ഗദ്യം പലവക
വിവേകാനന്ദസാഹിത്യസർവ്വസ്വം : സ്വാമിവിവേകാനന്ദൻ്റെ ജന്മദിന ശതാബ്ദിയോടനുബന്ധിച്ചു് അദ്ദേഹത്തിൻ്റെ വാങ്മയങ്ങൾ മുഴുവൻ ഏഴു വാള്യങ്ങളായി പ്രസിദ്ധീകരിക്കുവാൻ ശ്രമിച്ചുവരികയാണു്. തൃശൂർ വിലങ്ങൻകുന്നിലുള്ള രാമകൃഷ്ണമിഷൻ്റെ ആഭിമുഖ്യത്തിലാണു് പ്രസ്തുത കൃത്യം നിവ്വഹിച്ചുവരുന്നതു്. ഇതിനകം യോഗത്രയം, ജ്ഞാനയോഗം, ഉത്തിഷ്ഠഭാരത, സംഭാഷണങ്ങൾ ഇങ്ങനെ നാലു വാള്യങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഓരോന്നും ഭാഷാസാഹിത്യഭണ്ഡാഗാരത്തിനു് അനർഘ നിക്ഷേപങ്ങൾതന്നെ.
മാർക്സിസം: കാലത്തിൻ്റെ ഭാവിയിൽ മഹത്തായ ഒരു വ്യക്തിമുദ്ര പതിക്കുവാൻകഴിഞ്ഞിട്ടുള്ള ഒരു മഹാനാണു് കാറൽമാർക്സ്. ദാരിദ്ര്യമില്ലാത്ത ഒരു ഭാവിയെ അദ്ദേഹം ലോകത്തിനു വാഗ്ദാനം ചെയ്തു. ദരിദ്ര്യം നീക്കിത്തരാമെന്ന് അദ്ദേഹത്തിനുമുമ്പ് അവതരിച്ചിട്ടുള്ള ഒരു പ്രവാചകനും പറഞ്ഞിട്ടില്ല. അങ്ങനെ സ്ഥിതിസമത്വസിദ്ധാന്തമെന്ന തത്ത്വസംഹിതയിൽക്കൂടി ലോകത്തിനു പുതിയൊരാശയം നൽകിയ മാർക്സ് പുതിയ യുഗത്തിൻ്റെ ഒരു പ്രവാചകനായിത്തീർന്നിരിക്കയാണു്. അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങൾ അഥവാ മാർക്സിസത്തിലെ അടിസ്ഥാന തത്ത്വങ്ങൾ വിവരിക്കുന്ന അനേകം കൃതികൾ മലയാളത്തിൽ ഉടലെടുത്തിട്ടുണ്ട്. മലബാർ കെ. ദാമോദരനാണു് അത്തരം കൃതികളിൽ അധികവും എഴുതിയിട്ടുള്ളതു്. മാർക്സിസത്തിനു് ഒരു മുഖവുര, മാർക്സിസവും ഭൗതികവാദവും, മാർക്സിസവും തത്ത്വശാസ്ത്രവും, മുതലാളിത്തം, സോഷ്യലിസവും കമ്മ്യൂണിസവും എന്നിങ്ങനെയുള്ള വിഷയങ്ങളെ പുരസ്ക്‌കരിച്ചു പത്തിലധികം മാർക്സിസ്‌റ്റുഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഭാഷയുടെ മുതൽക്കൂട്ടു വർദ്ധിപ്പിക്കുവാൻ ഇവയോരോന്നും ഉപകരിക്കുന്നവതന്നെയാണു്.
സർവ്വോദയഗ്രന്ഥങ്ങൾ: ഭൂദാനയജ്ഞം മുതലായ വിഷയങ്ങളെ സംബന്ധിച്ചു് വിനോബാജി, ശങ്കർറാവുദേവ് തുടങ്ങിയ നേതാക്കന്മാർ എഴുതിയിട്ടുള്ള ഇരുപതോളം ലഘുകൃതികളുടെ വിവർത്തനങ്ങളും മലയാളത്തിൽ വന്നിട്ടുണ്ടു്. പ്രസ്തുത തത്ത്വസംഹിതകളും ഭാഷയുടെ സമ്പത്തു വർദ്ധിപ്പിക്കുവാൻ പോരുന്നവതന്നെ.
