ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

എൻ. ബി. എസ്. പ്രവത്തകന്മാർ: കോട്ടയം എൻ. ബി. എസ്. പ്രവത്തകന്മാർ ബാലസാഹിത്യ പ്രചരണത്തിനായി പരിശ്രമിച്ചതോടുകൂടിയാണ് ആ വിഭാഗത്തിൽപെട്ട കൃതികളുടെ സംഖ്യ ഇന്നു വളരെ വർദ്ധിച്ചിട്ടുള്ളതു്. ബാലൻ പബ്ലിക്കേഷൻസിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയ്ക്കു പുറമെ, ഈയിനത്തിൽ 500-ൽ പരം കൃതികൾ എൻ. ബി. എസ്. കാറ്റലോഗിൽ ഇന്നു കൊള്ളിച്ചുകാണുന്നു. 1961 മുതൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ബാല സാഹിത്യ മത്സരം ആരംഭിക്കയും, ഓരോ വർഷവും ശിശുദിനം കൊണ്ടാടി പത്തുപന്ത്രണ്ടു പുസ്തകങ്ങൾ വീതം ഓരോ സെറ്റായി അവർ പ്രസിദ്ധീകരിക്കയും ചെയ്തു തുടങ്ങിയതോടുകൂടി, വായനക്കാരുടെയിടയിൽ ബാലസാഹിത്യത്തെപ്പറ്റിയുള്ള അന്വേഷണവും ആസക്തിയും വർദ്ധിച്ചുകൊണ്ടിരിക്കയാണു്. കുട്ടികളിൽ പുസ്തകവായന ഒരു ശീലമായി വളർത്തുന്നതിനും, അവരുടെ മാനസികവളർച്ചയെ സഹായിക്കുന്നതിനും ഇത്തരം നടപടികൾ വളരെ പ്രയോജനം ചെയ്യുമെന്നുള്ളതിൽ സംശയമില്ല. ഇൻന്ത്യാഗവണ്മെൻ്റിൽനിന്നു പ്രതിവർഷം ബാലസാഹിത്യഗ്രന്ഥങ്ങൾക്കു സമ്മാനം നല്കി ആ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിട്ടുള്ളതും ശുഭോദർക്കമാണു്. ദക്ഷിണഭാഷാബുക്ക് ട്രസ്റ്റുകാരും ഈ വിഷയത്തിൽ കുറെയെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ടു്. എല്ലാവിധത്തിലും ബാലസാഹിത്യം, ഒരു പ്രസ്ഥാനമെന്ന നിലയിൽ ഇന്നു പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

പ്രസിദ്ധീകരണങ്ങൾ: കുട്ടികളെ ലക്ഷ്യമാക്കി ചില പ്രസിദ്ധീകരണങ്ങളും ഇതിനകം ഉണ്ടാകാതിരുന്നിട്ടില്ല. ‘ബാലൻ’ വാരികയെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അമ്പിളി അമ്മാവൻ, ചിത്രം, ചിലമ്പൊലി എന്നു തുടങ്ങിയ മാസികകളും വാരികകളും കുട്ടികളെ ഉദ്ദേശിച്ചുണ്ടായിട്ടുള്ള ചില പ്രസിദ്ധീകരണങ്ങളാണു്. ‘മലയാളമനോരമ’യുടേയും ‘മാതൃഭൂമി’യുടേയും ‘ബാലപംക്തി’കളും ഈയവസരത്തിൽ സ്മരണാർഹങ്ങളാകുന്നു. മറ്റുചില പ്രസിദ്ധീകരണങ്ങളിലും മനോരമ മുതലായവയെ അനുകരിച്ച് ബാലപംക്തികൾ തുടങ്ങിക്കാണുന്നുണ്ട്. മനോരമ ബാലികാബാലന്മാരുടെ സംഘടനകൾതന്നെ ഏർപ്പെടുത്തി അവരെ മുന്നണിയിലേക്കു നയിക്കാൻ അത്യദ്ധ്വാനം ചെയ്തുകൊണ്ടിരിക്കയാണു്. ഇവയെല്ലാം വളരുന്ന തലമുറയുടെ ഭാസുരമായ ഒരു ഭാവിയെയാണ് കുറിക്കുന്നതു് എന്നുള്ളതിൽ സംശയമില്ല.

