ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

കെ. പി. കേശവമേനോൻ്റെ ആത്മകഥകൾ: ബിലാത്തിവിശേഷം, ബന്ധനത്തിൽനിന്നു്, ഭൂതവും ഭാവിയും എന്നിവ അദ്ദേഹത്തിൻ്റെ ഓരോ ആത്മചരിതങ്ങളാണു്. കൊല്ലം 1099 മീനമാസത്തിൽ നടന്ന വൈക്കം സത്യാഗ്രഹവും, 5 മാസത്തോളമുണ്ടായ ജയിൽ ജീവിതവമാണു് ‘ബന്ധനത്തിൽനിന്നു’ എന്ന കൃതിയിലെ പ്രതിപാദ്യം. ഗ്രന്ഥകാരൻ ഇംഗ്ലണ്ടിൽ വിദ്യാർത്ഥിയായിരുന്നകാലത്തു് അവിടെ കണ്ട കാഴ്ചകളും, 1914-ലെ ഒന്നാം ലോക മഹായുദ്ധകാലത്തു യൂറോപ്പിലുണ്ടായ പല അനുഭവങ്ങളും എത്രയും ഹൃദയസ്പർശകമായ വിധത്തിൽ ‘ബിലാത്തിവിശേഷത്തിൽ’ ചിത്രീകരിച്ചിരിക്കുന്നു. ബിലാത്തിവിശേഷംപോലെതന്നെ ചരിത്രത്തിൻ്റെയും ആത്മകഥയുടെയും അംശങ്ങൾ സംയോജിപ്പിച്ചു രചിച്ചിട്ടുള്ള ചിന്താസുന്ദരമായ ഒരു കൃതിയാണു് ‘ഭൂതവും ഭാവിയും’. 1939-ലെ രണ്ടാം ലോക മഹായുദ്ധകാലത്തു സിങ്കപ്പൂരിനെ കേന്ദ്രീകരിച്ചുണ്ടായ ജപ്പാൻ്റെ ആക്രമണങ്ങൾ, സൈനികഭരണം, തൻ്റെ ജീവിതാനുഭവങ്ങൾ, ജപ്പാനിലെ സ്ഥാപനങ്ങൾ, അവരുടെ പരിഷ്ക്കാരം എന്നീ വിഷയങ്ങൾ ആദ്യത്തെ നാലുഭാഗങ്ങളിലായി വിവരിക്കുന്നു. ഒടുവിലത്തെ ഭാഗത്തിൽ ആറ്റമിൿയുഗത്തെപ്പറ്റിയും മനുഷ്യൻ്റെ ഭാവിയെപ്പറ്റിയുമുള്ള ചില ചിന്തകളാണ് രേഖപ്പെടുത്തിയിട്ടുള്ളതു്. അഞ്ചാംഭാഗം കൂടുതൽ ശ്രദ്ധേയമാണു്.