ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

ജീവിതസമരം: ഭാഷയിൽ ഉത്ഭവിച്ചിട്ടുള്ള ആത്മചരിതങ്ങളിൽ നല്ലതെന്നു പറയാവുന്ന ഒരു കൃതിയാണു് സി. കേശവൻ്റെ ‘ജീവിത സമരം’. മയ്യനാട്ടെ ഒരു ഇടത്തരക്കാരൻ്റെ പുത്രനായി ജനിച്ചുവളർന്നു തിരു-കൊച്ചിയിലെ പ്രധാനമന്ത്രിപദംവരെ ഉയർന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യഘട്ടങ്ങളാണ് നാല്പത്തിനാലു ഖണ്ഡങ്ങളിലായി ജീവിത സമരത്തിൻ്റെ ഒന്നാംവാല്യത്തിൽ ചിത്രീകരിച്ചിട്ടുള്ളതു്.

“രാഷ്ട്രീയ നേതാവായ സി. കേശവൻ്റെ ചിത്രം ജീവിതസമരം അടുത്ത വാല്യത്തിൽ കാണാൻ കഴിയും. കുട്ടിക്കാലത്തെ സഖാക്കളുടെ രസനിഷ്യന്ദികളായ തൂലികാചിത്രങ്ങൾപോലെ രാഷ്ട്രീയരംഗത്തെ സമരസഖാക്കളുടെ ചിത്രങ്ങളും അദ്ദേഹം വരയ്ക്കാതിരിക്കയില്ല. ഒരുപക്ഷേ, ഈ ആത്മകഥാകഥനത്തിലെ ഏറ്റവും കൗതുകകരമായ ഭാഗം അങ്ങനെ വരാനിരിക്കുന്നതേയുള്ളു” എന്നു അവതാരികയിൽ സ്വപുത്രനായ കെ. ബാലകൃഷ്ണൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമായിരിക്കാം. എങ്കിലും ആ അതിക്രാന്തയൗവനമാത്രനായ സി. കേശവൻ്റെ ചിത്രം വരച്ചുകാണിക്കുന്ന ഈ ഒന്നാം വാല്യത്തിൻ്റെ ശോഭയ്ക്ക് ഒരുവിധത്തിലും മങ്ങലു സംഭവിക്കയില്ലെന്നുള്ളതു തീർച്ചതന്നെ. പ്രസ്തുത കൃതിയെപ്പറ്റി ഐ. സി. ചാക്കോ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായത്തിൽ ഒരു ഭാഗം ശ്രദ്ധേയമാണു്”.

“ഈ ആത്മകഥാകഥനത്തിൽ തെളിഞ്ഞുനില്ക്കുന്ന ഗുണം പരമാർത്ഥതയാണു്.” യാതൊന്നും കേശവൻ ഗോപനം ചെയ്യുന്നില്ല. പലരും ഒളിക്കുവാൻ ശ്രമിക്കുന്ന വൃത്താന്തം കേശവൻ തുറന്നുപറയുന്നു. അദ്ദേഹം പറയുന്നതെല്ലാം പരമാർത്ഥമാണെന്നു ബാഹ്യമായ തെളിവൊന്നും കൂടാതെതന്നെ വായനക്കാരന്നു തോന്നിപ്പോകുന്നു. സത്യത്തിനുള്ള ഒരു വിശേഷമിതാണു്; അതിനൊരാകർഷണശക്തിയുണ്ടു്.”

“ജീവിതസമരം കേവലം കേശവചരിത്രമല്ല. ആത്മകഥാകഥനത്തിൽ പ്രാസംഗികമായി വന്നുകൂടുന്ന പലപല സ്ത്രീപുരുഷന്മാരുടേയും വസ്തുക്കളുടേയും സംഭവങ്ങളുടേയും ഒരു ചരിത്രവുമാണ് ജീവിതസമരം. ഈ ആഖ്യാനങ്ങൾ അപ്രസക്തമായി ഗ്രന്ഥത്തിൽ കടന്നുകൂടിയിരിക്കുന്നുവെന്നുള്ള ബോധം വായനക്കാരനുണ്ടാകുന്നില്ല. എല്ലാറ്റിനുമൊരു പ്രസക്തിയുണ്ട്. എല്ലാം വായനക്കാരൻ്റെ ജിജ്ഞാസയെ ആകർഷിക്കയും ചെയ്യുന്നു.”