പ്രക്ഷേപണ സാഹിത്യം: ഒരു രാഷ്ട്രത്തിൻ്റെ സാമൂഹ്യവും, സാംസ്‌കാരികവും, കലാപരവുമായ വികാസത്തിൽ പ്രക്ഷേപണത്തിനുള്ള സ്ഥാനം അന്യാദൃശമാണു്. വിസ്മയാവഹമായവിധത്തിൽ അതിന്നു പുരോഗമിച്ചുവരികയുമാണു്. മലയാളത്തിൽ ഈ കലാവിഭാഗത്തിനു വളർച്ച ആരംഭിച്ചിട്ടേയുള്ളൂ. റേഡിയോസാഹിത്യത്തിൽ നാടകങ്ങളാണു ഇന്നു മുന്നിട്ടു നില്ക്കുന്നതെന്നു തോന്നുന്നു. ഭിന്നദേശക്കാരും ഭിന്നരുചിക്കാരുമായ ജനങ്ങളുടെ താല്പര്യങ്ങളും ആചാരവിചാരങ്ങളും സ്വഭാവവിശേഷങ്ങളുമാണല്ലോ ഈ നാടകങ്ങൾ വഴി പ്രചരിപ്പിക്കുന്നതു്. ഏതു തരക്കാരെയും അതു് ആകർഷിക്കാതിരിക്കയില്ല എന്നുള്ളതാണ് അതിൻ്റെ ഒരു പ്രത്യേകത. പക്ഷേ, അകലെ അദൃശ്യരായി നിലകൊള്ളുന്നവരാണു് തൻ്റെ ശ്രോതാക്കൾ എന്നുവരികിലും, അവരെ അഭിമുഖീകരിക്കുന്നതുപോലെ വേണം പ്രക്ഷേപണം. ഉചിതപദവിന്യാസംകൊണ്ടും, ശബ്ദവൈചിത്ര്യംകൊണ്ടും സമയോചിതമായ ഭാവചേഷ്ടകളെ ശ്രോതാക്കളിൽ അങ്കുരിപ്പിക്കുവാൻ കഴിയണം. അതിനു പറ്റിയവണ്ണം പരിമിത സമയത്തിനുള്ളിൽ ശ്രോതാക്കളെ ആകർഷിക്കുന്ന കൃതികൾ നിർമ്മിക്കുവാൻ കരുത്തുള്ളവർക്കേ ഇതിൽ വിജയം നേടുവാൻ സാധിക്കയുള്ളൂ. ഓരോ പ്രത്യേകവിഷയങ്ങളെപ്പറ്റിയുള്ള ലഘുപ്രബന്ധങ്ങളും, റേഡിയോവഴി ഇന്നു വളർന്നുകൊണ്ടിരിക്കയാണു്’. സാമൂഹ്യജീവിതത്തിൽ പലപ്രകാരത്തിലും പ്രേരണചെലുത്തുവാൻ മറ്റെല്ലാപ്രസ്ഥാനങ്ങളേക്കാളും പ്രക്ഷേപണ സാഹിത്യത്തിനു കൂടുതൽ സൗകര്യങ്ങളുണ്ട്. ഭാവിയിൽ ഈ പ്രസ്ഥാനം സാമൂഹ്യജീവിതത്തിൽ അതിപ്രധാനമായ ഒരു പങ്കുവഹിക്കുകയും ചെയ്യും. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണു് ഇപ്പോൾ പ്രക്ഷേപണങ്ങൾ ഉള്ളത്. മദ്ധ്യകേരളമായ തൃശൂരും അതിനൊരു നിലയം ആവശ്യമാണു്.