ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ശ്രീമദ് ഭഗവദ്‌ഗീത : ഭഗവദ്‌ഗീതയ്ക്ക് അനവധിവ്യാഖ്യാനങ്ങൾ മലയാളത്തിൽ പ്രകാശിതമായിട്ടുണ്ടു്. കെ. എം. എഴുതിയ വ്യാഖ്യാനമാണു ആദ്യത്തേതെന്നു തോന്നുന്നു. പണ്ഡിതരാജൻ പി. എസ്സ്. അനന്തനാരായണശാസ്ത്രി എഴുതി മംഗളോദയത്തിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വ്യാഖ്യാനവും, ഗവേഷണകുശലൻ എൽ. എ. രവിവർമ്മ എഴുതിയിട്ടുള്ള വ്യാഖ്യാനവുമാണു് ഇതേവരെ പുറപ്പെട്ടിട്ടുള്ളവയിൽവച്ചു മേന്മയേറിയവയായി തോന്നുന്നതു്. രവിവർമ്മയുടെ വ്യാഖ്യാനം പുതിയ ഒരു രീതിയെയാണു പ്രകാശിപ്പിക്കുന്നതു്. ഭാരത കഥാപാത്രങ്ങൾക്കെല്ലാം ഒരു സാങ്കല്പികാർത്ഥം അദ്ദേഹം കല്പിക്കുന്നു. എങ്ങനെയെന്നാൽ, ഭാരതത്തെ ശരീരമായും, ശ്രീകൃഷ്ണനെ പരമാത്മാവായും, പാണ്ഡവന്മാരെ ജീവാത്മാവിൻ്റെ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നീ പഞ്ചകോശങ്ങളായും, പാഞ്ചാലിയെ ഈ കോശങ്ങൾ അഞ്ചും വെവ്വേറെ എന്നുള്ള തോന്നലുണ്ടായി വേർപിരിഞ്ഞുപോകാതെ ഒന്നിച്ചുചേർത്തുകൊണ്ടിരിക്കുന്ന ശക്തിയായും, മറ്റുള്ള കഥാപാത്രങ്ങളെ ഇതുപോലെതന്നെ ഓരോന്നായും കല്പനം ചെയ്തിരിക്കുന്നു. ശ്ലോകങ്ങൾക്കെല്ലാം സാധാരണരീതിയനുസരിച്ചുള്ള ഒരർത്ഥം ആദ്യം പറയുകയും, പുതിയ രീതിയിലുള്ള അർത്ഥകല്പനയോടുകൂടി പിന്നീടതു വിശദീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിനു ഒരുഭാഗം ഇവിടെ ഉദ്ധരിക്കാം:

“താൻ സമീക്ഷ്യ സ കൗന്തേയഃ സർവ്വാൻ ബന്ധുനവസ്ഥിതാൻ
കൃപയാ പരയാ വിഷ്ടോ വിഷീദന്നിദമബ്രവിൽ.” (1-27)

“ബന്ധുക്കളെല്ലാം എതിരിട്ടുനില്ക്കുന്നതായി കണ്ടപ്പോൾ ‘ഇവരെയാണല്ലോ നശിപ്പിക്കേണ്ടതു്” എന്നോർത്തു് അർജ്ജുനന്നു വിഷാദമുണ്ടായി.” എന്നിങ്ങനെ സാധാരണരീതിയിൽ അർത്ഥം പറഞ്ഞശേഷം പുതിയ അർത്ഥകല്പനയോടുകൂടി ഇങ്ങനെ വ്യാഖ്യാനിക്കുകയായി:

“കാമാദികൾ പഞ്ചകോശങ്ങളുടെ അടുത്ത ബന്ധുക്കൾതന്നെ. ഇവയെ നശിപ്പിക്കുന്നതു് മനസ്സിനു് (അർജ്ജുനന്) സങ്കടമായ കാര്യമാണത്രെ. വെറുതെയിരിക്കുമ്പോൾ ‘കാമാദികൾ സദ്‌ഗതിക്കു ശത്രുക്കളായതിനാൽ അവറ്റയെ നശിപ്പിക്കുകതന്നെ വേണം’ എന്നെല്ലാം തോന്നുന്നതു സാധാരണമാണു്. എന്നാൽ നശിപ്പിക്കാനായിട്ടിറങ്ങുമ്പോൾ മനസ്സിനുണ്ടാവാറുള്ള ഒരു സാദവും സാധാരണമാണ്. ഇങ്ങനെ കാമാദികളെ നശിപ്പിക്കാൻ ഒരുങ്ങിയിറങ്ങുമ്പോൾ മനസ്സിനുണ്ടാകാറുള്ള സാദത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നതു്.”