ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

അദ്ധ്യാത്മരാമായണം: തുഞ്ചത്തെഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിനു (ഉത്തരരാമായണത്തോടുകൂടി) മഹോപാദ്ധ്യായ കെ. സാംബശിവ ശാസ്ത്രികൾ എഴുതി 1081-ൽ കൊല്ലം റെഡ്യാർ പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള വ്യാഖ്യാനവും ഇവിടെ എടുത്തു പറയത്തക്ക ഒന്നെത്രെ.

അഷ്ടാംഗഹൃദയം അരുണോദയ വ്യാഖ്യാനം: കൈക്കുളങ്ങരെ രാമവാര്യരുടെ വ്യാഖ്യാനത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടല്ലോ. പണ്ഡിത പ്രവരനായ പി. എം. ഗോവിന്ദൻവൈദ്യൻ അഷ്ടാംഗഹൃദയത്തിനു എഴുതിയിട്ടുള്ള അരുണോദയം എന്ന വ്യാഖ്യാനവും സർവ്വഥാ ശ്രദ്ധേയമയിരിക്കുന്നു.

പ്രാഞ്ജലിവ്യാഖ്യാനം: മഹിഷമംഗലത്തിൻ്റെ ഭാഷാനൈഷധ ചമ്പുവിനു പാട്ടത്തിൽ പത്മനാഭമേനോൻ എഴുതിയിട്ടുള്ള വിസ്തൃതമായ ഒരു വ്യാഖ്യാനമാണു് മേൽ സൂചിപ്പിച്ചിട്ടുള്ളതു്. ഒരുനൂറിലധികം ഗ്രന്ഥങ്ങളിൽനിന്നു് അവസരോചിതമായി പ്രമാണപദ്യങ്ങൾ ഉദ്ധരിച്ചുകൊണ്ടു് 88 പജുകൾ മാത്രമുള്ള മൂലഗ്രന്ഥത്തിനു് 400 പേജുകൾ ഉള്ള ഒരു വ്യാഖ്യാനം എഴുതിയിരിക്കുന്നു എന്നു പറഞ്ഞാൽ വ്യാഖ്യാനത്തിൻ്റെ ഉപയോഗയോഗ്യതയും, വ്യാഖ്യാതാവിൻ്റെ വിജ്ഞാനവൈപുല്യവും കുറെയൊക്കെ ഊഹിക്കാവുന്നതാണല്ലോ. ഭാഷാഗ്രന്ഥങ്ങൾക്ക് ഇതുപോലെ വിശദവും വിസ്തൃതവുമായ ഒരു വ്യാഖ്യാനം ഇതേവരെ ഉണ്ടായിട്ടില്ല. ആമുഖോപന്യാസത്തിൽ ഉള്ളൂർ പ്രസ്താവിച്ചിട്ടുള്ളതു പോലെ, പ്രാഞ്ജലി ചിലപ്പോൾ ഒരു ശബ്ദരത്നാകരമായും, മറ്റു ചിലപ്പോൾ ഒരലങ്കാരഗ്രന്ഥമായും, വേറെ ചില സന്ദർഭങ്ങളിൽ ഒരൈതിഹ്യമാലയായും, ഇനിയും ചില ഘട്ടങ്ങളിൽ ഒരു ചരിത്രപുസ്തകമായും രൂപാന്തരപ്പെട്ടു് സഹൃദയഹൃദയങ്ങളെ ചമൽക്കരിക്കുന്നു. വിദ്യാർത്ഥികൾക്കു മാത്രമല്ല, വിജ്ഞന്മാർക്കും വിജ്ഞാനപ്രദമാണു് ഈ വ്യാഖ്യാനം.