ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
രാജേന്ദ്രപ്രസാദിൻ്റെ ആത്മകഥ: ഭാരതത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ മഹാത്മജി കഴിഞ്ഞാൽ ഏററവും മുന്നണിയിൽ നില്ക്കുന്ന ഒരു മഹാപുരുഷനാണു് ഡോക്ടർ രാജേന്ദ്രപ്രസാദ്. അദ്ദേഹത്തിൻ്റെ ആത്മകഥ ഭാരതീയർക്ക് ആദർശവും പ്രചോദനവുമരുളാൽ എല്ലാവിധത്തിലും പര്യാപ്തമാണു്. ഭാരതത്തിനു രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചകാലം വരെയുള്ള ചരിതമേ ചരിത്രകാരൻ ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. “കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങളായി നമ്മുടെ നാട്ടിൽ നടന്ന പരിവർത്തനത്തിൻ്റെ സജീവചരിത്രം ഈ ആത്മകഥയിൽനിന്നു വായനക്കാർക്കു ലഭിക്കും” എന്നു് മുഖവുരയിൽ വല്ലഭായി പട്ടേൽ പ്രസ്താവിച്ചിട്ടുള്ളതു് ഇവിടെ പ്രസ്താവയോഗ്യമാണു്. ചരിത്രപുരുഷൻ്റെ ബാല്യകാലത്തു ബീഹാറിൽ നടപ്പുണ്ടായിരുന്ന സാമുദായികാചാര സമ്പ്രദായങ്ങളുടേയും യാഥാസ്ഥിതിക സമ്പ്രദായംമൂലം നാട്ടിലുണ്ടാകുന്ന നാശങ്ങളുടേയും, അന്നത്തെ ഗ്രാമജീവിതത്തിൻ്റേയും അതുപോലെയുള്ള മറ്റനേകം വസ്തുസ്ഥിതികളുടേയും യഥാർത്ഥമായ ചിത്രം ഈ ആത്മകഥയിൽ നമുക്കു തെളിഞ്ഞുകാണാം. പ്രമേയത്തെ 161 ഭാഗങ്ങളായി തരംതിരിച്ചു ക്രമപ്പെടുത്തി ഉത്തേജകമായ വിധത്തിൽ പ്രതിപാദിച്ചിരിക്കുന്നു. പ്രസ്തുത കൃതി വിവർത്തനം ചെയ്തിട്ടുള്ള ടി. നാരായണൻ നമ്പീശൻ്റെ ശൈലി പ്രസാദപൂർണ്ണവും ആകർഷകവുമാണു്.
ടോൾസ്റ്റോയിയുടെ ആത്മകഥ: ടോൾസ്റ്റോയി ജന്മം കൊണ്ടു റഷ്യക്കാരനാണു്. ആ നിലയിൽ റഷ്യൻ മഹാകവിയുമാണു്. എന്നാൽ അദ്ദേഹത്തിൻ്റെ ആശയാദർശങ്ങൾ റഷ്യയുടെ നാലതിരുകൾക്കുള്ളിൽ മാത്രം തങ്ങിനില്ക്കുന്നവയല്ല. അതിനായിമാത്രം അദ്ദേഹം കുറിച്ചിട്ടുള്ളവയുമല്ല. വിശ്വം മുഴുവൻ വ്യാപിക്കുവാൻ അവയ്ക്ക് അർഹതയുണ്ടു്. അതുകൊണ്ടുതന്നെയാണു് അദ്ദേഹം വിശ്വമഹാകവിയായി പരിലസിക്കുന്നതും. “അദ്ദേഹത്തിൻ്റെ വിശ്വോത്തര കൃതികളുടെ പ്രചോദനത്തിനും പ്രേരണകൾക്കും വിധേയമാകാത്ത സാഹിത്യവും, വിധേയരാകാത്ത സാഹിത്യകാരരും, സാഹിത്യാസ്വാദകരും യാതൊരു ഭാഷയിലും യാതൊരു രാഷ്ട്രത്തിലും ഇല്ലതന്നെ.” അത്രത്തോളം ഉത്തുംഗപദത്തിൽ വർത്തിക്കുന്ന ഒരു വിശ്വോത്തരകവിയുടെ ആത്മകഥ ഏതു സാഹിത്യത്തിനും അഭിമാനപ്രദമായിരിക്കുമെന്നു പറയേണ്ടതില്ലല്ലൊ.
