ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ശ്രീമദ് വാല്മീകിരാമായണം : ആദികാവ്യമായ വാല്മീകിരാമായണത്തെ കോട്ടയത്തുതമ്പുരാൻ കിളിപ്പാട്ടുരൂപത്തിലും, വള്ളത്തോൾ വൃത്താനുവൃത്തരീതിയിലും വിവർത്തനം ചെയ്തിട്ടുള്ളതു പ്രസിദ്ധമാണല്ലോ. എന്നാൽ, മൂലകൃതിയുടെ മാധുര്യവും വൈശിഷ്ട്യവും സംസ്കൃതഭാഷാനഭിജ്ഞനായ ഒരുവനു നേരിട്ടാസ്വദിക്കുന്നതിനു് ഉത്തമമായ ഒരു ഭാഷാവ്യാഖ്യാനത്തോടുകൂടി തൽകൃതി പ്രസിദ്ധപ്പെടുത്തുന്നതുപോലെ മറ്റൊന്നുകൊണ്ടും സാദ്ധ്യമാകുമെന്നു തോന്നുന്നില്ല. ആലത്തൂർ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ജി. എസ്‌. ശ്രീനിവാസയ്യർ ബി. എ., എൽ. ടി. ‘അന്വയക്രമഭാഷാവ്യാഖ്യാനസഹിതം’ പത്തിരുപതു കൊല്ലങ്ങൾക്കു മുമ്പു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വാല്മീകിരാമായണം മേല്പറഞ്ഞ ഉദ്ദേശത്തെ മിക്കവാറും സഫലമാക്കാൻ പര്യാപ്തമാണു്. ടിപ്പണികളും, കുറിപ്പുകളും, വിശേഷാർത്ഥങ്ങളും, സംസ്കൃതത്തിലുള്ള ഗോവിന്ദരാജീയം തുടങ്ങിയ പലേ വ്യാഖ്യാനങ്ങളും ഇതരഗ്രന്ഥങ്ങളും നോക്കി വ്യാഖ്യാതാവു് ഇതിൽ എഴുതിച്ചേർത്തിരിക്കുന്നു. മൂലത്തിൻ്റെ അർത്ഥം, സാമാന്യമായി ഗ്രഹിക്കുന്നതിനു് ഈ വ്യാഖ്യാനം മതിയാകുന്നതാണ്. അന്വയങ്ങളിൽ ചിലേടത്തു ഭിന്നാഭിപ്രായങ്ങൾ കണ്ടേക്കാം. എന്നുവരികിലും 24,000 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്തുത മഹാഗ്രന്ഥത്തെ ഇങ്ങനെ വ്യാഖ്യാനമെഴുതി പ്രസിദ്ധപ്പെടുത്തിയ വ്യാഖ്യാതാവിൻ്റെ സേവനത്തെ അഭിനന്ദിച്ചേ മതിയാവൂ. റോയൽ സൈസിൽ 600-ൽ പരം പേജുകളുള്ള ബാലകാണ്ഡത്തിൽ 77 സർഗ്ഗങ്ങളിലായി 2355 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അയോദ്ധ്യാകാണ്ഡം തുടങ്ങിയ ഇതരകാണ്ഡങ്ങളും ഇതുപോലെതന്നെ വിപുലമായ ഗ്രന്ഥങ്ങളാണു്. വ്യാഖ്യാനത്തിൻ്റെ രീതി കാണിക്കുവാൻ ഒരു ഭാഗം താഴെ ഉദ്ധരിച്ചുകൊള്ളുന്നു:

“കോ ന്വസ്മിൻ സാംപ്രതം ലോകേ ഗുണവാൻ കുശ്ച വീര്യവാൻ
ധർമ്മജ്ഞശ്ച കൃതജ്ഞശ്ച സത്യവാക്യോ ദൃഢവ്രതഃ
ബാലകാണ്ഡം, സ. I, ശ്ലോകം 2

അസ്മിൻ = ഈ
ലോകേ = ലോകത്തിൽ
സാമ്പ്രതം = ഇപ്പോൾ
ഗുണവാൻ = ഗുണവാൻ
ക നു = ആരാകുന്നു?
വീര്യവാൻ ച = വീര്യവാനും
ധർമ്മജ്ഞ ച = ധർമ്മങ്ങളറിഞ്ഞവനും
കൃതജ്ഞ ച = നന്ദിയറിഞ്ഞവനും
സത്യവാക്യം = സത്യം പറയുന്നവനും
ദൃഢവൃത = വ്രതത്തിൽ ഉറപ്പോടുകൂടിയവനും
ക? = ആരാകുന്നു?”