ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
ഓർമ്മയിൽ നിന്നു്: കല്യാണിയമ്മയുടെ ചരമാനന്തരം ഈയിടെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അവരുടെ ഒരാത്മകഥയാണിതു്. ഗ്രന്ഥകർത്തിയുടെ ബാല്യം, വിദ്യാഭ്യാസം, ദാമ്പത്യം, ഉദ്യോഗ ജീവിതം. സാഹിത്യ പരിശ്രമം എന്നിവയെപ്പറ്റിയെല്ലാം ഹൃദയംഗമമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
കോവുണ്ണി നെടുങ്ങാടിയുടെ ആത്മകഥ: എൻ്റെ നാടുകടത്തൽ, വ്യാഴവട്ട സ്മരണകൾ എന്നീ കൃതികളുടെ ഉത്ഭവത്തിനു വളരെ മുമ്പേ ഭാഷയിൽ ആത്മചരിതം എഴുതിത്തുടങ്ങി എന്നുള്ളതിനു ഈയിടെ തെളിവു കാണുന്നു. കോവുണ്ണി നെടുങ്ങാടി എഴുതിയിട്ടുള്ള കേരളകൗമുദിയുടെ പുതിയ പതിപ്പിൽ അതിൻ്റെ പ്രസാധകന്മാർ ഗ്രന്ഥകാരൻ എഴുതിയിട്ടുള്ള ഒരാത്മകഥകൂടി ചേർത്തുകാണുന്നുണ്ടു്. കൗമുദിയുടെ ആദ്യപതിപ്പു പുറപ്പെട്ടതു് 1053-ലാണു്. ആത്മകഥ അക്കാലത്തുതന്നെ എഴുതിയതായിരിക്കണം. അങ്ങനെയെങ്കിൽ പ്രസ്തുത കൃതി ഭാഷയിലെ ഒന്നാമത്തെ ആത്മചരിതമായി ഗണിക്കാവുന്നതാണു്. പക്ഷേ, അതു് ഒരു പ്രത്യേക പുസ്തകമായിട്ടല്ല, ഒരു കൃതിയുടെ ആമുഖം എന്നമട്ടിലാണു് നിലകൊള്ളുന്നതു് എന്നൊരു ന്യൂനത പറയാം.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ‘എൻ്റെ മൃഗയാസ്മരണകൾ’ എന്ന പ്രബന്ധവും ആത്മകഥയിൽ ഉൾപ്പെടുത്താവുന്നതാണു്. എന്നാൽ അതും സ്വന്തം ചരിത്രത്തിൻ്റെ അനുഭവങ്ങളുടെ ഒരു ചെറിയ അംശം മാത്രമാകയാൽ ആത്മകഥ എന്ന പേരിനെ പൂർണ്ണമായും അർഹിക്കുന്നില്ല.
