ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

ജർമ്മൻ കത്തുകൾ : ഡോക്ടർ ശ്രീകൃഷ്ണശർമ്മ മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണു്. 1957-ൽ അദ്ദേഹം പുസ്തകാകൃതിയിൽ പ്രകാശിപ്പിച്ചിട്ടുള്ള ജർമ്മൻകത്തുകൾ. പശ്ചിമജർമ്മനിയിലെ ജീവിതത്തിൽ ഗ്രന്ഥകാരനു് അനുഭവപ്പെട്ട പല വസ്തുതകളെപ്പറ്റിയും കത്തുകളിൽ പ്രതിപാദിച്ചിരിക്കുന്നു. സാ​ഗരസംസാരം, ഫ്രാൻസിലൂടെ ജമ്മനിയിൽ എന്നു തുടങ്ങി 34 ലേഖനങ്ങളാണു് പ്രസ്തുത സമാഹാരത്തിലുള്ളതു്. സാഗരസംസാരം എന്ന ആദ്യത്തെ ലേഖനത്തിൽ, ഗ്രന്ഥകാരൻ ബോംബെയിൽ നിന്നു കപ്പൽ കയറി ഫ്രാൻസിലെ പ്രധാന തുറമുഖമായ മാർസൈലിൽ ചെന്നുചേരുന്നതുവരെയുള്ള വിവിധാനുഭവങ്ങളുടെ ചേതോഹരമായ ഒരു ചിത്രം കുറിച്ചി രിക്കുന്നു, തുടർന്നുള്ള ഒരോ ലേഖനവും വിജ്ഞാനപ്രദവും ആകർഷകവുമാണ്. പശ്ചിമ ജർമ്മനിയിലേയും പൊതുവെ യൂറോപ്പിലേയും സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതരീതിയുടെ ഹൃദയാവർജ്ജകമായ അനുഭവങ്ങളാണ് പ്രതിഭാശാലിയായ ഗ്രന്ഥകാരൻ ഈ കത്തുകളിൽകൂടി പ്രകാശിപ്പിച്ചിട്ടുള്ളത്:

വിദേശങ്ങളിൽനിന്നും കുറെ കത്തുകൾ: ഡോക്ടർ എം. വി. പൈപലി ഈയിടെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിത്‌. അമേരിക്കയിലെ പഠനകാലത്തു് അദ്ദേഹം നിരീക്ഷിച്ചറിഞ്ഞ കാര്യങ്ങൾ ക്ലിഷ്ടത കൂടാതെ കുറിച്ചിട്ടുള്ളതാണു് മേല്പറഞ്ഞ കത്തുകൾ ഓരോ വിഷയവും വിജ്ഞാനബുഭുക്ഷുക്കൾക്കു വേണ്ട വക നല്കുവാൻ പോരുന്നതുതന്നെ.

‘തുറന്ന കത്തുകൾ’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുന്ന കത്തുകൾ യഥാർത്ഥത്തിൽ കത്തുകളല്ല. അവയിൽ ആത്മാർത്ഥതയുടെ അംശം കുറഞ്ഞിരിക്കുവാനേ വഴിയുള്ളു. കാര്യമാത്രപ്രസക്തമായ ചില വിവരണങ്ങളായിരിക്കും അങ്ങനെയുള്ളവ. കലയുടെ അംശവും അത്തരം കത്തുകളിൽ കാര്യമായി കലർന്നുകാണുകയില്ല.