ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

മാത്യു കുഴിവേലിയുടെ പരിശ്രമം: ബാലസാഹിത്യകൃതികൾ മലയാളത്തിൽ ഉത്ഭവിച്ചിട്ട് അധികകാലമായിട്ടില്ല. ഒ. എം. ചെറിയാൻ പരിഭാഷപ്പെടുത്തിയ ഗള്ളിവരുടെ സഞ്ചാരകഥകൾ തുടങ്ങിയവ ഇതിലെ ആദ്യകൃതികളായി കണക്കാക്കാം. എന്നാൽ ബാലസാഹിത്യം ഒരു പ്രസ്ഥാനമെന്ന നിലയിൽ വളരുവാൻ തുടങ്ങിയതു് മാത്യു കുഴിവേലിയുടെ പരിശ്രമത്തോടുകൂടിയാണെന്നു പറയേണ്ടതുണ്ടു്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ബാലൻപബ്ലിക്കേഷൻസിൽനിന്ന് ഏതാനും ചില പുസ്തകങ്ങൾ കുട്ടികൾക്കുവേണ്ടി എഴുതി, കുട്ടികൾക്കുവേണ്ടി അച്ചടിപ്പിച്ച്, കുട്ടികൾക്കുവേണ്ടി പ്രസിദ്ധപ്പെടുത്തുവാൻ തുടങ്ങുകയും. 1947 മുതൽ ‘ബാലൻ’ എന്ന ഒരു പ്രതിവാരപ്പത്രംതന്നെ അവിടെനിന്നാരംഭിക്കയും ചെയ്തതോടുകൂടി പ്രസ്തുത പ്രസ്ഥാനത്തിനു് ഇവിടെ അടിത്തറ പാകി എന്നുപറയാം. കുട്ടികളുടെ മാനസിക നിലവാരമനുസരിച്ചു പുസ്തകങ്ങളെ പല ഗ്രേഡുകളായി തിരിച്ചു 200-ലധികം പുസ്തകങ്ങൾ അദ്ദേഹം സ്വന്തം പബ്ലിക്കേഷനിൽനിന്നു് ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. അവയിൽ നല്ലൊരുഭാഗം അദ്ദേഹംതന്നെ എഴുതിയിട്ടുള്ളതും മറ്റുള്ളവ അതിനു കഴിവുള്ള പണ്ഡിതന്മാരെക്കൊണ്ട് എഴുതിച്ചിട്ടുള്ളവയുമാണു്.

വെണ്മണി പി. വി. ചാക്കൊ : ബാലൻ പബ്ലിക്കേഷൻസ് ആരംഭിച്ച കാലഘട്ടത്തിൽത്തന്നെ ബാലസാഹിത്യത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മറ്റുചിലരും ഓർമ്മയിൽ വന്നുചേരുന്നു. അവരിൽ നമ്മുടെ ആദരവിനു അർഹനായ ഒരു സാഹിത്യപ്രണയിയാണു് വെണ്മണി പി. വി. ചാക്കൊ. ബാലലീല, ബാലദീപിക, ബാലശിക്ഷ, ബാലമിത്രം, പൂനിലാവു്, പൂമൊട്ടുകൾ എന്നിങ്ങനെ പല പേരുകളിൽ ഒട്ടുവളരെ ബാലസാഹിത്യകൃതികൾ ചാക്കൊ കൈരളിക്കു സംഭാവന ചെയ്തിട്ടുണ്ടു് . ബാലചേതസ്സുകൾക്ക് ഉണർവും ഉന്മേഷവും ഉൽബോധനവും നല്കുവാൻ സർവ്വഥാ പോരുന്നവയാണു് മേല്പറഞ്ഞവയിൽ അധികമെണ്ണവും.

ചാക്കോയെപ്പോലെതന്നെ ബാലസാഹിത്യത്തിൽ ധാരാളം മുതൽക്കൂട്ടു വർദ്ധിപ്പിച്ചിട്ടുള്ളവരാണു് കെ. കേശവൻനായർ, കെ. ആർ. ഭാസ്കരൻ, എം. ഒ. അവരാ, എ. പി. വാസുനമ്പീശൻ, അമ്പാടി ഇക്കാവമ്മ, കുട്ടേട്ടൻ, മാലി തുടങ്ങിയ തൂലികാപടുക്കളെന്നുകൂടി ഈയവരത്തിൽ പറഞ്ഞുകൊള്ളട്ടെ.