ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

സി. വി. രാമൻപിള്ള : പരമേശ്വരൻനായരുടെ ജീവചരിത്ര നിർമ്മാണത്തിൻ്റെ മാറ്റും മഹത്വവും കൂടുതൽ വെളിപ്പെട്ടുകാണുന്നതു് ‘സി. വി. രാമൻപിള്ള’യിലാണു്. കഥാനായകൻ്റെ ജനനം, വിദ്യാഭ്യാസം. ജീവിതസാഹചര്യങ്ങൾ, ഔദ്യോഗികവും സാമുദായികവും, രാഷ്ട്രീയവും, കലാപരവുമായ പ്രവർത്തനങ്ങൾ, കുടുംബ ജീവിതം, സുഹൃന്മണ്ഡലം എന്നു തുടങ്ങിയവയെല്ലാം എത്രയും വിദഗ്ദ്ധവും വിശദവുമായി പ്രകാശിപ്പിക്കുവാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവു് ഈ ഭാഗങ്ങളിൽ കാണിച്ചിരിക്കുന്ന സത്യാന്വേഷണ പരിശ്രമങ്ങൾ ആരുടെയും മുക്തകണ്ഠമായ അഭിനന്ദനങ്ങളെ അർഹിക്കുന്നവയുമാണു്. മലയാളത്തിൽ ഇന്നേവരെയുണ്ടായിട്ടുള്ള ഒരു ജീവചരിത്രത്തിലും ​ഇത്രയും വ്യാപകമായ ഒരു വീക്ഷണഗതി നമുക്കു കാണുവാൻ സാധ്യമല്ല. സ്വാഭിപ്രായങ്ങളെ അനിഷേധ്യമായി പ്രകാശിപ്പിക്കുവാനുള്ള അനുകൂലമായ സാഹചര്യങ്ങളെ വിവരിക്കുന്നതിലും, തെളിയിക്കുന്നതിലും ഗ്രന്ഥകാരൻ കൈക്കൊണ്ടിട്ടുള്ള ബുദ്ധിചാതുരി വിസ്മാപകമായിരിക്കുന്നു. കഥാനായകൻ എന്തെല്ലാം ചെയ്തുവെന്നല്ല, എങ്ങനെയുള്ള ഒരാളായിരുന്നുവെന്നു വെളിപ്പെടുത്തുവാൻ – സി.വി.യുടെ സമഗ്രസത്ത്വം വ്യക്തമാക്കുവാൻ – ഗ്രന്ഥകാരനു് ഇതിൽ മിക്കവാറും സാധിച്ചിട്ടുണ്ട്. പ്രസ്തുത കൃതിയുടെ വിജയോൽക്കഷവും അതിലത്രെ സ്ഥിതി ചെയ്യുന്നതു്. സി.വി.യുടെ സാഹിത്യ കൃതികളെപ്പറ്റിയുള്ള നിരൂപണങ്ങൾ — വിശേഷിച്ചും മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജബഹദൂർ എന്നീ കൃതികളെ സംബന്ധിച്ചുള്ള നിരൂപണങ്ങൾ സഹൃദയസമ്മതം അർഹിക്കുന്നതുമാകുന്നു. മലയാളത്തിൽ ഇന്നുവരെ പുറപ്പെട്ടിട്ടുള്ള ജീവചരിത്രങ്ങളിൽ ഏറ്റവും ഗുണപുഷ്ക്കലമായിട്ടുള്ളതു് പി. കെ യുടെ സി. വി.യാ ണെന്നു പറയുവാൻ ആരും ശങ്കിക്കേണ്ടതില്ല. സാഹിത്യപരിഷത്തിൻ്റെ പരിശോധനയിൽ മലയാള മനോരമയുടെ സമ്മാനത്തിനു് (1953-ൽ) അർഹമായിത്തീർന്ന ഒരു മലയാള സാഹിത്യ കൃതി സി. വി. രാമൻപിള്ളയായിരുന്നുവെന്നുള്ളതും ഈയവസരത്തിൽ പ്രസ്താവ യോഗ്യമത്രെ. ‘സി.വി. രാമൻപിള്ള’, ‘സാഹിത്യപഞ്ചാനനൻ’ എന്നിവയെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്നില്ലെങ്കിലും പരമേശ്വരൻനായർ എഴുതിയിട്ടുള്ള വോൾട്ടയർ, മഹാത്മാഗാന്ധി, നെപ്പോളിയൻ്റെ ജീവിത സായാഹ്നം, പ്രേമഗൗതമൻ എന്നീ കൃതികളും മലയാള സാഹിത്യത്തിലെ ജീവചരിത്ര ശാഖയിൽ സവിശേഷം സ്മരിക്കപ്പെടേണ്ടവയാണു്.