ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
ഡി. വിവർത്തനങ്ങൾ
വിവർത്തനങ്ങളായി കുറെ നല്ല ആത്മകഥകളും സ്മരണകളും അന്യ ഭാഷകളിൽ നിന്നു നമുക്കു ലഭിച്ചിട്ടുണ്ടു്. വളർന്നുവരുന്ന കൈരളിക്ക് അവ മികച്ച നേട്ടങ്ങളുമാണു്. ഈ വകുപ്പിൽ ആദ്യം പറയേണ്ടവ മഹാത്മജി എഴുതിയിട്ടുള്ള എൻ്റെ സത്യാന്വേഷണ പരീക്ഷകൾ, ജവഹർ ലാൽ നെഹ്രുവിൻ്റെ ആത്മകഥ, ഡോ. രാജേന്ദ്രപ്രസാദിൻ്റെ ആത്മകഥ എന്നിവയാണു്. മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ആത്മകഥകളിലും വിവരണങ്ങളിലും വച്ച് ഏറ്റവും മേലേക്കിടയിൽ സ്ഥിതി ചെയ്യുന്നവയും മേല്പറഞ്ഞ കൃതികൾ തന്നെ. മൂന്നിലേയും കഥാനായകന്മാർ അന്യാദൃശമായ വ്യക്തിമാഹാത്മ്യം തികഞ്ഞ മഹാപുരുഷന്മാർ:
സ്വന്തം ചരിത്രം പ്രതിപാദിക്കുവാൻ തക്ക അത്ഭുതകരമായ ജീവിതാന ഭവങ്ങളോടു കൂടിയവർ: ഭാരത ചരിത്രത്തിൻ്റെ ഏറ്റവും സുസ്മരണീയമായ ഒരു കാലഘട്ടത്തിൽ ജീവിച്ചിട്ടുള്ള മഹാപുരുഷന്മാർ; സ്വന്തം പ്രവൃത്തികൾ ചരിത്രസംഭവങ്ങളെ മുഴുവൻ സ്പർശിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരുന്ന സംഭവകേന്ദ്രബിന്ദുക്കൾ, എന്നിങ്ങനെയുള്ള ഒട്ടധികം സവിശേഷതകൾ ഈ ആത്മചരിതങ്ങൾക്കു മാറ്റു കൂട്ടുന്നു.
എൻ്റെ സത്യാനേഷണപരീക്ഷകൾ: മഹാത്മജി, ‘My Experiments with Truth’ എന്ന നാമധേയത്തിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള ആത്മകഥയെ കെ. മാധവനാൽ വിവർത്തനം ചെയ്തിട്ടുള്ളതാണു് ‘എൻ്റെ സത്യാന്വേഷണ പരീക്ഷകൾ.’ ആത്മകഥകൾ ഏതും വ്യക്തികളുടെ യാഥാർത്ഥ്യ പ്രകാശനമെന്നാണു് വെച്ചിട്ടുള്ളതു്. പക്ഷേ, അങ്ങനെയുള്ള ആത്മകഥ – വ്യക്തിയുടെ പരമസത്യത്തെ ഉള്ളറതുറന്നു പ്രകാശിപ്പിക്കുന്ന ആത്മകഥ – പല കാരണങ്ങളാലും നമുക്കു ലഭിക്കുവാൻ പ്രയാസമാണു്. എങ്കിലും സത്യസന്ധനും സംസ്‌കാരസമ്പന്നനും ഔചിത്യവേദിയുമായ ഒരുവനു വെളിപ്പെടുത്തുവാൻ കഴിയുന്ന സംഭവങ്ങളുടെ പരമാവധി പ്രകാശിപ്പിച്ചിട്ടുള്ള ഒരു ആത്മകഥയാണു് മഹാത്മജി നമുക്കു പ്രദാനംചെയ്തിട്ടുള്ളതു്. ചരിത്രനായകൻ്റെ ആദ്യകാലം മുതലുള്ള മാനസിക വ്യാപാരങ്ങളും ജീവിത പ്രചോദനങ്ങളും വ്യക്തിത്വത്തിൻ്റെ പുരോഗതിയുമെല്ലാം വിമലമായ കണ്ണാടിയിൽ എന്നപോലെ മേല്പറഞ്ഞ കൃതിയിൽ തെളിഞ്ഞു വിളങ്ങുന്നു. മഹത്വത്തിൻ്റെ പര്യായമായ ആ മഹാപുരുഷൻ തൻ്റെ ജീവിതത്തിൻ്റെ എത്രയെത്ര ദൗർബ്ബല്യങ്ങളെയാണു് മറനീക്കി അതിൽ പ്രകാശിപ്പിച്ചിട്ടുള്ളത്! സംഭവബഹുലമായ സ്വജീവിതത്തിലെ രാഷ്ട്രീയ സംഭവങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളുമെല്ലാം ആ വ്യക്തിജീവിതത്തിൻ്റെ വളർച്ചയ്ക്കു പരിപോഷകങ്ങളായി നാമതിൽ ദർശിക്കുന്നു.
