ഗദ്യം പലവക
“ഗദ്യപദ്യാത്മകമായ ഈ തർജ്ജമയെപ്പറ്റി ഞാൻ എന്തെങ്കിലും പറയുന്നതു് അനാവശ്യമെന്നുമാത്രമല്ല, അധികപ്രസംഗംകൂടിയായേക്കും: പദ്യങ്ങൾപോലെതന്നെ ചന്തവും അന്തസ്സും തികഞ്ഞവയാണു് വള്ളത്തോളിൻ്റെ ഗദ്യങ്ങളും. പദ്യം, ഗദ്യം. സ്വകൃതി, തർജ്ജമ എന്നീ വ്യത്യാസങ്ങൾ വള്ളത്തോൾത്തൂലികയ്ക്കറിഞ്ഞുകൂടാ; രണ്ടിനങ്ങളിലും അതു് അന്യാദൃശമായ നൈപുണ്യത്തോടെ വ്യാപരിക്കും.” ചില ഗദ്യഭാഗങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം:
“അപക്വഹൃദയനായ ഞാൻ അറിവില്ലാഞ്ഞു ചോദിക്കയാണു്. ദേവന്മാരുടെ ഈ തത്ത്വങ്ങൾ നിഗൂഢങ്ങളാണല്ലോ. സർവ്വനിവാസഭൂതനായ സൂര്യങ്കൽ മേധാവികൾ ഏഴു നൂലുകളെ ‘ഊടി’ന്നായി പരത്തി വരുന്നു.”
“അജ്ഞനായ ഞാൻ അഭിജ്ഞരായ ക്രാന്തദർശികളോട്, അറിഞ്ഞുകൊണ്ടല്ല. അറിയാൻവേണ്ടി ചോദിക്കയാണു്. ഈ ആറു ലോകങ്ങളെ ആര് ഉറപ്പിച്ചുവോ, ആ അജൻ്റെ സ്വരൂപത്തിൽ ഒന്നുള്ളതു് എന്തവാ?”…
“പന്തീരണ്ടു് ഏർക്കാലുകളുള്ളതും പഴക്കം വരാത്തതുമായ സത്യ സ്വരൂപൻ്റെ തേർചക്രം വാനിനെ ചുറ്റിനടക്കുന്നു. അഗ്നേ, അതിൽ എഴുനൂറ്റിരുപതു് ആൺ-പെൺമക്കൾ കുടികൊള്ളുന്നുണ്ടു്!”* (ഋഗ്വേദസംഹിത, ഒന്നാം വാള്യം, പേജ് 354 – 355)
വേദസ്വരൂപത്തെപ്പറ്റി ആമുഖത്തിൽ കുറിച്ചിട്ടുള്ള ചില വരികൾകൂടി ഉദ്ധരിച്ചുകൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കാം. “ഋഗ്വദം ഓത്തിനു (ഉറക്കെ ചൊല്ലുന്നതിനു്) ഉപയോഗിക്കുന്ന മന്ത്രങ്ങളുടെ ഒരു സംഹിതയാണ്. ആകെ പത്തു മണ്ഡലങ്ങളിലായി വിഭജിച്ചിട്ടുള്ള 1017 സൂക്തങ്ങളും 10,472 ഋക്കുകളും ഋഗ്വേദത്തിലടങ്ങിയിരിക്കുന്നു.” “ഋഗ്വേദസൂക്തങ്ങൾ മിക്കവയും സ്തുതികളാണു്. ദേവന്മാരെ സ്തുതിച്ചു പ്രീതിപ്പെടുത്തി അവരോടു ചെയ്യുന്ന പ്രാർത്ഥനകളാണ്. അങ്ങനെയല്ലാതെയും ചില സൂക്തങ്ങൾ, വിശേഷിച്ചും പത്താം മണ്ഡലത്തിൽ കാണുന്നുണ്ട്. ക്ഷേമത്തിനും സമ്പത്തിനും, വിരോധികളിൽനിന്നുള്ള രക്ഷയ്ക്കും അവരോടെതിർക്കുമ്പോൾ സാഹായത്തിനുമുള്ള അർത്ഥനകളാണു് മിക്കവയും “
