയ്യാറായിട്ടുള്ളതെന്നു കാണുന്നു. കഥാപുരുഷൻ്റെ ജീവിതത്തെ യഥായുക്തം വിഭജിച്ചു ഇരുപത്തൊന്നദ്ധ്യായങ്ങളിലായി ഇതിൽ പ്രതിപാദിച്ചിരിക്കയാണു്. ഒന്നാമദ്ധ്യായത്തിനുമുമ്പായി ഒരു പ്രാരംഭവുമുണ്ടു്. അവസരോചിതങ്ങളും മനോഹരങ്ങളുമായ മുപ്പത്തഞ്ചിലേറെ ചിത്രങ്ങളും. ആവിഷ്ക്കരണരീതി നന്നായിട്ടുമുണ്ടു്. എല്ലാവിധത്തിലും നമ്മുടെ ജീവചരിത്ര ശാഖയ്ക്ക് വിലപ്പെട്ട ഒരു മുതൽക്കൂട്ടുതന്നെയാണു് ബാലകൃഷ്ണൻനായരുടെ രാജാരവിവർമ്മ. സ്വരാജ്യാഭിമാനി, മഹർഷി ചട്ടമ്പിസ്വാമി തിരുവടികൾ, ശ്രീ സ്വാതിതിരുനാൾ എന്നീ ജീവചരിത്രങ്ങളും ഇവിടെ പ്രത്യേകം എടുത്തു പറയത്തക്കവയാണു്.