ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ശ്രീമദ് ഭഗവദ്‌ഗീത : പണ്ഡിറ്റ് കെ. കെ. പണിക്കർ ഭാവദർപ്പണം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണിത്. വിശദവും വ്യുൽപാദകവുമായ ഒരു വ്യാഖ്യാനമാണിതെന്നു പറയാം. മറ്റുപല വ്യാഖ്യാനങ്ങളേയും ഇതു പർശ്വവൽകരിക്കുന്നു. പദം, അന്വയം, സാരം, വ്യുൽപത്തി, വ്യാകരണകാര്യം, ഭാവവിവരണം, ആക്ഷേപ സമാധാനങ്ങൾ, ശാസ്ത്രതത്ത്വവിചാരം, ആദ്ധ്യാത്മികതത്ത്വവിശദീകരണം ഇങ്ങനെ വിവിധ ഘടകങ്ങളിണങ്ങിയ ബൃഹത്തും മഹത്തുമായ ഒരു സമഗ്രവ്യാഖ്യാനമാണ് പണിക്കരുടെ ഭാവദർപ്പണം.

ഉപനിഷത്തുകൾ; ചതുർവ്വേദങ്ങളുടെ സാരമായ ഭാഗങ്ങൾ പിഴിഞ്ഞരിച്ചെടുത്തിട്ടുള്ളവയാണു് ബ്രഹ്മവിദ്യകൾ എന്നറിയപ്പെടുന്ന ഉപനിഷത്തുകൾ. ഉപനിഷത്തുകൾ അനവധിയുണ്ട്. അവയിൽ 108 എണ്ണം പ്രസിദ്ധങ്ങളും, അവയിൽത്തന്നെ പത്തെണ്ണം സുപ്രസിദ്ധങ്ങളുമാകുന്നു. ഒടുവിൽ പറഞ്ഞ ദശോപനിഷത്തുകളിൽ ഈശാവാസ്യോപനിഷത്തു്, കേനോപനിഷത്തു്, കരോപനിഷത്ത്. പ്രശ്നോപനിഷത്തു്, മുണ്ഡകോപനിഷത്തു്, മാണ്ഡൂക്യോപനിഷത്തു്, തൈത്തരീയോപനിഷത്തു്, ഐതരേയോപനിഷത്തു്, ഛാന്ദോഗ്യോപനിഷത്തു് , ബൃഹദാരണ്യകോപനിഷത്തു് എന്നിവയുടെ ശാങ്കരഭാഷ്യത്തോടുകൂടിയ വ്യാഖ്യാനമാണു് സാഹിത്യപഞ്ചാനനൻ പി. കെ.യും. മഹോപാദ്ധ്യായൻ എൻ. രാമൻപിള്ളയും ചേർന്നെഴുതിയിട്ടുള്ളതു്. കൊല്ലം ശ്രീരാമവിലാസം പ്രസ്സിൽനിന്നു് അവ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. അവതാരികയിൽ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചു കൊള്ളട്ടെ:

“വേദങ്ങൾ, ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നു നാലാകുന്നു. ഓരോ വേദവും കർമ്മകാണ്ഡമെന്നും, ജ്ഞാനകാണ്ഡമെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. കർമ്മകാണ്ഡഭാഗത്തിനു ‘സംഹിതകൾ’ എന്നു പറയുന്നു. ഓരോ വേദത്തോടു സംബന്ധിച്ച് ‘ബ്രാഹ്മണങ്ങളും’ പ്രത്യേകങ്ങളായുണ്ട്. ഇങ്ങനെയുള്ള ബ്രാഹ്മണങ്ങളോടു സംബന്ധിക്കുന്നതായും തത്ത്വവിചാരം ചെയ്യുന്നതായും ഉള്ള വേദഭാഗങ്ങൾക്ക് ‘ആരണ്യകങ്ങൾ’ എന്നു പറയപ്പെടുന്നു. ജ്ഞാനകാണ്ഡം മിക്കവാറും ഇവയിൽ അടങ്ങിയിരിക്കുന്നു. പ്രസ്തുതങ്ങളായ ഉപനിഷത്തുകൾ പ്രായേണ ആരണ്യകങ്ങളിലും ബ്രാഹ്മണങ്ങളിലും അന്തർഭവിച്ചവയാകുന്നു. എന്നാൽ ഈശാവാസ്യോപനിഷത്തു മുതലായി അപൂവ്വം ചിലതു് ‘സംഹിതാപാഠ’ങ്ങളിൽത്തന്നെ ഉൾപ്പെട്ടിരിക്കുന്നതായും കാണുന്നു. ജ്ഞാനകാണ്ഡത്തിൻ്റെ സാരഭൂതമായ അംശമാകുന്നു ഉപനിഷത്തുകൾ.”

കാഠകം, ഈശാവാസ്യം, കേനം എന്നീ ഉപനിഷത്തുകൾക്ക് ഡോക്ടർ രവിവർമ്മയും വ്യാഖ്യാനമെഴുതിയിട്ടുണ്ടു്. മംഗളോദയത്തിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള എ. കൃഷ്ണനെമ്പ്രാന്തിരിയുടെ ഉപനിഷദ് വ്യാഖ്യാനവും ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു.