ഗദ്യം പലവക
ജീവിതക്രമവും ജീവിതമഹത്ത്വവും: പ്രഫ്‌സർ എ. ഗോപാലമേനോൻ എം. എ., ബി. കോം. ചെയ്തിട്ടുള്ള രണ്ടു വിവർത്തനങ്ങളാണിവ. സുപ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ മൊണ്ടയിൻ്റെ ഏതാനും പ്രബന്ധങ്ങളെ ‘ജീവിതക്രമം’ എന്ന പേരിലും, അമേരിക്കയിലെ സുപ്രസിദ്ധ ചിന്തകനായ എമേഴ്‌സൻ്റെ ഏതാനും പ്രബന്ധങ്ങളെ ‘ജീവിതമഹത്വം’ എന്ന പേരിലും അദ്ദേഹം വിവർത്തനം ചെയ്തിട്ടുള്ളതു് എടുത്തുപറയത്തക്കവയാണു്. മൂന്നുനാലു ദശാബ്ദങ്ങൾക്കു മുമ്പുണ്ടായ ചില തർജ്ജമകളാണിവയെന്നുകൂടി പറയേണ്ടതുണ്ടു്.
ബേക്കൻ്റെ പ്രസംഗങ്ങൾ: ബേക്കൻ്റെ പ്രസംഗങ്ങൾ പ്രസിദ്ധമാണ്. ‘മിതം ച സാരം ച വചോഹി വാശിതാ’ എന്ന ലക്ഷണം സമ്പൂർണ്ണമായിട്ടുള്ളതാണു് ബേക്കൻ്റെ വാങ്‌മയങ്ങൾ. പത്രാധിപ മൂർദ്ധന്യനായ കെ. സി. മാമ്മൻമാപ്പിള അത്തരം പ്രസംഗങ്ങളിൽ ഏതാനുമെണ്ണം വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് മേൽപ്രസ്താവിച്ച ‘ബേക്കൻ്റെ പ്രസംഗങ്ങൾ.’
സ്വാതന്ത്ര്യത്തിലേക്ക്: അമേരിക്കൻ ചിന്തകന്മാരിൽ ഒന്നാംകിടയിൽപ്പെട്ട ബിഷപ്പ് ഷീൻ എഴുതിയിട്ടുള്ള Freedom Under God എന്ന കൃതിയെ കുരിയാക്കോസ് ഏണേക്കാടൻ വിവർത്തനം ചെയ്തിട്ടുള്ളതാണു് ‘സ്വാതന്ത്ര്യത്തിലേക്ക്” എന്ന കൃതി. സ്വാതന്ത്ര്യത്തിൻ്റെ വിവിധ വശങ്ങളെ സമഗ്രമായി ഇതിൽ ചർച്ചചെയ്തിരിക്കുന്നു.
ഗാന്ധിസാഹിത്യം: ഗാന്ധിജിയെപ്പറ്റിയുള്ള ഒട്ടുവളരെ കൃതികൾ മലയാളത്തിൽ ഇതിനകം ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അവയ്ക്കു പുറമേ ഗാന്ധിസ്മാരകനിധിയുടെ കേരളശാഖ ഗാന്ധിസാഹിത്യം മുഴുവൻ ഏഴു വാല്യങ്ങളായി 1962-ലും 1963-ലുമായി മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഗാർഹികജീവിതം, സാമൂഹ്യജീവിതം, രാഷ്ട്രതന്ത്രം, തത്ത്വചിന്തയും മതവും, അത്ഥശാസ്ത്രം, വിദ്യാഭ്യാസം, തിരഞ്ഞെടുത്ത കത്തുകൾ ഇവയാണു പ്രസ്തുത വാള്യങ്ങൾ. എ. പി. വാസുനമ്പീശൻ, എൻ. കെ. ദാമോദരൻ, ഒ. എം. അനുജൻ, കെ. എസ്. നാരായണപിള്ള തുടങ്ങിയവരാണു് വിവർത്തകന്മാർ.
